Saturday, September 9, 2023 10:45 PM IST
അനന്തപുരി /ദ്വിജന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി തരുന്ന പാഠങ്ങൾ പഠിക്കുവാൻ ഇടത്- വലത് മുന്നണികളും ബിജെപിയും തയാറാകുമോ? ‘എന്നെ തല്ലണ്ട മ്മാവാ ഞാൻ നന്നാകില്ല’എന്ന മനോഭവം വിട്ട് ജനവിധിയുടെ പാഠങ്ങൾ ഉൾക്കൊള്ളാൻ അവർ തയാറാകണം. അങ്ങനെ ചെയ്യാനായാൽ അത് അവർക്കും കേരളത്തിലെ ജനങ്ങൾക്കും ഇന്ത്യൻ ജനാധിപത്യത്തിനും നല്ലതാകും.
ഉമ്മൻ ചാണ്ടിയോടുള്ള സഹതാപംകൊണ്ടു മാത്രമാണ് ചാണ്ടി ഉമ്മൻ വൻവിജയം നേടിയതെന്ന് ഇടതുമുന്നണിയോ, സഹതാപംകൊണ്ടല്ല ഞങ്ങളുടെ മിടുക്കുകൊണ്ടു മാത്രമാണു ജയിച്ചതെന്ന് ജനാധിപത്യമുന്നണിയോ കരുതിയാൽ അത് യാഥാർഥ്യമാകില്ല. അതുപോലെ, ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പുഫലത്തിന്റെ പിന്നിൽ ഉണ്ടായിരുന്നില്ലെന്ന് ഇടതുമുന്നണി കരുതിയാലും യഥാർഥ്യമാകില്ല. ശക്തമായ രണ്ടു മുന്നണികളുള്ള കേരളത്തിൽ ബിജെപിക്ക് വേരു പിടിക്കാൻ ഇനിയും ഏറെക്കാലം വേണ്ടിവരുമെന്ന് അവരും മനസിലാക്കാതെ പോയാൽ അബദ്ധമാകും.
അവർക്ക് കൊടുക്കുന്ന വോട്ട് കേന്ദ്രത്തിൽ പ്രതിപക്ഷത്തെ ദുർബലമാക്കുമെന്നും സർക്കാരിന് അനുകൂലമാകുമെന്നുമുള്ള തിരിച്ചറിവ് ജനത്തിന് ഉള്ളിടത്തോളം കാലം ബിജെപിയുടെ പെട്ടി നിറയാനിടയില്ല. അതിനർഥം അവർ വളരുന്നില്ലെന്നല്ല. ആശയപരമായ വളർച്ച നേടുന്നുണ്ട്. പക്ഷേ അത് നിർണായക വോട്ടാകാൻ ഏറെക്കാലം വേണ്ടിവരും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അസാധാരണമായി വൈകിയതും വോട്ടെണ്ണൽ ദിവസം രാവിലെ കൃത്യം എട്ടിന് സ്ട്രോംഗ് റൂം തുറക്കാൻ വൈകിയതുമെല്ലാം വളരെ ഗൗരവമായി കാണണം. ഇടത് സംഘടനക്കാരായ ഉദ്യോഗസ്ഥർ മനഃപൂർവം സൃഷ്ടിച്ച തകരാറാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് കൃത്യമായി ഉറപ്പാക്കണം. അതാണു സത്യമെങ്കിൽ കർശനമായ നടപടി ഉണ്ടാകണം. വോട്ടെടുപ്പ് അനിശ്ചിതമായി വൈകിയാൽ പലരും വോട്ട് ചെയ്യാതെ മടങ്ങുമെന്നറിയുന്നവർ മനഃപൂർവം ഉണ്ടാക്കിയ തകരാറാണോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. തെരഞ്ഞെടുപ്പ് സംവിധാനത്തെ ദുരുപയോഗിക്കാൻ ആരെയും അനുവദിക്കരുത്.
