അദ്ദേഹത്തിനെതിരേ മിച്ചഭൂമി ആരോപണം വന്നു. അൻവറുടെ കൈവശം മിച്ചഭൂമി ഉണ്ടെന്നും അതു കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ കെ.വി. ഷാജി ഹൈക്കോടതിയിലെത്തി. ഭൂമി അളിക്കാൻ വിധി സന്പാദിച്ചു. പക്ഷേ അധികൃതർ അനങ്ങിയില്ല. വീണ്ടും ഹൈക്കോടതി ഇടപെട്ടു. റവന്യു വകുപ്പ് മാപ്പു പറഞ്ഞു. 2021 ഫെബ്രുവരിയിലെ അദ്ദേഹത്തിന്റെ ആഫ്രിക്ക സന്ദർശനം വലിയ വിവാദമായി. ബിസിനസ് ആവശ്യങ്ങൾക്കു പോയി എന്ന് അൻവർ പറഞ്ഞത് വിശ്വസിക്കാത്തവർ ഏറെയുണ്ട്. ഇതെല്ലാം അങ്ങനെ കിടക്കുകയാണ്. തനിക്കെതിരേ നിയമപരമായ നടപടി എടുക്കുന്നവരെ അൻവർ കടന്നാക്രമിക്കും. 2019ൽ സിപിഐ തന്നെ നശിപ്പിക്കുന്നു എന്ന് പരാതി ഉന്നയിച്ച് റവന്യു മന്ത്രിക്കെതിരേയും അൻവർ പരാതി പറഞ്ഞു. സിപിഐ പക്ഷേ അൻവറെ എതിർത്തു.
കാരാട്ട് റസാക്ക്മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന റസാക്കിന് 2011ലും 2016ലും ലീഗ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് 2016ൽ ഇടതുവേഷത്തിൽ കൊടുവളളിയിൽ മത്സരിച്ചതും 583 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിയമസഭയിൽ എത്തിയതും. 2019 ജനുവരിയിൽ ഹൈക്കോടതി റസാക്കിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പു പ്രചാരണത്തിന് എതിരാളി ലീഗിലെ എം.എ. റസാക്കിനെതിരേ അപമാനകരമായ വീഡിയോ പ്രദർശിപ്പിച്ചു എന്നതായിരുന്നു കുറ്റം. കൊടുവള്ളിയിലെ വോട്ടർ കെ.പി. മുഹമ്മദായിരുന്നു പരാതിക്കാരൻ. റസാക്കിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് സ്വീകരിക്കുകയും അദ്ദേഹത്തിന് നിയമസഭയിൽ വോട്ടു ചെയ്യാൻ അവകാശമില്ലാതെ പങ്കെടുക്കാം എന്ന് വിധിക്കുകയും ചെയ്തു. 2021ലും സിപിഎം അദ്ദേഹത്തിന് സീറ്റ് കൊടുത്തെങ്കിലും എം.കെ. മുനീർ അദ്ദേഹത്തെ തോൽപിച്ചു.
ആക്രമണലക്ഷ്യം എന്താകുംഇത്തരക്കാരായ മൂന്നു പേർ ഒന്നിച്ചുകൂടി സിപിഎം ശുദ്ധീകരിക്കാൻ ഇറങ്ങിയത് എന്തിനാവും? സിപിഎമ്മിൽ നുഴഞ്ഞുകയറി പാർട്ടി പിടിക്കാൻ മുസ്ലിം തീവ്രവാദികൾ തയാറാക്കിയ പദ്ധതിയുടെ മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നതെന്നും അല്ല, ഇപ്പോൾ നടക്കുന്ന പാർട്ടി തെരഞ്ഞെടുപ്പുകളിൽതന്നെ അതിനുള്ള കരുത്തായി എന്ന് കരുതിയുള്ള ചാവേർ കളിയാണെന്നും ഈ നീക്കത്തെ ചിത്രീകരിക്കപ്പെടുന്നുണ്ട്.
ഇനി മത്സരിക്കുന്നില്ല. സ്പീക്കറുടെ കസേര മറിച്ചിട്ടത് പൊറുക്കണം തുടങ്ങിയ നന്പറുകളിലൂടെ ജലീൽ സഹതാപം പിടിച്ചുപറ്റാനുള്ള നീക്കം നടത്തുന്നതും വലിയ ഉദ്ദേശ്യത്തോടെ ആവണം.
