Monday, September 4, 2023 12:58 AM IST
ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) മുന്നണിയുടെ ഏറ്റവും മികച്ച നേട്ടം, രാജ്യത്തുടനീളമുള്ള 28 പ്രതിപക്ഷ പാർട്ടികളുടെ 63 നേതാക്കൾ മുംബൈയിൽ യോഗം ചേരുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും പിന്നീട് സമവായം ആവശ്യമായ ചില കാര്യങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തു എന്നതാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് വലിയ വെല്ലുവിളി ഉയർത്തുക എന്ന പ്രധാന ലക്ഷ്യം യോഗത്തിൽ ശക്തമായി ആവർത്തിച്ചു. എന്നിരുന്നാലും, അജണ്ട വെളിപ്പെടുത്താതെ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തെക്കുറിച്ചും, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യതകൾ ആരായാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയമിച്ചതിനെക്കുറിച്ചുമുള്ള ചർച്ചകൾക്ക് യോഗം കൂടുതൽ സമയം ചെലവഴിച്ചു.
‘ഇന്ത്യ’ സമ്മേളനത്തിന്റെ മുഴുവൻ അജണ്ടയും വഴിതിരിച്ചുവിടാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കമായിരുന്നു അത്. ചർച്ച ചെയ്യേണ്ട വിഷയങ്ങൾ പ്രഖ്യാപിക്കാതെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും, ഇന്ത്യൻ രാഷ്ട്രീയത്തിലും ഭരണഘടനയിലും ഫെഡറലിസത്തിലും വ്യാപകമായ സ്വാധീനം ചെലുത്തുന്ന ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന്റെ പ്രത്യാഘാതങ്ങളും മുംബൈ യോഗം ആശങ്കയോടെ ചർച്ച ചെയ്തു.
വഴിതിരിച്ച തന്ത്രങ്ങൾ
ഇന്ത്യാ സമ്മേളനത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കായുള്ള ഏകീകൃത നീക്കങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രൂപപ്പെട്ടിരുന്നുവെങ്കിൽ, അടുത്തു നടക്കാനിരിക്കുന്ന ഏതാനും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടിംഗിൽ അത് സ്വാധീനം ചെലുത്തുമായിരുന്നു.
എന്നാൽ, മുൻ രാഷ്ട്രപതിയുടെ നേതൃത്വത്തിലുള്ള പാർലമെന്റ് പാനൽ പെട്ടെന്നു പ്രഖ്യാപിച്ചതിലൂടെ ഞെട്ടലും അമ്പരപ്പും സൃഷ്ടിക്കാനും മുംബൈ സമ്മേളനത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനും പ്രതിപക്ഷത്തിന്റെ യോജിച്ച നടപടിയെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവയ്പിക്കാനും കഴിഞ്ഞത് എൻഡിഎയിലെ സമർഥരായ പോൾ മാനേജർമാരുടെ സ്വാധീനമാണ് കാണിക്കുന്നത്.
പെട്രോളും പാചകവാതകവും
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതിലൂടെ ഇടത്തരക്കാരുടെയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെയും സഹതാപം നേടിയെടുത്തു. ഇത് അവശ്യസാധനങ്ങളുടെ വില കുറയ്ക്കുന്നതിനും കുടുംബങ്ങളുടെ മറ്റ് ആവശ്യങ്ങൾക്കും ഗുണകരമാകുമെന്നത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ സഹായിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചതുവഴി സാമ്പത്തികമായി ദുർബലരായ തൊഴിലാളിവർഗം പ്രധാനമായും ആശ്രയിക്കുന്ന ഭക്ഷണശാലകളിൽ വിലക്കുറവിന് അവസരമുണ്ടാകുന്നു. അവർ ഉത്പാദിപ്പിക്കുന്ന പാനീയങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും വിലക്കുറവുണ്ടാകുന്നത് പല മേഖലകളിലും അനുകൂലമായ സ്വാധീനം ചെലുത്തും.
എന്തിനധികം, കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഗുജറാത്തിലെ എസ്സി-എസ്ടി സംവരണത്തിൽ എൻഡിഎ ഉചിതമായ മാറ്റങ്ങൾ വരുത്തിയിരുന്നു.
