ഏകാധിപത്യം പൊറുപ്പിക്കില്ല തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണത്തിനു കീഴില്‍ ജനാധിപത്യ മര്യാദകള്‍പോലും മറന്ന ഹസീനയോടു ജനം കരുണ കാട്ടിയില്ല. കഴിഞ്ഞ ജനുവരി ഏഴിനു നടന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചെങ്കിലും ഹസീന പിന്‍വാങ്ങിയില്ല. പ്രതിപക്ഷ പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കിയിരുന്നു.
ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും നിലപാടെടുത്തു. പ്രതിപക്ഷമില്ലാതെ ഭരിക്കാമെന്ന ധാഷ്ട്യത്തിന് ഇത്ര വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഹസീന സ്വപ്നം കണ്ടില്ല. ജനരോഷം പ്രധാനമന്ത്രിയുടെ പുറത്താക്കലില്‍ കലാശിക്കുന്നത്ര രൂക്ഷമാകുമെന്നു മുന്‍കൂട്ടി കാണുന്നതില്‍ ഇന്ത്യയും പരാജയപ്പെട്ടു.
എന്നാല്‍, ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായി വിജയിച്ച ഹസീനയെ അഭിനന്ദിച്ച ആദ്യ വിദേശ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. ജൂണ്‍ ഒമ്പതിന് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ഹസീന, ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജൂണ്‍ 21, 22 തീയതികളില്‍ ഇന്ത്യയിലെത്തുകയും ചെയ്തു. പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ ഇടപെടലുകളെ ഹസീന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാലിപ്പോള്‍ ഐഎസ്ഐയുടെ ശൃംഖലകളാണ് പുതിയ ഇടക്കാല സര്‍ക്കാരിന്റെ പിന്നിലെന്നതു വെറും സംശയം മാത്രമാകില്ല.
ഭീഷണിയായി തീവ്രവാദവും ഭീകരതയും മതേതര രാഷ്ട്രമായിരുന്ന ബംഗ്ലാദേശിനെ പിന്നീട് 1988ലാണ് ഇസ്ലാമിക റിപ്പബ്ലിക് ആക്കി മാറ്റിയത്. എങ്കിലും പാക്കിസ്ഥാനില്‍നിന്നു വ്യത്യസ്തമായ മിതവാദ മുസ്ലിം ജനാധിപത്യ രാജ്യമായിരുന്നു ബംഗ്ലാദേശ്. അതേ ബംഗ്ലാദേശില്‍ തീവ്രവാദവും ഇന്ത്യാ വിരുദ്ധതയും വീണ്ടും ശക്തിപ്പെട്ടാല്‍ ഇന്ത്യക്ക് ഭാവിയില്‍ വലിയ ഭീഷണിയാകും.
പാക്കിസ്ഥാന്റെ ഐഎസ്ഐയുടെ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്) പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന തീവ്ര ഇസ്ലാമിക ശക്തികളോട് ഹസീന സന്ധി ചെയ്തിരുന്നില്ല. ബംഗ്ലാദേശ് ഭീകരസംഘടനയായ ഹര്‍കത്ത് ഉല് ജിഹാദ് അല്‍ ഇസ്ലാമിയുടെ തലവനെ 2017ല്‍ വധിച്ചതടക്കം കടുത്ത ഭീകരവിരുദ്ധ നയം ഹസീന സ്വീകരിച്ചിരുന്നു.
ഹസീനയെ പുറത്താക്കിയതിലൂടെ തീവ്ര, ഭീകര ഗ്രൂപ്പുകളും ഐഎസ്ഐയും ശക്തി പ്രാപിക്കുകയാണ്. മതഭ്രാന്തന് സംഘടനകളുടെ പുനരുജ്ജീവനവും വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ വികാരവും കനത്ത വെല്ലുവിളിയാണ്. ബംഗ്ലാദേശിലെ മത വംശീയ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ക്രൈസ്തവര്‍, ചക്മ ഗോത്രക്കാര്‍ എന്നിവര്‍ മുതല്‍ സ്വതന്ത്ര ചിന്തകര്‍, നിരീശ്വരവാദികള്‍ വരെയുള്ളവരുടെ ഭയം അതിശയോക്തിപരമല്ല.
