ഈ പുസ്തകം പ്രസിദ്ധീകരിച്ചതുവഴി അവർ സ്ത്രീകൾക്കും പുരുഷന്മാരോടൊപ്പം തുല്യ അവകാശങ്ങൾ വേണമെന്നു സമൂഹത്തെ ഓർമപ്പെടുത്തി. ഇതിനെ അടിസ്ഥാനപ്പെടുത്തി പിൽക്കാലത്ത് വിദ്യാഭ്യാസത്തിനും തൊഴിലിനും സ്വത്തിനും വോട്ടിനും വേണ്ടി പലയിടത്തും സമരങ്ങൾ നടന്നു. ജോൺ സ്റ്റുവർട്ട്മിൽ 1869ൽ "ദ സബ്ജക്ഷൻ ഓഫ് വിമൻ' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കുകയുണ്ടായി. സ്ത്രീകൾ ഒരുതരത്തിലും പുരുഷന്മാരേക്കാൾ താഴെയല്ല എന്ന് അദ്ദേഹം സമർഥിച്ചു.
സ്ത്രീകളുടെ ഉന്നമനം 20-ാം നൂറ്റാണ്ടിൽ 19-ാം നൂറ്റാണ്ടിൽ സ്ത്രീകളുടെ സ്ഥിതി ഉയർത്തിയെടുക്കുന്നതിനുവേണ്ടി ധാരാളം പരിഷ്കാര നടപടികൾക്ക് തുടക്കംകുറിക്കുകയുണ്ടായി. അങ്ങനെ 20-ാം നൂറ്റാണ്ടായപ്പോഴേക്കും സാമൂഹ്യ-രാഷ്ട്രീയ-സാന്പത്തിക-സാംസ്കാരിക രംഗത്ത് സ്ത്രീകളുടെ ഉന്നമനം ഏറെക്കുറെ സാധ്യമായി. നമ്മുടെ സമകാലീനലോകത്ത് എല്ലാ രംഗങ്ങളിലും പുതിയ പുതിയ വൈദഗ്ധ്യങ്ങൾ ആവശ്യമായി വരുന്നതുകൊണ്ട് സ്ത്രീകൾക്ക് ഇന്നു ധാരാളം അവസരങ്ങൾ കൈവന്നിട്ടുണ്ട്. ചുരുക്കത്തിൽ ഇന്നു സ്ത്രീകളുടെ തുല്യാവകാശങ്ങളെ ആരും ചോദ്യം ചെയ്യുന്നില്ല.
സമകാലീന ലിബറൽ സമൂഹത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്നു നമ്മളെ ഓർമപ്പെടുത്തിയ മറ്റൊരു എഴുത്തുകാരിയാണ് ബെറ്റി ഫ്രീഡൻ. അവരുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമാണ് 1963ൽ പ്രസിദ്ധീകരിച്ച "ദ ഫെമിനൈൻ മിസ്റ്റിക്.' കരോൾ പെയ്റ്റ്മാൻ ആണ് മറ്റൊരു ലിബറൽ ചിന്താഗതിയുള്ള എഴുത്തുകാരി. അവരെഴുതിയ പുസ്തകമാണ് "ദ സെക്ഷ്വൽ കോൺട്രാക്ട്' (1988).
സ്ത്രീയും പുരുഷനും രണ്ടുപേരും ഒന്നിച്ചു ജീവിക്കുന്പോഴാണ് ജീവിതത്തിനു സൗന്ദര്യമുണ്ടാകുന്നത്. രണ്ടുകൂട്ടർക്കും അവകാശങ്ങളും കടമകളുമുണ്ട്. പരസ്പര ബഹുമാനവും സ്നേഹവുമാണ് വിജയകരമായ ജീവിതത്തിന്റെ അടിസ്ഥാനം. നവീന ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നുവെന്നുള്ളതും പ്രധാനമാണ്.