ഡൽഹിയിലെ ജെഎൻയുവിൽനിന്നടക്കമുള്ള വിദ്യാസമ്പന്നരായ യുവനേതാക്കളെ ഉൾപ്പെടുത്തി ഗുജറാത്തിലെ കോൺഗ്രസ് ഘടകം സജീവമാക്കിയിരുന്നു. ഇത് സംസ്ഥാനത്തെ ബിജെപിക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജാതി, സാമുദായിക, ഭൂമിശാസ്ത്രപരമായ താത്പര്യങ്ങളുള്ള പ്രാദേശിക പാർട്ടികളുടെ വളർച്ചയെ നേരിടാൻ വരും മാസങ്ങളിൽ ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളിലും ബിജെപി അത്തരം പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് സ്വാഭാവികമായും പ്രതീക്ഷിക്കാം.
ഈ രാഷ്ട്രീയശക്തികളെയെല്ലാം ഒരു കുടക്കീഴിൽ സംയോജിപ്പിക്കാൻ ഇന്ത്യാ മുന്നണി ശ്രമിക്കുമ്പോൾ എൻഡിഎയ്ക്ക് അത്ര സുഖകരമായ സാഹചര്യമല്ല. ആർഎസ്എസ് ഭൂരിപക്ഷ സമുദായങ്ങൾക്കിടയിൽ സുസംഘടിതവും കാര്യക്ഷമമായി പ്രവർത്തിക്കുന്നതുമായ മേഖലകളിൽ മാത്രമാണ് എൻഡിഎ ശക്തമായിട്ടുള്ളത്.
പോരാട്ടത്തിന് ഇനിയും വളരണം
മതനിരപേക്ഷ മുന്നണിയുടെ കെട്ടുറപ്പിന് അടിയന്തരമായി ഇടപെടേണ്ട പല പ്രശ്നങ്ങളുമുണ്ട്. കൺവീനറോ നേതാവോ ആയി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധി ഗ്രൂപ്പിന്റെ കൺവീനർ ആകണമെന്ന് ലാലുപ്രസാദ് യാദവ് ആഗ്രഹിച്ചിരുന്നു. എന്നാൽ, പാർട്ടിക്കുള്ളിൽ തന്റെ റോളിൽ ഒതുങ്ങിനിൽക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് രാഹുൽ ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ഒരു ഏകീകൃത സംഘം വേണമെന്നായിരുന്നു മമതയുടെ ആവശ്യം. ഉദ്ദേശ്യത്തിൽ പ്രതിബദ്ധതയുണ്ട്. എന്നാൽ, പോരാട്ടം ഏറ്റെടുക്കാൻ തയാറുള്ള ഒരു ഗ്രൂപ്പായി മാറാൻ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കളികളിൽ പ്രാവീണ്യമുള്ളവരും അതിശയകരമായ വിഭവങ്ങളുടെ പിന്തുണയുള്ളവരുമായ ശത്രുക്കളുടെ പ്രേരണകളിൽ വീഴാതിരിക്കാൻ ഗ്രൂപ്പ് അംഗങ്ങൾ ഉറച്ചുനിൽക്കണം.
പരീക്ഷണകാലം
കേരളത്തിൽ കോൺഗ്രസിനെയും യുഡിഎഫിനെയും എതിർക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഇനി പരീക്ഷണമാണ്. ഇന്ത്യ മുന്നണി വിജയിക്കണമെങ്കിൽ ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ, വിട്ടുവീഴ്ചകളും കൊടുക്കൽ-വാങ്ങലുകളും എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുക്കണം.
വിവിധ പ്രേരണകളെ പരാജയപ്പെടുത്തുന്നതിനുള്ള ത്യാഗങ്ങൾ ചെയ്യുകയും അവകാശവാദങ്ങൾ ഉപേക്ഷിക്കുകയും ചെയ്യണം. യഥാർഥത്തിൽ ‘ഇന്ത്യ’ ഇപ്പോൾ പരീക്ഷണത്തിലാണ്. തെരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ, അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാക്കാനും ഒറ്റക്കെട്ടായി ഒരുമിച്ചു പ്രവർത്തിക്കാനും അധികാരവും സ്ഥാനങ്ങളും കൈവിടാൻ കൂട്ടാക്കാതെ അധികാരത്തിലിരിക്കുന്നവരെ നേരിടാനുമുള്ള അവസാന റൗണ്ടിന് തയാറെടുക്കേണ്ട സമയമാണിത്.