സന്തോഷം ദുഃഖമായി മാറും
തെരഞ്ഞെടുപ്പിലെ വന്പൻ വിജയം കണ്ട് അഹങ്കരിക്കാനും അടുത്ത തെരഞ്ഞെടുപ്പിൽ തനിക്കു സീറ്റ് ഉറപ്പിക്കാൻ മുന്നേ നടക്കുന്നവനെ മാത്രമല്ല ചുറ്റുമുള്ളവരെ പോലും ഒതുക്കാനും, എന്തിന് നിഗ്രഹിക്കാൻ പോലുമുള്ള കരുക്കൾ നീക്കാനും കെണികൾ ഒരുക്കുവാനും വരെ നോക്കിയാൽ ഈ സന്തോഷം കോണ്‍ഗ്രസിന് ദുഃഖമായി മാറും. സന്തോഷമായി മാറുന്ന ദുഃഖത്തെക്കുറിച്ചാണ് ലോകഗുരുവായ യേശു പഠിപ്പിച്ചത്. എന്നാൽ, ദുഃഖമായി മാറുന്ന സന്തോഷവും കലർന്നതാണ് ജീവിതമെന്ന് അനുഭവം പഠിപ്പിക്കുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിൽ 19ഉം സ്വന്തമാക്കിയ ജനാധിപത്യ മുന്നണിക്ക് 2021ൽ ഭരണം പിടിച്ചെടുക്കാനായില്ല. പിണറായിക്കു തുടർഭരണം ലഭിച്ചു. ചരിത്രം ആവർത്തിക്കാൻ അനുവദിക്കരുത്.
പുതുപ്പള്ളിയിലെ അന്പരപ്പിക്കുന്ന വിജയത്തിന് ഇടതുമുന്നണി ഭരണത്തോടുള്ള വിരുദ്ധവികാരത്തിനൊപ്പം അന്തരിച്ച ഉമ്മൻചാണ്ടിയോടുള്ള സ്നേഹവും അദ്ദേഹത്തോടു കാണിച്ച ക്രൂരതയ്ക്ക് ആ ഓർമയുടെ മുന്നിൽ പ്രായശ്ചിത്തം ചെയ്യണമെന്ന സുമനസുകളുടെ ആഗഹവും നിശ്ചയമായും കാരണമായിട്ടുണ്ട്. ചാണ്ടി ഉമ്മന്‍ ലഭിച്ച 80,144 വോട്ടിന് ഇതും കാരണമായി. കോണ്‍ഗ്രസും ജനാധിപത്യമുന്നണിയും ഉമ്മൻ ചാണ്ടിയുടെ കുടുംബവും ഒറ്റക്കെട്ടായി നിന്നതും ഒരു അപസ്വരവും ഉയരാതിരുന്നതും വിജയത്തിന് ഘടകമായി. ഏറെ ജനപ്രിയനായിരുന്ന കെ.എം. മാണിയുടെ മരണത്തെത്തുടർന്ന് പാലായിൽ മാണിയുടെ പാർട്ടി 5000 വോട്ടിന് തോറ്റതിനു പിന്നിൽ ഉണ്ടായത് മുന്നണിയിലെ അനൈക്യവും വഴക്കുകളും ആയിരുന്നില്ലേ?
പുതുപ്പള്ളിയിൽ ജനാധിപത്യ മുന്നണിയുടെ അനുഭാവികൾ മാത്രമല്ല, അവിടെ വേരോട്ടമുള്ള സിപിഎമ്മിന്റെയും കേരള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അനുഭാവികൾ ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്തുവെന്ന് കരുതാൻ ന്യായമുണ്ട്. അതുകൊണ്ടല്ലേ അവിടെ ഇടത് സ്ഥാനാർഥിയുടെയും ബിജെപി സ്ഥാനാർഥിയുടെയും വോട്ടുകൾ കുറഞ്ഞത്.? ബിജെപി മനഃപൂർവം മറിച്ചു കൊടുത്തുവെന്ന് വാദിച്ചാൽ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട വോട്ടുകളെക്കുറിച്ച് എങ്ങനെ വിശദീകരിക്കും. 2021ൽ ജെയ്ക്കിനു ലഭിച്ച 54,328 വോട്ട് എങ്ങനെ 42,435 വോട്ടായി.?
