രാജ്യത്തെ ഏറ്റവും വലിയ എണ്ണവിപണന കന്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ 2023-24ൽ എക്കാലത്തെയും ഉയർന്ന അറ്റാദായമായ 39,618.84 കോടി രൂപയാണു സ്വരുക്കൂട്ടിയത്. തൊട്ടുമുൻവർഷം 10,058.69 കോടി രൂപയായിരുന്നു അറ്റാദായം. കന്പനിയുടെ ഗ്രോസ് റിഫൈനിംഗ് മാർജിൻ ഒരു വർഷം മുന്‍പത്തെ 19.52ൽ നിന്ന് 2023-24ൽ ബാരലിന് 12.05 ഡോളറായി കുറഞ്ഞിരുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം 2024 സാന്പത്തികവർഷത്തിൽ 14,600 കോടി രൂപയുടെ റിക്കാർഡ് അറ്റാദായം നേടി. മുൻ വർഷം 8,974 കോടി രൂപയുടെ നഷ്ടമാണു രേഖപ്പെടുത്തിയത്.
കോരന്റെ കണ്ണീരിൽ ധൂർത്ത്മര്യാദയില്ലാത്ത ധൂർത്തും ന്യായമായതിലും കൂടുതൽ ശന്പളവും ആനുകൂല്യങ്ങളും നൽകിയ ശേഷമാണു സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കന്പനികൾ കൊള്ളലാഭം ഉണ്ടാക്കിയത്. ഹൈ സ്പീഡ് ഡീസലിനും പെട്രോളിനും ഇരട്ട അക്ക മൊത്ത റിഫൈനിംഗ് മാർജിനുകളും നല്ല മാർക്കറ്റിംഗ് മാർജിനുകളും നൽകിയ ശേഷമുള്ള ലാഭമാണിത്. ക്രൂഡ് ഓയിൽ വിലക്കുറവിന്റെ ഗുണം ജനങ്ങൾക്കു കൈമാറാതെയാണു നട്ടുച്ചയ്ക്ക് പകൽക്കൊള്ള തുടരുന്നത്. സാധാരണക്കാരിൽനിന്ന് ഓരോ ലിറ്ററിനും മാസങ്ങളായി അമിതവില ഈടാക്കുന്നു.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ മേലുദ്യോഗസ്ഥർക്കും ജീവനക്കാർക്കും എത്ര കിട്ടിയാലും മതിയാകില്ല. മന്ത്രിമാർ എംപിമാർ, എംഎൽഎമാർ, ഐഎഎസ്, ഐപിഎസ് തുടങ്ങിയ സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരും ശന്പളവും കിന്പളവും ആനുകൂല്യങ്ങളുമായി ലക്ഷങ്ങളും കോടികളും സന്പാദിക്കുന്നതും ജനം കാണുന്നുണ്ട്.
ഇപ്പോഴും 25 കോടിയിലേറെ പേർ ദാരിദ്ര്യത്തിലും കൊടിയ ദുരിതത്തിലും കഴിയുന്ന രാജ്യത്താണു സർക്കാർ ഉദ്യോഗസ്ഥർ ശന്പളവും ആനുകൂല്യങ്ങളും പതിവായി വർധിപ്പിച്ചെടുത്ത് അർമാദിക്കുന്നത്. ഒരു നേരത്തെ കഞ്ഞിക്കു നിവൃത്തിയില്ലാത്ത കോരന്മാരെയും പ്രതിസന്ധിയിലായ കർഷകരെയും സാധാരണ തൊഴിലാളികളെയും സഹായിക്കാൻ ഭരണ, രാഷ്ട്രീയ നേതൃത്വത്തിനു താത്പര്യമില്ല.
