Saturday, September 9, 2023 1:39 AM IST
ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചകോടി വ്യത്യസ്തവും സമാനതകളില്ലാത്തതുമാണെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. വികസ്വര രാജ്യങ്ങളുടെ മുൻഗണനകളിലും ആശങ്കകളിലുമാണ് ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ജി 20യുമായി ബന്ധപ്പെട്ട യോഗങ്ങളിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശബ്ദം ഉയർന്നു കേൾക്കുകയും കാലാവസ്ഥാ പ്രവർത്തനവും സാമ്പത്തികസഹായവും, ഊർജ സംക്രമണ പ്രവർത്തനങ്ങൾ, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നടപ്പിലാക്കൽ, സാങ്കേതിക പരിവർത്തനം തുടങ്ങിയ മേഖലകളിലെ പ്രതീക്ഷകൾ വാനോളം ഉയരുകയും ചെയ്തു. ജി 20 പരിപാടികളിലും പ്രവർത്തനങ്ങളിലും രാജ്യത്തുടനീളം കണ്ട വിപുലമായ ജനപങ്കാളിത്തമാണ് ഇന്ത്യയെ ഒരു അസാധാരണ ജി 20 അധ്യക്ഷ രാജ്യമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.
അധ്യക്ഷപദം സർക്കാരിന്റെ ഉന്നത തലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയില്ല. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെ, ഇന്ത്യയുടെ ജി 20 അക്ഷരാർഥത്തിൽ “ജനകീയ ജി 20” ആയി മാറി.
ജി 20യുടെ ഭാഗമായി 60 നഗരങ്ങളിലായി ഏകദേശം 220 യോഗങ്ങൾ നടന്നു. ഏകദേശം 30,000 പ്രതിനിധികൾ പങ്കെടുത്തു. അനുബന്ധ പരിപാടികളിൽ ലക്ഷത്തിലധികം പേർ ഭാഗഭാക്കായി. കൂടാതെ വ്യത്യസ്ത മാർഗങ്ങളിലൂടെ ജനങ്ങളുമായി ഇടപഴകിയ ജി 20, രാജ്യത്തിന്റെ സമസ്ത കോണുകളിലെയും പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കി. ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങൾ സജീവമായ ജനകീയ പങ്കാളിത്തം ഉത്സാഹപൂർവം പ്രോത്സാഹിപ്പിച്ചു.
വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതു സമൂഹം ഉൾപ്പെടെയുള്ളവരുടെ ആവേശകരമായ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ മന്ത്രാലയം ജനപങ്കാളിത്ത പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന, ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, സ്കൂൾ തലങ്ങളിൽ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടികൾ ജി 20 ഉച്ചകോടി സംബന്ധിച്ചും, ദേശീയ വിദ്യാഭ്യാസ നയം, അടിസ്ഥാന പഠനവും സംഖ്യാശാസ്ത്രവും തുടങ്ങി ഇന്ത്യയുടെ അധ്യക്ഷതാ കാലയളവിലെ പ്രധാന മുൻഗണനകൾ സംബന്ധിച്ചും അവബോധം വളർത്തി. 15.7 കോടി വിദ്യാർഥികളും 25.5 ലക്ഷം അധ്യാപകരും പൊതു സമൂഹത്തിലെ 51.1 ലക്ഷം പേരും ഉൾപ്പെട്ട ഈ പരിപാടികളിൽ 23.3 കോടിയിലധികം പേർ പങ്കാളികളായി.
എന്നിരുന്നാലും, പങ്കെടുത്ത സംഖ്യകൾക്കുമപ്പുറമാണ് ജനപങ്കാളിത്തത്തിന്റെ സാരാംശം. വിജ്ഞാനപ്രദമായ ജി 20 യൂണിവേഴ്സിറ്റി കണക്ട് ലെക്ചർ പരമ്പര മുതൽ സംവേദനാത്മക മാതൃകയിലുള്ള ജി 20 യോഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രത്യേക ജി 20 കലാംശങ്ങൾ, പ്രമുഖ ഉത്സവങ്ങളിലെ ജി 20 പവലിയനുകൾ, ക്വിസ് മത്സരങ്ങൾ, സെൽഫി മത്സരങ്ങൾ, പ്രേരണാദായകമായ ജി 20 ഇന്ത്യാ കഥകൾ എന്നിങ്ങനെ ആകർഷകമായ ഒരു കൂട്ടം പ്രവർത്തനങ്ങൾ വ്യാപകവും ആവേശഭരിതവുമായ പങ്കാളിത്തം പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. കർമസമിതികൾ പൊതുജന പങ്കാളിത്തം വർധിപ്പിക്കുന്നതിന് നൂതനമായ മാർഗങ്ങൾ ആവിഷ്കരിച്ചു.