വെല്ലുവിളി ഉയർത്തുന്ന ‘ഇന്ത്യ’
ഐഡിഎഫ്സി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ സംസ്ഥാന നിയമസഭയിലും ലോക്സഭയിലും ഒരേസമയം തെരഞ്ഞെടുപ്പുണ്ടായാൽ രണ്ടിടത്തേക്കും ഒരേ രാഷ്ട്രീയ പാർട്ടിയെയോ സഖ്യത്തെയോ വോട്ടർമാർ തെരഞ്ഞെടുക്കാൻ 77 ശതമാനം സാധ്യതയുണ്ടെന്ന് പ്രാദേശിക പാർട്ടികളുടെ ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഒറ്റ തെരഞ്ഞടുപ്പിൽ ലോക്സഭയിലേക്ക് വോട്ടർമാർ ബിജെപിയെ തെരഞ്ഞെടുത്താൽ സംസ്ഥാനങ്ങളിലും തങ്ങൾക്കു ഗുണംചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുവെന്നതാണ് ഇക്കൂട്ടരുടെ ഭയം.
എന്നിരുന്നാലും, ഒരു രാജ്യം ഒരു വോട്ടെടുപ്പ് സിദ്ധാന്തം ഇന്ത്യാ മുന്നണിയുടെ നേതാക്കളെ ഒരുമിച്ച് നിർത്താനും രാഷ്ട്രീയ അതിജീവന കാരണങ്ങളാൽ ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടാനും പ്രേരിപ്പിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കാനും ഭാവി തെരഞ്ഞെടുപ്പുകളിൽ അവരെ പരാജയപ്പെടുത്താനുമുള്ള ചർച്ചകളിലേക്കും കേന്ദ്രീകരിച്ചു.
ഇന്ത്യ ഗ്രൂപ്പ് യുദ്ധത്തിന് തയാറായിക്കഴിഞ്ഞു. 14 അംഗ ഏകോപന സമിതിയും തെരഞ്ഞെടുപ്പുതന്ത്ര സമിതിയും ഉൾപ്പെടെ അഞ്ചു സമിതികൾ രൂപീകരിച്ച് 2024ലെ തെരഞ്ഞെടുപ്പിൽ ഒരുമിച്ചു പ്രചാരണം നടത്താൻ തീരുമാനിച്ചു. എന്നിരുന്നാലും, ഒരു കൺവീനറെ തീരുമാനിക്കാനോ ചിഹ്നം പുറത്തിറക്കാനോ ഗ്രൂപ്പിനു കഴിഞ്ഞില്ല. ചിഹ്നത്തിന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു, പ്രത്യേകിച്ച് ഇടതുപക്ഷത്തുനിന്ന്.
പൊതുസന്ദേശം പ്രചരിപ്പിക്കുന്നതിനും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനുമായി ഒരു സോഷ്യൽ മീഡിയ ടീം രൂപീകരിക്കുന്നുണ്ട്. സീറ്റ് പങ്കിടൽ നടപടികളിൽ തീരുമാനങ്ങൾ കൈക്കൊള്ളണം, അങ്ങനെ എല്ലാവരും തമ്മിൽ ധാരണയുണ്ടാക്കും. ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്തിയേക്കാമെന്നും ഇന്ത്യാ മുന്നണി വേഗത്തിൽ തയാറാകാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കെജരിവാളിനെപ്പോലുള്ള നേതാക്കൾ കരുതുന്നു.
ഓരോരുത്തരുടെ നിലനിൽപ്പിന് ഭീഷണിയാകാതെ ഐകരൂപ്യം കൊണ്ടുവരിക എന്നതായിരുന്നു സമ്മർദം. പൊതുഅജണ്ടയുടെയും പ്രകടനപത്രികയുടെയും ആവശ്യകതയെക്കുറിച്ചു പറഞ്ഞ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അത് ഒക്ടോബർ രണ്ടിന് ന്യൂഡൽഹിയിലെ രാജ്ഘട്ടിൽ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടെ, ഒമ്പത് പ്രാദേശിക പ്രതിപക്ഷ പാർട്ടികൾ മുന്നണിയിൽ ചേരാൻ അഭ്യർഥിക്കുകയും ചെയ്തു.
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