തോമാച്ചന്റെ പിതാവിന്റെ മൃതദേഹം മോർച്ചറിയിൽനിന്നു കൊണ്ടുവരാൻ വർക്കിച്ചൻ അപ്പോൾത്തന്നെ ഒരാംബുലൻസ് അയയ്ക്കാൻ തീരുമാനിച്ചു. സംസ്കാരമഹോത്സവം നടത്താൻ മൃതദേഹം വേണമല്ലോ. ശവമില്ലാതെ എന്തു ശവസംസ്കാരം? അപ്പോഴാണ് ഒരു പ്രശ്നം പൊന്തിവന്നത്.
തോമാച്ചന്റെ നിർബന്ധപ്രകാരമുള്ള വിലകൂടിയ ശവപ്പെട്ടി കോഴിക്കോട്ടുനിന്നായിരുന്നു ഇടപാടുചെയ്തിരുന്നത്. തലേദിവസം അതെത്തിക്കാൻ ശവപ്പെട്ടിക്കടക്കാർക്ക് കഴിഞ്ഞില്ല. ഇപ്പോൾ വാഹനമാർഗം പെട്ടി എത്തുന്നതേയുള്ളൂ. അപ്പോഴേക്കും ഉച്ചയാകും! വൈകുന്നേരം അഞ്ചിനുമുമ്പ് സംസ്കാരം നടത്തുകയും വേണം! രാവിലെമുതൽ ആളുകൾ വന്നുതുടങ്ങുകയും ചെയ്തു!
പ്രത്യേകം പറഞ്ഞു തയാറാക്കിയ പെട്ടി വരാതെ എന്തു ചെയ്യും? വർക്കിച്ചൻ ഉടൻ ആശുപത്രിക്കാരെ വിളിച്ച് ശവപ്പെട്ടിയുമായി വരുന്ന വാനിൽ മൃതദേഹം കൊടുത്തയച്ചാൽ മതിയെന്ന് അറിയിച്ചു. ഉച്ചകഴിഞ്ഞപ്പോഴേക്കും വീടുമുഴുവൻ ആളുകൾ നിറഞ്ഞു. മണ്ഡലത്തിലെ എക മന്ത്രിയും എംഎൽഎയും വൈകാതെ എത്തുമെന്ന് വാർത്ത പരന്നു. ആ നിമിഷത്തിലാണ് വലിയൊരു വാനിൽ അലങ്കാരങ്ങൾ നിറഞ്ഞ പഞ്ചനക്ഷത്രശവപ്പെട്ടി എത്താറായ വിവരം കിട്ടിയത്. പെട്ടി വരാൻ വൈകുന്നതുമൂലം കിളിപോയ തോമാച്ചൻ വാനിന്റെ ഡ്രൈവറെ വിളിച്ച് അലറി: “നീ എവിടെപ്പോയിക്കിടക്കുകയാണ്? നേരേ വീട്ടിലേക്ക് പെട്ടിയുമായി വരണം. സമയംപോയി!”
മരണം എന്ന ആഘോഷംഅങ്ങനെ കോഴിക്കോട്ടുനിന്നുള്ള വാനിൽ അതിഗംഭീരവും ചിത്രപ്പണികളുള്ളതുമായ പെട്ടി വന്നെത്തി. അത് പൂമുഖത്തെ വലിയ മേശയിൽ വർണവിളക്കുകൾക്കും കത്തുന്ന മെഴുകുതിരികൾക്കുമിടയിൽ സ്ഥാപിക്കപ്പെട്ടു. ബംഗ്ലാവിലെ നൂറുകണക്കിന് ലൈറ്റുകൾ മിഴി തുറന്നു. പ്രത്യേകഗായകസംഘത്തിന്റെ വേർപാടുഗീതങ്ങൾ മുഴങ്ങിത്തുടങ്ങി.
പിന്നെ ഒരു ബഹളമായിരുന്നു. പെട്ടിയുടെ മുകളിലേക്ക് പൂക്കളും റീത്തുകളും പെയ്തിറങ്ങി.
ആരൊക്കെയോ ചേർന്ന് പരേതന്റെ ഒരു ഫോട്ടോയും പെട്ടിയുടെ മുകളിൽ സ്ഥാപിച്ചു.
ഏകമകനായ തോമാച്ചനും ഭാര്യയും മക്കളും പെട്ടി കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു.
