2022ൽ അതിരൂപത മുഴുവനും സർവേ നടത്തുകയും സമുദായത്തിന്റെ നിജസ്ഥിതി മനസിലാക്കുകയും ചെയ്തു. സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും ദീപികയുടെ വളർച്ചയ്ക്കായി നിർണായക പരിശ്രമങ്ങൾ നടത്തുകയും ചെയ്തു. ബിസിനസുകാർക്കായി CAB - Catholic Association of Businessmen എന്ന സംഘടന ആരംഭിച്ചു. Nest 2023, Wings 2.0 എന്ന സംരംഭകത്വ പരിശീലനപരിപാടികളുടെ പ്രേരകശക്തി പിതാവാണ്.
കുടുംബം, കൂട്ടായ്മകുടുംബപ്രേഷിതത്വം പിതാവ് പ്രത്യേകം ശ്രദ്ധ പതിപ്പിച്ച മേഖലയാണ്. 2014 കുടുംബ വിശുദ്ധീകരണ വർഷമായി ആചരിച്ചു. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹോളി ഫാമിലി ഫ്രട്ടേണിറ്റി എന്ന പേരിൽ അവർക്കായി ഒരു കൂട്ടായ്മ ആരംഭിക്കുകയും പിതൃസ്വത്തിലെ തന്റെ ഓഹരി വിറ്റുകിട്ടിയ 50 ലക്ഷം രൂപ ഈ പദ്ധതിക്കായി പിതാവ് സമർപ്പിക്കുകയും ചെയ്തു.
കുടുംബ കൂട്ടായ്മകളെ ശക്തിപ്പെടുത്താൻ അതിരൂപതാതലത്തിൽ പ്രത്യേക ഡിപ്പാർട്ട്മെന്റ് ആരംഭിച്ചതിന്റെ പിന്നിലെ പ്രേരകശക്തിയും പെരുന്തോട്ടം പിതാവായിരുന്നു. കൂട്ടായ്മ ലീഡേഴ്സിന്റെ പരിശീലനം ആരംഭിച്ചു. പാരീഷ് കൗണ്‍സിൽ അംഗങ്ങളെയും സംഘടനാ നേതാക്കളെയും തെരഞ്ഞെടുക്കുന്നത് കൂട്ടായ്മയുമായി ബന്ധപ്പെട്ടായിരിക്കണമെന്നു പിതാവ് നിഷ്കർഷിച്ചു. അല്മായ ശക്തീകരണത്തിൽ പിതാവ് എന്നും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.
കൃഷി, പരിസ്ഥിതിസംരക്ഷണംകൃഷിയെയും കർഷകരെയും പിതാവ് വളരെയേറെ സ്നേഹിക്കുകയും കുട്ടനാട്ടിലെ കർഷകർക്കുവേണ്ടി നിലകൊള്ളുകയും ചെയ്തു. കുട്ടനാടിന്റെ വികസനത്തിനു KRRIS സൊസൈറ്റി ആരംഭിച്ചു. ചാസിലൂടെയും ധാരാളം കൃഷി പ്രോത്സാഹനപദ്ധതികൾ നടത്തിവരുന്നു. തെക്കൻ മേഖലയിലെ കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി TAASC എന്ന സൊസൈറ്റിയും ആരംഭിച്ചു. 2020 ൽ ആലപ്പുഴയിൽ കർഷകസമരത്തിനു പിതാവ് നേതൃത്വം നൽകി. പിതാവ് പ്രകൃതിയെ വളരെയേറെ സ്നേഹിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നു. അതിരൂപതാഭവനവും ചുറ്റുപാടുകളും പരിസ്ഥിതി സൗഹൃദമാക്കുവാനും ജൈവവൈവിധ്യം രൂപപ്പെടുത്തുവാനും പിതാവ് പരിശ്രമിക്കുന്നു.
ചരിത്രത്തിന്റെയും പാരന്പര്യത്തിന്റെയും സംരക്ഷണംമാർ മാത്യു കാവുകാട്ട് പിതാവിന്റെ ഓർമ നിലനിർത്താൻ ചങ്ങനാശേരിയിൽ കാവുകാട്ട് മ്യൂസിയം നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. കൂടാതെ, പ്രവിത്താനത്തുള്ള കാവുകാട്ടു പിതാവിന്റെ ജന്മഗൃഹം വാങ്ങി പരിരക്ഷിക്കുന്നു. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി സമുച്ചയത്തിലുള്ള കബറിടപ്പള്ളി പുനരുദ്ധരിച്ചു. അതിരൂപതയുടെ ശതോത്തര രജതജൂബിലി ആചരിക്കുകയും ചരിത്ര സ്മരണിക പുറത്തിറക്കുകയും ചെയ്തു. ചരിത്രസംരക്ഷണത്തിനായി ഹിസ്റ്ററി കമ്മീഷനും ഹിസ്റ്ററി ഡിപ്പാർട്ട്മെന്റും MARIOS ഉം ആരംഭിച്ചു.
ജീവിതരേഖജനനം: 1948 ജൂലൈ അഞ്ച്
മാതാപിതാക്കൾ: ജോസഫ്-അന്നമ്മ
പൗരോഹിത്യം: 1974 സിസംബര്‍ 18
സഹായമെത്രാൻ: 2002 ഏപ്രില്‍ 24
ആർച്ച്ബിഷപ്: 2007 മാര്‍ച്ച് 19