ജി 20 അടിസ്ഥാന സൗകര്യ കർമസമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനത്തിൽ ജി 20 സൈക്ലോത്തണും മോട്ടോർ ബൈക്ക് റാലിയും സംഘടിപ്പിച്ചത് ശ്രദ്ധേയമായി.
ഇന്ത്യയുടെ ജി 20 അധ്യക്ഷത രാജ്യത്തിന്റെ സഹകരണ ഫെഡറലിസത്തിന്റെ വ്യതിരിക്തമായ മാതൃക ഉയർത്തിക്കാട്ടുന്നു. ജി 20 പ്രതിനിധികളെ സ്വാഗതം ചെയ്യാനും തദ്ദേശീയമായും പ്രാദേശികവുമായും ആവേശം ജനിപ്പിക്കാനും തനത് പാരമ്പര്യങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മത്സരിച്ചു.
പല സന്ദർഭങ്ങളിലും, അത്തരം പ്രദർശനങ്ങൾ വികസന സംരംഭങ്ങൾ നടപ്പിലാക്കാനുള്ള അവസരമായി മാറി. മണിപ്പൂരിലെ ലോക്തക് തടാകത്തിന്റെ പുനരുദ്ധാരണം, മുംബൈയിലെ നഗര ശുചിത്വ പ്രചാരണം, ലക്നൗവിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉദാഹരണങ്ങളാണ്. ഈ സമന്വയത്തിലൂടെ ആഗോള വേദിയിൽ തദ്ദേശീയ സാംസ്കാരിക പൈതൃകങ്ങളും കരകൗശല നൈപുണ്യവും പ്രദർശിപ്പിക്കുക മാത്രമല്ല, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ചെയ്തു. പല പ്രതിനിധികളും “ഒരു ജില്ല, ഒരു ഉത്പന്നം” സംരംഭങ്ങളുടെ സമൃദ്ധി കാണുകയും കരകൗശല കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്തു.
ഇതിലൂടെ ഇന്ത്യയുടെ ആകർഷകമായ പ്രകൃതിദൃശ്യങ്ങളും വാസ്തുവിദ്യാ വൈഭവവും ഫലപ്രദമായി അനാവരണം ചെയ്യപ്പെട്ടു. കോവിഡിനു ശേഷമുള്ള വിനോദസഞ്ചാരത്തിൽ ശക്തമായ പുനരുജ്ജീവനത്തിന് തിരികൊളുത്തി. തീർച്ചയായും, രാജ്യത്തുടനീളം ജി 20 പരിപാടികൾ നടപ്പിലാക്കിയതിലൂടെയുള്ള സാമ്പത്തിക നേട്ടങ്ങൾ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യമെമ്പാടും ജി 20 ആഘോഷിക്കുന്നതിലൂടെ, ഇന്ത്യക്കും ലോകത്തിനും പ്രയോജനപ്രദമായ ഒരു പാൻ-ഇന്ത്യൻ അനുഭവം സൃഷ്ടിക്കാൻ നാം ശ്രമിച്ചു. മൊത്തത്തിൽ, അത് ഇന്ത്യയെ ലോക കേന്ദ്രീകൃതമാക്കുകയും ലോകത്തെ കൂടുതൽ ഇന്ത്യാ-കേന്ദ്രീകൃതമാക്കുകയും ചെയ്തുവെന്ന് ഗൗരവമായി അനുമാനിക്കാം.
വിവിധ കർമസമിതികളും കൂട്ടായ്മകളും ആഗോള വിഷയങ്ങളിൽ സാമൂഹിക താത്പര്യവും പ്രതിബദ്ധതയും സൃഷ്ടിക്കുന്നതിനുള്ള ശക്തമായ വേദികളായി മാറി. ശാസ്ത്രം പോലുള്ള മേഖലകളിൽ, നാം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികൾ നേരിടാൻ ഒരു സഹകരണാത്മക ചിന്തയ്ക്കും യോഗം സംഭാവന നൽകിയിട്ടുണ്ട്. അതുപോലെ, തൊഴിൽ മേഖലയിൽ പരസ്പര പ്രയോജനപ്രദമായ കാര്യങ്ങളിൽ അനുഭവങ്ങളുടെ കൈമാറ്റത്തിന് അവസരമൊരുങ്ങി.