തീവിലയിൽ പൊറുതിമുട്ടി ജനംഅരി, പയർവർഗങ്ങൾ, ഭക്ഷ്യയെണ്ണ എന്നിവ മുതൽ മത്സ്യം, മാംസം, മുട്ട, പാൽ, പച്ചക്കറികൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ അടക്കം ജനങ്ങൾ വാങ്ങുന്നതിനെല്ലാം റോക്കറ്റ് പോലെ വില കുതിച്ചുയരുന്നു. ഉയർന്ന ഡീസൽ, പെട്രോൾ വിലയാണ് ഇതിനു പ്രധാന കാരണം. ഓണക്കാലമായിട്ടും ഉപ്പു മുതൽ കർപ്പൂരം വരെ തീവിലയായി. താങ്ങാനാകാത്ത പണപ്പെരുപ്പ നിരക്കിൽ നേരിയ കുറവുണ്ടെന്നു സർക്കാർ കണക്കു നിരത്തുന്പോഴും സാധാരണക്കാരന്റെ അടുക്കളയിൽ വേണ്ടതിനെല്ലാം പലമടങ്ങു വില കൂടിയെന്നതാണു പൊള്ളുന്ന യാഥാർഥ്യം.
കൃഷി, വിദ്യാഭ്യാസം, ചികിത്സ, ഭവനനിർമാണം എന്നിവ മുതൽ ബസ്, ടാക്സി, ട്രെയിൻ, വിമാന യാത്രകൾ വരെയുള്ള ജനങ്ങളുടെ ജീവിതച്ചെലവുകൾ പലമടങ്ങു വർധിച്ചു. കോർപറേറ്റ് കുത്തകകൾക്കു വലിയ നികുതിയിളവുകൾ നൽകുന്പോഴും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ നികുതി ഭാരം കൂട്ടുകയാണ്. ഭൂമിയുടെ ആധാരച്ചെലവു മുതൽ ഏതാണ്ടെല്ലാറ്റിനും നിരക്കു കൂട്ടി. സാധാരണക്കാർ, കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരുടെയെല്ലാം വരുമാനം കുറയുകയും ചെയ്തു. കോവിഡ് കാല ദുരിതങ്ങളിൽനിന്നു കരകയറുന്നതിനു മുന്‍പാണു വിലക്കയറ്റത്തിന്റെ ഭാരവും പേറുന്നത്. ജനക്ഷേമം ഉറപ്പാക്കേണ്ട ജനകീയ സർക്കാരുകൾ, ജനങ്ങളെ ദ്രോഹിച്ചും ഞെക്കിപ്പിഴിഞ്ഞും കൊള്ളയടി തുടരുന്നതിനെതിരേ ജനരോഷം ഉയരാതെ മാർഗമില്ല.
ജനങ്ങളെ മറന്ന് എണ്ണ തേയ്ക്കരുത്ആഗോള എണ്ണ വിപണിയിലെ വിലക്കുറവിന്റെ അർഹമായ ആനുകൂല്യം സാധാരണ ഉപയോക്താവിനു നിഷേധിച്ചുകൊണ്ടുള്ള ഈ കൊള്ള ഇനിയും തുടരാൻ അനുവദിച്ചു കൂടാ. ഇന്ധനവില ഉടൻ കുറച്ചേ മതിയാകൂ. അന്താരാഷ്ട്ര വിപണിയിൽ വില കയറിയപ്പോഴൊക്കെ ജനങ്ങളുടെ മേൽ അമിതഭാരം ചുമത്താൻ മടിച്ചിട്ടുമില്ല. അംബാനിയുടെയും അദാനിയുടെയും അടക്കമുള്ള എണ്ണക്കന്പനികളും സർക്കാരുകളും ചേർന്നുള്ള പോക്കറ്റടിക്കെതിരേ കോണ്‍ഗ്രസും സിപിഎമ്മും ആം ആദ്മി പാർട്ടിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മൗനം തുടരുന്നതു പരിഹാസ്യവും തെറ്റുമാണ്. രാഷ്ട്രീയക്കളികൾക്കിടയിൽ സാധാരണക്കാരുടെ വേദനയും ദുരിതവും കണ്ടില്ലെന്നു സർക്കാരുകളും രാഷ്ട്രീയനേതാക്കളും നടിക്കരുത്.