2016 ൽ പുതുപ്പള്ളിയിൽ ബിജെപിയുടെ ജോർജ് കുര്യനു ലഭിച്ച 15,993 വോട്ട് 2021 ൽ എൻ. ഹരിക്കായപ്പോൾ എങ്ങനെ 11,694 ആയി. 2021ൽ ഉമ്മൻ ചാണ്ടിക്ക് 10,000ത്തോളം വോട്ട് കുറഞ്ഞു, ജെയ്ക്കിന് 10, 000 വോട്ട് കൂടി. ആ ന്യായം വച്ചാണെങ്കിൽ ബിജെപി ജെയ്ക്കിന് മറിച്ചുകൊടുത്തുവെന്ന് കരുതാവുന്നതല്ലേ? പക്ഷേ യഥാർഥത്തിൽ സംഭവിച്ചത് എന്താകും? 2021 ൽ മാണി കേരള കോണ്‍ഗ്രസ് ജനാധിപത്യമുന്നണി വിട്ടതുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ നില പരുങ്ങലിലായി എന്ന സംശയം ഉണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് 2016ൽ ജെയ്ക്കിന്റെ 44,505 വോട്ട് 54,000 ആയത് എന്നു കരുതുന്നതല്ലേ യുക്തി? ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കുന്നതിന് ജെയ്ക്കിന് സാധിച്ചേക്കുമെന്നു കരുതി ചില ബിജെപിക്കാരും ജെയ്ക്കിന് വോട്ട് ചെയ്തിരിക്കാം. അഞ്ചു പതിറ്റാണ്ടായി വാഴുന്ന ഉമ്മൻ ചാണ്ടിയോടുള്ള അസൂയകൊണ്ട്. മാണി കേരളായ്ക്ക് മൂന്നു പഞ്ചായത്തുകളിൽ ഭരണമുണ്ടായിരുന്ന മണ്ഡലമാണ് പുതുപ്പള്ളി. 2021ൽ വാശിയോടെ ഉമ്മൻ ചാണ്ടിക്കെതിരേ വോട്ട് ചെയ്തവർ ഇക്കുറി ഉമ്മൻ ചാണ്ടിയോടു വലിയ അനീതി കാണിച്ചുവെന്ന പാപബോധംകൊണ്ട് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്തെന്നു കരുതുന്നതാണ് കൂടുതൽ ന്യായം.
ഇടതുമുന്നണി തീർന്നില്ല
ഈ മഹാപ്രവാഹത്തിലും ഇടതുമുന്നണിക്ക് അവിടെ 42,425 വോട്ട് നേടാനായി എന്നതു ചെറിയ കാര്യമല്ല. ജെയ്ക് അവകാശപ്പെടുന്നതുപോലെ അവരുടെ അടിത്തറയിൽ വലിയ ചോർച്ച ഉണ്ടായിട്ടില്ല. അനുഭാവികൾ തീർച്ചയായും ചോർന്നു. അവരിൽ നല്ല ഭാഗത്തെ തിരിച്ചുപിടിക്കാനും സാധിക്കും. അനുഭാവികളിൽ ചിലർ വോട്ട് മാറി കുത്തിയതിനു പിന്നിലെ വികാരം മനസിലാക്കി ധാർഷ്ട്യവും ധൂർത്തും അവസാനിപ്പിക്കാനും ജനങ്ങളെ ബഹുമാനിക്കാനും സാധിച്ചാൽ പ്രതീക്ഷയ്ക്കു വകയുണ്ട്. ജനങ്ങൾ തെരഞ്ഞെടുത്താൽ കിട്ടുന്ന ആനുകൂല്യങ്ങൾ ഉപയോഗിക്കുന്പോൾ അവരെ പരിഹസിക്കരുത്. നാട് പട്ടിണി കിടക്കുന്പോൾ ജനപ്രതിനിധികൾക്കെല്ലാം സപ്ലൈകോ സൗജന്യ കിറ്റ് നൽകുന്നതും ആളിന് 1300 രൂപ ചെലവിൽ പ്രമാണിമാർക്കായി സർക്കാർ ചെലവിൽ ഓണസദ്യ നടത്തുന്നതും ജനങ്ങളുടെ മനസിൽ കനലാകുന്ന പ്രവൃത്തികളാണ്.