ജലീൽ അഴിമതിക്കെതിരേ പോർട്ടൽ തുടങ്ങുന്നു! സ്വന്തക്കാരനെ നിയമിച്ചതിന് മന്ത്രിപ്പണി പോയയാൾ അഴിമതിക്കെതിരേ പോർട്ടൽ തുടങ്ങുന്നു. മുഖ്യമന്ത്രിയുടെ ഇമേജ് കൂട്ടാനാണുപോലും! വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാന്മാർ കുടുങ്ങും. ജലീൽ മുന്നറിയിപ്പു നൽകുന്നു. ആരെയോ പേടിപ്പിക്കുകയാവും ജലീൽ. സ്വന്തം ഇടപാടുകളുടെ സത്യം മാലോകരെ ബോധ്യപ്പെടുത്തിയശേഷം ഇതെല്ലാം ചെയ്യുന്നതല്ലേ നല്ലത്. സിപിഎമ്മിൽ നടക്കുന്ന കടുത്ത മുസ്ലിം പ്രീണനം പാർട്ടിയുടെ ചങ്കായ ഈഴവ സമുദായത്തിന് മനസിലാകുകയും അതിനു യോജിച്ച നീക്കങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ ഇനി നുഴഞ്ഞുകയറ്റം അസാധ്യമെന്ന് മനസിലായതിന്റെ അടയാളവും ആവാം ഈ പുത്തൻ വിപ്ലവനീക്കം.
കേരളത്തിൽ അരങ്ങേറ്റാൻ ഉദ്ദേശിക്കുന്ന മുല്ലപ്പൂവിപ്ലവത്തിന്റെ കർട്ടൻ റെയ്സറാണ് ഇതെന്ന് ചിത്രീകരിക്കുന്നവരുണ്ട്. മുഖ്യമന്ത്രിയെ രക്ഷിക്കാൻ എന്ന പേരിൽ ആദ്യ വെടി പൊട്ടിച്ചത് അൻവറാണെങ്കിലും സിപിഎം സ്വതന്ത്രരായ ജലീലും റസാക്കും എല്ലാം പാർട്ടി തെരഞ്ഞെടുപ്പിന്റെ തലേന്ന് പെട്ടെന്ന് കളത്തിലിറങ്ങി. അൻവറിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി റിയാസും ഇവരോടുള്ള തന്റെ പിന്തുണ പ്രഖ്യാപിച്ചു. ശശിയും അജിത് കുമാറും മാറി തങ്ങൾ പറയുന്നവർ വന്നാൽ എല്ലാം ശരിയാകുമോ?
ആദ്യം അറസ്റ്റ് ചെയ്യേണ്ടത് ആരെ?ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല എന്ന ഭീഷണിയോടെയാണ് ജലീൽ വിപ്ലവത്തിന് കാഹളം മുഴക്കുന്നത്. മുഖ്യമന്ത്രി മാത്രമല്ല മുഖ്യധാരാ പാർട്ടികളും മാധ്യമങ്ങളുംപോലും ഈ കളിയുടെ അന്തർനാടകം മനസിലാക്കുന്നുണ്ടോ എന്നതാണ് വിഷയം. അൻവർ നടത്തുന്ന വെളിപ്പെടുത്തലുകൾ അതീവഗുരുതരമാണെന്ന് സമ്മതിക്കുന്പോഴും അദ്ദേഹം നടത്തിയതായി അവകാശപ്പെടുന്ന കുറ്റങ്ങൾ എത്ര കൂടുതൽ ഭീകരമാണ്.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള എഡിജിപിയുടെയും ഭാര്യയുടെയും പോലും ടെലിഫോണ് അദ്ദേഹം ചോർത്തിയിരിക്കുന്നു. എങ്ങനെ? എഡിജി പിയുമായി നല്ല ബന്ധത്തിൽ അല്ലാത്ത കേരളത്തിലെ പോലീസ് മേധാവി ഷേക്ക് ദേർവേഷ് സാഹിബ് വരെ സംശയത്തിന്റെ നിഴലിലാവുകയല്ലേ? പോലീസിൽ പച്ചവെളിച്ചം വല്ലാതെ പ്രകാശിക്കുന്നതിന്റെ അപകടസൂചനയല്ലേ എല്ലാം? അവിടെ ഇനി ഒരു രഹസ്യവും കേരളാ പോലീസിന് സൂക്ഷിക്കാനാവില്ലെന്ന നില ആയിട്ടുണ്ടെന്നല്ലേ കരുതേണ്ടത്.