കോണ്ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നാഷണൽ ഹെറാൾഡ് കേസിൽ ദിവസങ്ങളോളം ഇഡി ചോദ്യം ചെയ്തപ്പോൾ പലരും അറസ്റ്റ് പ്രതീക്ഷിച്ചു. പക്ഷേ ഒന്നുമുണ്ടായില്ല. തെളിവുണ്ടെങ്കിൽ അറസ്റ്റ് ഒഴിവാകില്ല. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്തു ദിവസങ്ങളോളം ജയിലിലടച്ച കേസിൽ പിന്നീട് എന്തുണ്ടായെന്ന് അറസ്റ്റ് ചെയ്തവർ പറയുന്നില്ല. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ. കവിത, എഎപിയുടെ സഞ്ജയ് സിംഗ് തുടങ്ങിയ നേതാക്കളുടെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയം മണക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.
ചീഫ് ജസ്റ്റീസിന്റെ പൂജ സിന്പിളല്ല കേജരിവാളിന്റെ ജാമ്യം വാർത്തയായതുപോലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നു ഗണപതി പൂജയിൽ പങ്കെടുത്തതും വിവാദമായി. ചീഫ് ജസ്റ്റീസിന്റെ വീട്ടിലെ സ്വകാര്യ പൂജയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതും അദ്ദേഹം ചെന്നതും നിസാരമല്ല. സഹ ജഡ്ജിമാരെപോലും ക്ഷണിക്കാത്ത സ്വകാര്യ ചടങ്ങിനാണ് മോദിയെ മാത്രം ക്ഷണിച്ചതും ചെന്നതും. ഫോട്ടോഗ്രാഫറെ കൂട്ടിയാണ് മോദി പോയതെന്നതും പ്രധാനമാണ്. സ്വകാര്യ ചടങ്ങിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കിയതിലെ ലക്ഷ്യവും സംശയിക്കപ്പെടും.
ചീഫ് ജസ്റ്റീസ് ധനഞ്ജയ ചന്ദ്രചൂഡും ഭാര്യ കൽപനയും ചേർന്ന് മോദിയെ കുനിഞ്ഞു കൈകൂപ്പി സ്വീകരിക്കുന്നതു വീഡിയോയിൽ കാണാം. പൂജയിൽ മോദിയും പങ്കാളിയായി. മോദി ആരതി നേരുന്പോൾ ചീഫ് ജസ്റ്റീസും ഭാര്യ കൽപനയും കൈകൂപ്പി നിൽക്കുന്നു. മതവിശ്വാസവും ആചാരങ്ങളും വ്യക്തികളുടെ സ്വകാര്യ കാര്യമാണ്. വീട്ടിൽ സ്വകാര്യമായി നടത്തുന്ന ചടങ്ങിന്റെ വീഡിയോ പ്രധാനമന്ത്രി പരസ്യമാക്കിയതിലൂടെ ഹൈക്കോടതികളിലെയും വിചാരണക്കോടതികളിലെയും ജഡ്ജിമാർക്കും പൊതുജനങ്ങൾക്കും തെറ്റായ സന്ദേശമാണു നൽകുന്നത്. പ്രതിപക്ഷ നേതാക്കൾക്കെതിരേ അടക്കം മോദിക്കു രാഷ്ട്രീയ താത്പര്യങ്ങളുള്ള നിരവധി കേസുകൾ സുപ്രീംകോടതി ചീഫ് ജസ്റ്റീസും ജഡ്ജിമാരും പരിഗണിക്കുന്നുമുണ്ട്.
ഞെട്ടൽ മാറാതെ നിയമലോകം ചീഫ് ജസ്റ്റീസിന്റെ വസതിയിലെ പ്രധാനമന്ത്രി പങ്കുവച്ച പൂജയുടെ വീഡിയോ കണ്ടപ്പോൾ ഞെട്ടിപ്പോയെന്ന് മുൻ കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റുമായ കപിൽ സിബൽ പറഞ്ഞു. വ്യക്തിപരമായി സത്യസന്ധത പുലർത്തുന്നയാളാണു ചന്ദ്രചൂഡ് എന്നതുകൊണ്ടു മാത്രം പ്രശ്നം ഇല്ലാതാകില്ലെന്ന് മുതിർന്ന അഭിഭാഷകരായ കപിൽ, പ്രശാന്ത് ഭൂഷണ്, ഇന്ദിര ജയ്സിംഗ് തുടങ്ങിയവർ ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ മനസിൽ എന്തു സ്വാധീനം ചെലുത്തുന്നു എന്നതാണു പ്രശ്നം. രാജ്യത്തെ പരമോന്നത ജുഡീഷറിയെക്കുറിച്ച് ഉണ്ടാകുന്ന സംശയങ്ങൾ സാധാരണക്കാരെ ബാധിക്കും.
ഗണേശ ഉൽസവം ഏറ്റവും പ്രധാനമായ മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്പോഴുള്ള ആ സന്ദർശനത്തിനും ചിത്രത്തിനും രാഷ്ട്രീയ മാനങ്ങളുമുണ്ട്. രാജ്യത്തെ ഏറ്റവും പ്രബലരായ രണ്ടു ഭരണഘടനാ പദവികളിലുള്ളവരാണ് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റീസും. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർ നടത്തുന്ന ഇഫ്താർ വിരുന്നുപോലെ നിരവധി മന്ത്രിമാരും ജഡ്ജിമാരും പങ്കെടുക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസും ജഡ്ജിമാരും പങ്കെടുക്കുന്നതു പോലെയല്ല, വീട്ടിലെ സ്വകാര്യ പൂജയ്ക്ക് പ്രധാനമന്ത്രിയെ ചീഫ് ജസ്റ്റീസ് വീട്ടിലേക്കു വിളിക്കുന്നത്. ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ അടക്കം മുൻ ചീഫ് ജസ്റ്റീസുമാർ പ്രധാനമന്ത്രിയുടെ ഇത്തരം പരസ്യ വിരുന്നുകളിൽ പങ്കെടുത്തിട്ടുമുണ്ട്. അതിൽ തെറ്റു പറയാനാകില്ല.
സംശയത്തിന് അതീതമാകട്ടെസീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്നതു പ്രധാനമാണ്. പൊതുജന മനസിൽ സംശയം ഉളവാക്കുന്ന പ്രവൃത്തികൾ പരമോന്നത ന്യായാധിപനും രാഷ്ട്രത്തിന്റെ ഭരണനായകനും ഒഴിവാക്കേണ്ടിയിരുന്നു. ജുഡീഷറിക്കു ഹാനികരമാകുന്ന സംവാദത്തിനും വിവാദത്തിനുമാണു വഴിമരുന്നിട്ടത്. ഭരണഘടനയുടെ സംരക്ഷകർതന്നെ ഇതിനു മുതിരരുത്. പരോക്ഷ ബന്ധമുള്ള കേസുകൾ പരിഗണിക്കുന്നതിൽനിന്നു സ്വമേധയാ പിന്മാറുന്നതു മുതൽ ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടങ്ങൾ വരെ ആരെയും ഓർമിപ്പിക്കേണ്ട കാര്യമല്ല. നീതിപീഠത്തിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും സംശയങ്ങളും അപകടകരമാണ്.