ഇടതു കെണികളിൽ വീഴാതെ
മാനവിക വിഷയങ്ങളിലെല്ലാം ഉമ്മൻ ചാണ്ടിക്കാർ മുന്നിൽ നിന്നതുകൊണ്ടാകണം ജെയ്ക്, ചാണ്ടിയെ വികസന സംവാദത്തിന് വെല്ലുവിളിച്ചു. ചാനൽ ചർച്ചകളിൽ തിളങ്ങുന്ന ജെയ്ക്കിന് അനായാസം ജയിക്കാമെന്നു കരുതിയാകണം വികസന സംവാദത്തിന് വെല്ലുവിളിച്ചത്. കോണ്‍ഗ്രസ് വിട്ടില്ല, വികസന ചർച്ചയ്ക്ക് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവും വെല്ലുവിളിച്ചു. ജെയ്കിന്റെ വിളി ചാണ്ടി സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രി ഒരു സംവാദത്തിനും തയാറായില്ല. പതിവുപോലെ തനിക്ക് പറയാനുള്ളതു മാത്രം അദ്ദേഹം പറഞ്ഞു. ആരുടെയും ചോദ്യങ്ങൾക്ക് നിന്നുകൊടുത്തില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും വളരെ സൂക്ഷിച്ചു മാത്രം ഇടപെട്ടു. വെല്ലുവിളികൾ പലതും ഉദ്ദേശിക്കാത്ത മാനം കൈവരിച്ചു. വികസനത്തിലേക്ക് ചർച്ച കൊണ്ടുവരാൻ ഇടതുമുന്നണി നോക്കി.
ഇടതുകാലത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും മരുന്നില്ലാത്ത ആശുപത്രികളും വിലക്കയറ്റവും കുടിവെള്ളത്തിനും വൈദ്യുതിക്കുമെല്ലാം തീവിലയാക്കിയതും പെട്രോളിന് സെസ് ഏർപ്പെടുത്തിയതും എന്നിട്ടും കടുത്ത പ്രതിസന്ധിയിലായിരിക്കുന്നതും എല്ലാം കോണ്‍ഗ്രസിന് ആയുധമായി. മലബാറിലെല്ലാം റോഡുകളുടെ സ്ഥിതി കൂടുതൽ മെച്ചമാണെന്ന എം.വി. ഗോവിന്ദന്റെ വാദം പല പുതിയ സംശയങ്ങളുമുണ്ടാക്കി. എന്നിട്ടും വികസനത്തെക്കുറിച്ച് സംവാദം നടത്തുവാൻ ജെയ്ക് വെല്ലുവിളിച്ചു. ബാർ കോഴക്കാലത്തെ ചാനൽ ചർച്ചകളിൽ കെ.എം. മാണിയെ വല്ലാതെ മുറിപ്പെടുത്തിയിരുന്ന ജെയ്ക്കിനുവേണ്ടി ജോസ് വോട്ട് ചോദിക്കുന്നതും കോണ്‍ഗ്രസുകാർ വിഷയമാക്കി.