പ്രത്യേക സ്വാധീനം ചെലുത്തുകയും ജനപങ്കാളിത്ത സമീപനത്തിന്റെ ശക്തമായ സാധൂകരണവുമായിരുന്നു യൂത്ത് 20. 1563 യോഗങ്ങളിലായി 1,25,000ലധികം പ്രതിനിധികൾ പങ്കെടുത്തത് ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് ഊർജം പകർന്നത് ശ്രദ്ധേയമാണ്. സിവിൽ 20 മാത്രം ലോകമെമ്പാടുമുള്ള 45 ലക്ഷം ആളുകളെ സ്പർശിച്ചു. ജി 20 പ്രക്രിയയിലെ ഒരു പ്രധാന ഉപകരണമായി സമൂഹ മാധ്യമങ്ങൾ ഉയർന്നുവന്നു. സമൂഹ മാധ്യമങ്ങൾ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയും ജനകീയ ഇടപഴകലുകളെ ഊർജസ്വലമാക്കുകയും ചെയ്തു. അതിന്റെ ഫലമായി 14 ട്രില്യൺ സമൂഹ മാധ്യമ ഇംപ്രഷനുകൾ സൃഷ്ടിക്കപ്പെട്ടു.
ജനപങ്കാളിത്തത്തിൽ രണ്ടു ലോക റിക്കാർഡുകൾ സൃഷ്ടിക്കപ്പെട്ടു. വാരാണസിയിൽ നടന്ന ജി 20 ക്വിസിൽ 800 സ്കൂളുകളിൽ നിന്നുള്ള 1.25 ലക്ഷം വിദ്യാർഥികളുടെ പങ്കാളിത്തമായിരുന്നു ഒന്ന്. ഒപ്പം, 450 ലംബാനി കരകൗശല വിദഗ്ധർ 1,800ഓളം അദ്വിതീയവും അതിശയകരവുമായ സൃഷ്്ടികളിലൂടെ അവരുടെ കഴിവുകളും കരകൗശല വൈദഗ്ധ്യവും പ്രദർശിപ്പിച്ചു.
നമ്മുടെ കൂട്ടായ പ്രതീക്ഷകൾക്കും നിർണായക വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള വിശാലമായ സംവാദങ്ങൾക്കും ചർച്ചകൾക്കും ഇന്ത്യയുടെ അധ്യക്ഷത സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ പ്രമുഖമായത് സമൂഹം സ്വീകരിച്ചുവെന്ന് വ്യക്തമാകുന്ന സന്ദേശങ്ങൾ ആഗോള സമൂഹത്തിൽ പ്രതിഫലിക്കുമ്പോൾ മാത്രമേ ലക്ഷ്യം പ്രാവർത്തികമാകൂ. നമ്മുടെ ദൈനംദിന ശീലങ്ങളിൽ പരിസ്ഥിതി സൗഹൃദ പരിവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന LIFE (പരിസ്ഥിതി സൗഹൃദ ജീവിതശൈലി) ഒരു നല്ല ഉദാഹരണമാണ്. അതുപോലെ, ഡിജിറ്റൽ സേവനങ്ങൾ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നത് പതിവ് ഇടപാടുകളിൽ ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.
സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, സാമൂഹിക പുരോഗതിയിൽ അവർ വഹിക്കുന്ന സുപ്രധാന പങ്കിനെ എടുത്തുകാണിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഊന്നൽപോലും ആഗോള അഭിവൃദ്ധിയിലേക്കുള്ള കേന്ദ്രീകരണം സംബന്ധിച്ച് വലിയ അവബോധം ത്വരിതപ്പെടുത്തും. ‘മൻ കി ബാത്ത്’ പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ജി 20 അധ്യക്ഷതയെ ‘പീപ്പിൾസ് പ്രസിഡൻസി’ എന്നാണ് വിശേഷിപ്പിച്ചത്. കൃത്യമായ വിശേഷണവും പ്രചോദനവുമായിരുന്നു ഇത്. നമ്മുടെ രാജ്യത്തുടനീളമുള്ള ആശയങ്ങളുടെയും ഊർജത്തിന്റെയും പ്രസരണം അക്ഷരാർഥത്തിൽ അവിസ്മരണീയമായ ഒരു ജി 20 സൃഷ്ടിക്കാൻ സഹായിച്ചുവെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
എസ്. ജയശങ്കർ (കേന്ദ്ര വിദേശകാര്യ മന്ത്രി)