പെയ്ഡ് ഗവേഷണംഏറെ വിവാദമായ ‘പെയ്ഡ് ന്യൂസ്’ പോലെ തന്നെയാണ് ആഗോള പരിസ്ഥിതി സംഘടനകൾ പ്രത്യക്ഷമായും പരോക്ഷമായും ധനസഹായം ചെയ്യുന്ന പരിസ്ഥിതി വിഷയ ഗവേഷണങ്ങൾ. ഗവേഷണ ഫലങ്ങൾ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് ഫണ്ടിംഗ് ഏജൻസികൾ മുൻകൂട്ടി നിശ്ചയിക്കുകയും അവ അംഗീകരിക്കുന്ന ഗവേഷകർക്ക് ഉദാരമായി ഫണ്ട് നൽകുകയും ചെയ്യുന്നു. ഇതിനെ ‘പെയ്ഡ് ഗവേഷണം’ എന്നാണു വിളിക്കുന്നത്.
സത്യസന്ധമായി വിലയിരുത്തിയാൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും ‘പെയ്ഡ് ഗവേഷണ’ വിഭാഗത്തിൽ പെടുത്തേണ്ടിവരും. ജനങ്ങളുമായി യാതൊരു സംവാദവും നടത്താതെയാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാക്കിയതെന്ന് തെളിഞ്ഞുകഴിഞ്ഞു. റിപ്പോർട്ടിൽ കേരളത്തെ സംബന്ധിച്ച പരാമർശങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ കമ്മിറ്റി അംഗംകൂടിയായിരുന്ന മുൻ ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ വിജയനാണ് അതിനുത്തരവാദി എന്ന നിലപാടാണ് ഗാഡ്ഗിൽ എടുത്തത്. പശ്ചിമഘട്ടത്തിൽപ്പെട്ട കേരളത്തിലെ പഞ്ചായത്തുകളുമായി ആശയവിനിമയം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന ഗാഡ്ഗിലിന്റെ നിലപാട് തെറ്റാണ്.
മുണ്ടക്കൈ ദുരന്തത്തിനുശേഷം ഓഗസ്റ്റ് മൂന്നിന് മുംബൈയിൽ മാധവ് ഗാഡ്ഗിൽ പറഞ്ഞത് പശ്ചിമഘട്ടത്തിലെ പാറമടകളാണ് ദുരന്തത്തിന് കാരണമെന്നാണ്. പാറമടകളിലെ പൊട്ടിക്കൽ മണ്ണിനെ ദുർബലപ്പെടുത്തുന്നു. അത് ഉരുൾപൊട്ടലിന് കാരണമാകുന്നു എന്നായിരുന്നു ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയത്. 5,000ൽപരം പാറമടകൾ പശ്ചിമഘട്ടത്തിലുണ്ടെന്ന് ഗാഡ്ഗിലും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുഖ്യ ഗവേഷകനായ ഡോ. ടി.വി. സജീവും പറയുന്പോൾ മുണ്ടക്കൈയിൽനിന്ന് 10.5 കിലോമീറ്റർ അകലെയാണ് പാറമട ഉള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു. സംസ്ഥാനത്തൊട്ടാകെ 561 പാറമടകളേ ഉള്ളൂവെന്നും അതിൽ 11 എണ്ണം മാത്രമാണ് വയനാട്ടിലുള്ളതെന്നും സർക്കാർ വ്യക്തമാക്കുന്നു. ആരാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സർക്കാർ വിശദീകരിക്കണം.
വയനാടിന്റെ സാന്പത്തിക അടിത്തറകൃഷിയും ഹോംസ്റ്റേ ടൂറിസവും സേവനമേഖലയുമാണ് വയനാടിന്റെ സാന്പത്തികാടിത്തറ. 1980ൽ വയനാടിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 117.3 കോടി രൂപയായിരുന്നെങ്കിൽ അതിൽ 61 ശതമാനവും കാർഷിക മേഖലയിൽനിന്നായിരുന്നു. ടൂറിസം അടക്കമുള്ള സേവനമേഖലയുടെ പങ്ക് 21 ശതമാനവുമായിരുന്നു.
2023ൽ വയനാട് ജില്ലയുടെ ആഭ്യന്തര ഉത്പാദനം 17,179.2 കോടി രൂപയായി ഉയർന്നപ്പോൾ കാർഷിക മേഖലയുടേത് 24 ശതമാനമായി കുറഞ്ഞു. എന്നാൽ, ടൂറിസം അടക്കമുള്ള സേവനമേഖലയുടെ പങ്ക് 68 ശതമാനമായാണ് ഉയർന്നത്. വയനാട് സുരക്ഷിതമല്ല എന്നുപറയുന്പോൾ 8,16,558 ജനങ്ങൾ താമസിക്കുന്ന വയനാട്ടിലെ കൃഷി, ഹോം സ്റ്റേ ടൂറിസം അടക്കമുള്ള സേവനമേഖലകളിലെ 92 ശതമാനം ജനങ്ങളെ പട്ടിണിക്കിടാനുള്ള നീക്കമാണ്.
ടൂറിസ്റ്റുകളുടെ വരവിൽ വയനാട് അഞ്ചാം സ്ഥാനത്താണ്. പശ്ചിമഘട്ടത്തിൽ ഇടുക്കി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തും. കേരളം കാണാനെത്തിയ 90,01,553 ടൂറിസ്റ്റുകളിൽ 7,02,356 പേർ വയനാട് സന്ദർശിക്കാനെത്തി. വൻകിട റിസോർട്ടുകളല്ല, ഹോം സ്റ്റേകളാണ് വയനാട്ടിൽ കൂടുതൽ. കർഷകരും സാധാരണക്കാരും അവരുടെ വീടിനോട് ചേർന്നു നടത്തുന്ന ഹോംസ്റ്റേകളിൽ ഇടുക്കി കഴിഞ്ഞാൽ സംസ്ഥാന തലത്തിൽ വയനാട് രണ്ടാം സ്ഥാനത്താണ്. അതിനാൽത്തന്നെ വയനാടിനെ തകർക്കുന്ന വ്യാജപ്രചാരണങ്ങൾ തടയാൻ ജനങ്ങൾതന്നെ മുന്നിട്ടിറങ്ങണം.