വീണയും അച്ചുവും കുഴൽനാടനും
മുന്നേറി കളിക്കാൻ കോണ്‍ഗ്രസിന് ആയുധങ്ങളുണ്ടായിരുന്നു. അവർ അതെല്ലാം വിനിയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മാസപ്പടി വിവാദം കോണ്‍ഗ്രസ് പ്രത്യേകിച്ചും കുഴൽനാടൻ ശരിക്കും ഉപയോഗിച്ചു. കാന്പുള്ള ആക്ഷേപങ്ങൾ വന്നപ്പോൾ മുഖ്യമന്ത്രി വായടച്ചതും വീണയോ ഭർത്താവ് മന്ത്രി റിയാസോ ഒന്നും പറയാത്തതും കോണ്‍ഗ്രസുകാർക്ക് ആവേശം കൂട്ടി. വീണയുടെ മാസപ്പടി വിവാദത്തെ നേരിടാതെ കുഴൽനാടനെ പിടിക്കാൻ നോക്കിയ നീക്കങ്ങൾ ആരും ഏറ്റെടുത്തില്ല. കുഴൽനാടനാകട്ടെ ഓരോ ദിവസവും പുതിയ അവശ്യങ്ങളുമായി കളത്തിലെത്തുകയും ചെയ്തു. കുഴൽനാടന്റെ സ്വത്തിലേക്ക് ചാനൽ ചർച്ചകളിൽ എത്തിയവർ ചർച്ച തിരിച്ചുവിടാൻ നോക്കിയെങ്കിലും നടന്നില്ല.
മാണിയുടെ പോരാളികൾ
ജോസ് കേരളായുടെ പ്രവർത്തകർ കൂടുതൽ വാശിയോടെ കളത്തിലുണ്ടായിരുന്നു. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽപ്പെട്ടതാണ് പുതുപ്പള്ളി. ഇവിടെ ഇടതുമുന്നണിക്കു കിട്ടുന്ന ഓരോ വോട്ടും തോമസ് ചാഴികാടന്റെ വിജയം ഉറപ്പാക്കുന്നതാണ്. അതുകൊണ്ട് ജോസ് കേരളാക്കാർ ചത്തു പണിതിട്ടുണ്ട്. തോമസ് ചാഴികാടന്റെ ഇടത് ആത്മാർഥത കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിലും അപ്പുറമായി.
പുതുപ്പള്ളി അങ്കം
പുതുപ്പള്ളി നിലനിർത്താൻ ജനാധിപത്യമുന്നണിയും പിടിച്ചെടുക്കാൻ ഇടതുമുന്നണിയും നടത്തിയ പോരാട്ടം പ്രതീക്ഷിച്ചതുപോലെ ഒരു അന്ത്യത്തിലാണ് എത്തിയത്. പുതുപ്പള്ളി പിടിച്ചെടുക്കാനായാൽ ഇടതുമുന്നണിക്ക് വൻ ലോട്ടറിയാകുമായിരുന്നു. അവരുടെ ആവേശവും തന്റേടവും വല്ലാതെ കൂടുമായിരുന്നു. അതിനുള്ള എല്ലാ തന്ത്രവും വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടത്തിയതുമാണ്. വലിയ കൊട്ടും കുരവയും ഇല്ലാതെ, എന്നാൽ എല്ലാ കരുക്കളും നീക്കിയായിരുന്നു പ്രചാരണം. മുഖ്യമന്ത്രി ഒന്‍പതു യോഗത്തിൽ സംബന്ധിച്ചു. പക്ഷേ ആവേശം കുറവായിരുന്നതായി നിരീക്ഷകർ പറയുന്നു.
പുതുപ്പള്ളിയിൽ തോറ്റതുകൊണ്ട് 53 വർഷമായി കിട്ടാത്ത സീറ്റ് പോയി എന്നതിനപ്പുറം നിയമസഭയിലെ കക്ഷിനിലയിൽ ഒരു മാറ്റവും ഇല്ല. ഭരണത്തിന് ഒരു ചലനവും ഉണ്ടാകില്ല. ഭാവിയെക്കുറിച്ചുള്ള പ്രത്യാശയ്ക്കു ഇത്തിരികൂടി മങ്ങലേറ്റു എന്നു തീർച്ച. ഫലത്തിൽ അതു നല്ലതാണ്. കൂടുതൽ ജാഗ്രതയോടെ ജനങ്ങളെ സമീപിക്കും. ചിലപ്പോൾ തിരുത്തലുകൾക്കും തയാറാകും. പക്ഷേ തൃക്കാക്കരയിലെ തിരിച്ചടി അങ്ങനെയൊന്നും ഉണ്ടാക്കിയതായി കണ്ടില്ല.
