പതിനാറാം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രചരിച്ച പാശ്ചാത്യ മിഷനറിമാരുടെ ഗ്രന്ഥങ്ങളിലെല്ലാം മാർത്തോമ്മാ ക്രിസ്ത്യാനികളെ നസ്രാണികൾ, നസ്രായികൾ എന്നെല്ലാമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. യൂറോപ്യൻ മിഷനറിമാർ തയാറാക്കിയ കാർത്തില്യ (1554), സംക്ഷേപവേദാർത്ഥം (1772), വേദോപദേശപൊസ്തകം (1859) തുടങ്ങിയ മതപഠനഗ്രന്ഥങ്ങളിലെല്ലാം നസ്രാണി എന്ന പദമാണു കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്. പോർച്ചുഗീസ് മിഷനറിമാർ ഭാരതത്തിലെ ക്രൈസ്തവർക്കുവേണ്ടി 1554ൽ അച്ചടിച്ച വേദപാഠപുസ്തകമായ ‘കാർത്തില്യ’യിൽ ഒന്നാമത്തെ ചോദ്യം “നീ നസ്റാണിയോ?” എന്നാണ്. കേരളസഭയിൽ പോർച്ചുഗീസുകാരുടെ ആഗമനം വരെ നസ്രാണികൾ എന്ന പദം ഉപയോഗിച്ചിരുന്നത് കേരളസഭയുടെ പഴമയും പാരന്പര്യവും മൗലികതയും വ്യക്തമാക്കുന്നു. ദീപിക ദിനപത്രത്തിന്റെ ആദ്യത്തെ പേര് ‘നസ്രാണി ദീപിക’ എന്നായിരുന്നത് ഈ പദത്തിന്റെ സ്വീകാര്യതയും മാഹാത്മ്യവും എടുത്തുകാട്ടുന്നു.
കുലീനത, രാജ്യസേവനതത്പരത, സന്മാർഗനിഷ്ഠ, വാണിജ്യവൃത്തി, സമുദായബോധം, അധ്വാനശീലം തുടങ്ങിയ അനേക ഗുണങ്ങൾക്ക് പേരുകേട്ട ഒരു സമുദായമായിരുന്നു മാർത്തോമ്മാ നസ്രാണികൾ. അനേക നൂറ്റാണ്ടുകളിലെ സമുദായ സംസ്കരണംകൊണ്ടാണ് ഒരു പരിഷ്കൃതസമൂഹം രൂപപ്പെടുന്നത്. അഭ്യസനത്തോടൊപ്പം ജന്മവാസനയ്ക്കും പ്രാധാന്യമുണ്ട്. മതവിശ്വാസം സ്വീകരിച്ചതുകൊണ്ടു മാത്രം ഉത്കൃഷ്ടവികാരങ്ങളും മഹാമനസ്കതയും ഉണ്ടാകണമെന്നില്ല. സംസ്കൃതചിത്തരായ ആളുകളോടുമുള്ള സംസർഗം ഒരു പ്രധാന ഘടകമാണ്. ബുദ്ധിസംസ്കാരവും മനഃസംസ്കരണവും ആശയസംസ്കരണവും സാധിച്ചാലേ ഒരു സമുദായം ഉത്കൃഷ്ടമാവുകയുള്ളൂ.
(തുടരും)