ആശങ്കയായി ഭീകരരുടെ റിക്രൂട്ട്മെന്റ് മലേഷ്യയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ തീവ്ര ഇസ്ലാമിക പ്രഭാഷകന്‍ ഡോ. സാക്കിര്‍ നായികിന് ബംഗ്ലാദേശ് ജനതയുടെ വലിയൊരു വിഭാഗത്തില്‍ സ്വാധീനമുണ്ട്. ഹസീന സര്‍ക്കാര്‍ നിരോധിക്കുന്നതിനു മുമ്പ് നായിക്കിന്റെ പീസ് ടിവിക്ക് ബംഗ്ലാദേശില്‍ ഒട്ടേറെ അനുയായികള്‍ ഉണ്ടായിരുന്നു. എഴുത്തുകാരി തസ്ലീമ നസ്രീനെ പുറത്താക്കിയതിനു പിന്നിലും ഇസ്ലാമിക തീവ്രഗ്രൂപ്പുകളാണ്. ഹൈന്ദവ ക്ഷേത്രങ്ങള്‍, ഘോഷയാത്രകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേ ആസൂത്രിത ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടായതിനു പിന്നില്‍ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ, അല്‍ ഷബാബ് തുടങ്ങിയ ആഗോള ഭീകര സംഘടനകളിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ ഏറെയും ബംഗ്ലാദേശികളും ഇന്ത്യക്കാരുമാണെന്ന് അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിറിയയിലും മറ്റും പരിശീലനം നേടിയ ഭീകരര്‍ ബംഗ്ലാദേശിലും ഇന്ത്യയിലും തിരികെയെത്തി ആക്രമണം നടത്താന്‍ പദ്ധതിയിട്ടേക്കുമെന്ന ആശങ്ക ശക്തമാണ്.
വേണം, പ്രതിബദ്ധതയും വിശാലതയുംബംഗ്ലാദേശില്നിന്നുള്ള അനധികൃത കുടിയേറ്റങ്ങളും മയക്കുമരുന്നും മനുഷ്യക്കടത്തും ഉള്‍പ്പെടെയുള്ളവ തീവ്രവാദത്തോടൊപ്പം ആശങ്കയും വെല്ലുവിളിയുമാണ്. മ്യാന്മറിലെ രോഹിങ്ക്യന്‍ വംശജരുടെ പലായനം പ്രതിസന്ധിക്ക് ആക്കം കൂട്ടി. സാമ്പത്തിക പ്രശ്നങ്ങളേക്കാളേറെ ബംഗ്ലാദേശില്‍ ശക്തിപ്രാപിക്കുന്ന തീവ്ര, ഭീകര ശക്തികളാണ് ഇന്ത്യക്കും ലോകത്തിനും ഭീഷണി. ചൈന ഉയർത്തുന്ന സുരക്ഷാഭീഷണിയോളം വലുതാകും തീവ്ര, ഭീകര ഗ്രൂപ്പുകളുടെ വെല്ലുവിളി.
വളരെയധികം ക്ഷമയോടെ, തന്ത്രപരമായ നയതന്ത്ര, സാമ്പത്തിക, വാണിജ്യ, സംസ്കാരിക സഹകരണത്തിലൂടെ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെയും ജനങ്ങളുടെയും വിശ്വാസം ആര്‍ജിച്ചെടുക്കുകയാണ് ഇനി വേണ്ടത്. വിഷമകരമെങ്കിലും അസാധ്യമല്ലിത്. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ സാഹചര്യങ്ങള്‍ പലതും അനുകൂല ഘടകങ്ങളാണ്.
അയല്‍ക്കാര്‍ ആരെന്നു നോക്കാതെ വിശ്വാസത്തിലെടുത്തു കൂടെ നിര്‍ത്തുകയെന്നത് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും അനിവാര്യമാണ്. ലക്ഷ്യം നേടാനുള്ള വിശാലതയും രാഷ്ട്രീയ പ്രതിബദ്ധതയും ഇന്ത്യന്‍ സര്‍ക്കാരിന് ഉണ്ടാവുകയാണു പ്രധാനം.