എല്ലാ അടവും നോക്കി
മന്ത്രി വാസവൻ, സംസ്ഥാന സമിതി അംഗം അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വളരെ ചിട്ടയോടെ പ്രചാരണം നടത്തി. പള്ളിയെയും പട്ടക്കാരനെയുമൊക്കെ പരസ്യമായി തള്ളിപ്പറയുന്നവർ എല്ലാ പള്ളിയിലും പട്ടക്കാരന്റെയും അടുത്തു പോകുകയും അനുഗ്രഹം ചോദിക്കുകയും ചെയ്തു. അതുകൊണ്ട് ഒരു പ്രയോജനമുണ്ടായി. രണ്ടാളും സഭയുടെ മക്കളാണെന്ന ഒരു പ്രഖ്യാപനം സഭാ നേതാക്കളിൽനിന്നും ഉണ്ടായി. ഇടതുപക്ഷ സ്ഥാനാർഥി ആ അംഗീകാരം സ്ഥിരമായി അംഗീകരിക്കുമോ എന്ന ചോദ്യമുണ്ട്.
നിരീശ്വരവാദിയായ ഒരു യുവാവും ക്രൈസ്തവവിശ്വാസിയായ ഒരു യുവാവും തമ്മിൽ മത്സരിക്കുന്പോൾ രണ്ടുപേരും ഒരുപോലാണെന്ന് സഭാധികാരികൾ പറയുന്നത് ശരിയാണോ എന്നും സഭ വിശ്വാസിയോട് ഇത്തിരി അടുപ്പം കാണിക്കേണ്ടതില്ലേ എന്നുമുള്ള കോണ്‍ഗ്രസുകാരുടെ ചോദ്യത്തിൽ ന്യായം കാണുന്നവർ ധാരാളമുണ്ട്.
ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം, അദ്ദേഹം വിശുദ്ധനാണെന്ന ജനങ്ങളുടെ വിശ്വാസം എന്നിവ തങ്ങൾക്കു പ്രതികൂലമാകുമെന്നതായിരുന്നു ഇടതുമുന്നണിയുടെ ഒന്നാമത്തെ ഭയം. അതിനെ ഹീനമായി നേരിടാനായിരുന്നു ആദ്യനീക്കം. ഉമ്മൻചാണ്ടിക്കു സമൂഹം കൊടുക്കുന്ന വിശുദ്ധിയെക്കുറിച്ച് അനിൽകുമാർ വളരെ മോശമായി പ്രതികരിച്ചു.
അനിൽകുമാർ തൊടുത്തുവിടാൻ നോക്കിയ ചികിത്സാവിവാദവും, ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞതു കോണ്‍ഗ്രസുകാരല്ലേ എന്ന വിവാദവും പാളി. അപകടം മനസിലാക്കി ആ കളി നിർത്തി. ഇടതു നേതാക്കളുടെ ‘വിശുദ്ധി’യുടെ കഥകളും ഉമ്മൻ ചാണ്ടിക്കെതിരേ ഉയർത്തിയ വ്യാജ ആരോപണവും വീണ്ടും ചർച്ചയായി. അപകടം മനസിലായ പാർട്ടി സെക്രട്ടറി പറഞ്ഞു വ്യക്തിപരമായ കാര്യങ്ങൾ ചർച്ച വേണ്ട. ഇതിനിടെ പുതുപ്പള്ളിക്കാർക്ക് ഒരു പുണ്യവാളനേ ഉള്ളൂവെന്ന് ജെയ്ക് അടിച്ചതും അപകടമുണ്ടാക്കി. അവിടെ ഒന്‍പത് പുണ്യവാളന്മാരുടെ മാധ്യസ്ഥ്യം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗീവർഗീസ് സഹദായാണ് ഏറെ അറിയപ്പെടുന്നത്.