കേരളത്തിൽകേരളത്തിലെ നെല്ലുത്പാദനം ഭയാനകമാം വിധം കുറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം കർഷകർക്ക് അവരുത്പാദിപ്പിച്ച നെല്ലിന്റെ വില യഥാസമയം നൽകാത്തതാണ്. കർഷകരിൽനിന്നു നെല്ല് സംഭരിച്ചതിനും അതു കുത്തി അരിയാക്കിയതിനും സപ്ലൈകോയ്ക്ക് 997 കോടി രൂപയുടെ കുടിശികയുള്ളപ്പോൾ അൻപതു കോടിയുടെ നക്കാപ്പിച്ചയാണ് സർക്കാർ നൽകിയത് (ദീപിക 2024 ഓഗസ്റ്റ് 13). ഇങ്ങനെ കർഷകരോടുള്ള ചിറ്റമ്മനയം കാരണം പലപ്പോഴും വായ്പയെടുത്തു കൃഷിയിറക്കിയ കർഷകന് അതു തിരിച്ചുപിടിക്കാൻ മാർഗമില്ലാതാകുന്നു, കൃഷിതന്നെ ഉപേക്ഷിക്കേണ്ടിവരുന്നു.
വൻകിട വ്യവസായികളും വ്യാപാരികളും കൃഷിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും നടുവൊടിക്കുന്നതെങ്ങനെ എന്നതിനു ധാരാളം തെളിവുകൾ നിരത്താനാകും. അതെങ്ങനെ എന്നു നോക്കാം. “നക്ഷത്രമെണ്ണി കൊക്കോ കർഷകരും ചെറുകിട വ്യാപാരികളും. ചോക്ലേറ്റ് വ്യവസായികൾ ഗ്രാമീണ മേഖലകളിലെ കൊക്കോ സംഭരണകേന്ദ്രങ്ങളിൽനിന്ന് പിൻവലിഞ്ഞതാണ് കാരണം. കാർഷിക മേഖലയിലെ വ്യാപാരികൾ ശേഖരിച്ച ചരക്കിന് വിലയിടിഞ്ഞത് ഇടപാടുകാരെ സാന്പത്തിക പ്രതിസന്ധിയിലാക്കി” (ദീപിക 2024 ജൂലൈ 29). ഇതുതന്നെയാണ് മറ്റു കാർഷിക വിഭവങ്ങളുടെയും സ്ഥിതി.
കൃഷിയെ തകർക്കുന്ന മറ്റൊന്നാണ് രൂക്ഷമായ വന്യമൃഗ ആക്രമണം. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളാണ് കൃഷിയെ തകർക്കുന്നത്. ഉപഭോക്താവിന് വിപണിയിലെത്തേണ്ട വിഭവങ്ങളാണ് ഇവ സമൂലം നശിപ്പിക്കുന്നത്. വന്യമൃഗങ്ങളിൽനിന്നു കൃഷിക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൃഷിക്കാർക്കു മാത്രമല്ല, നമുക്കെല്ലാവർക്കുമാണ്.
ആനകളുടെ എണ്ണം കുറച്ചുകാട്ടി കർഷകരെ കബളിപ്പിക്കുന്ന കേരളത്തിലെ വനംവകുപ്പിന്റെ തെറ്റായ നടപടി വിവിധ കണക്കെടുപ്പുകൾ നിരത്തി ദീപിക പൊളിച്ചുകാട്ടുകയുണ്ടായി. അതു ചുരുക്കത്തിൽ ഇപ്രകാരമായിരുന്നു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ 2017ലെ കണക്കനുസരിച്ച് കേരളത്തിൽ കാട്ടാനകളുടെ എണ്ണം 5,716 ആണ്. ആ വർഷത്തെ സംസ്ഥാന വനംവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിൽ 6,036 ആനകളാണുണ്ടായിരുന്നത്.
എന്നാൽ, സംസ്ഥാന വനംവകുപ്പിന്റെ 2024ലെ കണക്കനുസരിച്ച് ആനകളുടെ എണ്ണം 1,793 ആയി കുറഞ്ഞു. അതായത്, കഴിഞ്ഞ ഏഴു വർഷങ്ങൾകൊണ്ട് കേരളത്തിൽ കാണാതായ ആനകൾ 4,243. ഈ ചുരുങ്ങിയ കാലയളവിൽ ഇത്രയും ആനകളുടെ കുറവു വന്നതിന് ഉത്തരം പറയേണ്ടതാരാണ്? അപ്പോൾ സർക്കാരും വനംവകുപ്പും ചേർന്ന് കർഷകരെ കബളിപ്പിക്കുകയല്ലേ ചെയ്തത്?
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ വന്യജീവി ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയിരുന്നു. അതിനുള്ള കാരണങ്ങൾ പലതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൃഷി, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ ഏകോപനമില്ലായ്മ. വന, വനേതര ഭൂമി വേർതിരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മൃഗങ്ങൾക്ക് വെള്ളവും ആഹാരവും കാടിനുള്ളിൽ ഉറപ്പുവരുത്തുന്നതിൽ വനംവകുപ്പിനുണ്ടായ പരാജയം. ഇതുമൂലം വന്യജീവികൾ നാട്ടിലിറങ്ങി. വന്യജീവി സെൻസസ് കൃത്യമായി നടപ്പാക്കിയില്ല. വനഭൂമി വൈദ്യുതിവകുപ്പ് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കു കൈമാറി. ഇതെല്ലാം കണക്കിലെടുത്താൽ കേരള കർഷകരുടെ സ്ഥിതി വളരെ പരിതാപകരംതന്നെ.