വീടിന്റെ തെക്കേ മൂലയിലെ തണ്ണീർപ്പന്തലിൽ പരേതന്റെ ആത്മശാന്തിക്കായി സോഡാക്കുപ്പികളുടെ അടപ്പുകൾ മാലപ്പടക്കങ്ങൾപോലെ പൊട്ടിത്തെറിച്ചു. നാട്ടുകാർ സങ്കടം സഹിക്കാതെ കുപ്പികൾ കാലിയാക്കി കണ്ണീർവാർത്തു.
പെട്ടി തുറന്നോ! ലോകാവസാനമായി!വൈകാതെ പള്ളിയിൽനിന്ന് മുത്തുക്കുടകളും കൊടിയും കുരിശും എത്തി. പുരോഹിതരും വന്നു. പക്ഷേ, തിക്കും തിരക്കുംമൂലം അവർ മണ്ണും ചാരിനില്പായി. അപ്പോഴാണ് മന്ത്രിയും എംഎൽഎയും പഞ്ചായത്തു പ്രസിഡന്റും മറ്റും എത്തിയത്. സെക്യൂരിറ്റിക്കാർ ആചാരവെടി മുഴക്കി, ഗാർഡ് ഓഫ് ഓണർ നൽകി സ്വർഗജാതരെ സ്വീകരിച്ചു. പെട്ടിയുടെ മുമ്പിൽ വന്നുനിന്നു പുഞ്ചിരി തൂകിയ വിഐപികളെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തു. തുടർന്ന് അവരോടൊപ്പം നിന്ന് അഭിനയിക്കുന്നവരുടെ തിരക്കായി. ഫോട്ടോഗ്രാഫർമാർക്കു മുമ്പിൽ ആൾക്കൂട്ടം പെരുകിയതോടെ ചരമപ്രാർഥനയ്ക്കായി ആറടി മണ്ണ് വേറേ തേടണമെന്ന സ്ഥിതിയായി.
ഒടുവിൽ, പെട്ടിയുടെ ഒരു വശത്തുനിന്ന്, ഫോട്ടോയെടുപ്പ് തടസപ്പെടുത്താതെ ശുശ്രൂഷകൾ തുടങ്ങാൻ പുരോഹിതരെ ദയാപുരസരം ഫോട്ടോഗ്രാഫർമാർ അനുവദിച്ചു.
അങ്ങനെ ഫോട്ടോയെടുപ്പും പ്രാർഥനാശുശ്രൂഷയും നടക്കുന്നതിനിടയിൽ വർക്കിച്ചന്റെ ഫോൺ ശബ്ദിച്ചു. ആശുപത്രിയിലെ സൂപ്രണ്ടാണ് വിളിക്കുന്നത്.
“വർക്കിച്ചാ! ഫ്യൂണറൽ ഭംഗിയായി നടത്തിക്കഴിഞ്ഞോ? ഇവിടെക്കിടക്കുന്ന ബോഡി ഇനി ആവശ്യമില്ലെങ്കിൽ പറയണം”- സൂപ്രണ്ട് സാധാരണമട്ടിൽ പറഞ്ഞു. വർക്കിച്ചൻ അതുകേട്ട് ഒരു നിമിഷം ഞെട്ടി. ആശുപത്രിയിൽനിന്ന് മൃതദേഹം എടുക്കാതെ വാൻ നേരേ വീട്ടിലേക്കാണ് പെട്ടിയുമായി വന്നത്!
വർക്കിച്ചന്റെ കണ്ണുകൾ നിറഞ്ഞുതള്ളി. ദേഹം വിയർത്തൊഴുകി. കാമറയുടെ മുമ്പിൽ പോസുചെയ്തിരുന്ന തോമാച്ചൻ വർക്കിച്ചന്റെ ഭാവഭേദം കണ്ട് എന്താണെന്ന് ആംഗ്യം കാട്ടി ചോദിച്ചു.
ബംഗ്ലാവിന്റെ മുറ്റത്തെ മരത്തണലിൽ തളർന്നിരുന്ന വർക്കിച്ചൻ മെല്ലെ പറഞ്ഞു: തോമാച്ചാ ലോകാവസാനമായി! വേഗം പെട്ടി തുറന്നോ, ഞാൻ അതിനകത്ത് കയറിക്കിടന്നോളാം!