തോക്കിൻമുനയിൽനിന്ന് ആപ്പിളിന്റെ മാധുര്യത്തിൽ
ജമ്മു-കാഷ്മീരിലെ ബാരാമുള്ളയിൽനിന്ന് ജോർജ് കള്ളിവയലിൽ
Wednesday, October 2, 2024 2:16 AM IST
തൊണ്ണൂറുകളിൽ ജമ്മു കാഷ്മീരിലെ ഭീകര ഗ്രൂപ്പുകളുടെ കേന്ദ്രമായിരുന്ന ബാരാമുള്ള ജില്ലയിലെ സോപോർ അടക്കമുള്ള നഗരങ്ങളിൽ പലയിടത്തും ഇന്നലെ വോട്ടർമാരുടെ നീണ്ട ക്യൂ കാണാനായി. പത്തു വർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് പതിവില്ലാത്ത പങ്കാളിത്തവും ആവേശവമുണ്ട്. ഭീകരതയും തീവ്രവാദവും കൊടികുത്തി വാണിരുന്ന കാലങ്ങൾ സാവധാനമെങ്കിലും മാറിയതിൽ ആപ്പിൾ കർഷകർ അടക്കമുള്ള സാധാരണക്കാർ സന്തോഷത്തിലാണ്. അനുച്ഛേദം 370 റദ്ദാക്കിയശേഷമുള്ള തെരഞ്ഞെടുപ്പിൽ മുന്‍പെങ്ങും കാണാതിരുന്ന വാശിയിലാണു രാഷ്ട്രീയനേതാക്കളും പ്രവർത്തകരുമെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.
കുപ്വാര, ബാരാമുള്ള, ബന്ദിപുർ, ഉധംപുർ, സാംബ, കഠ്വ, ജമ്മു തുടങ്ങി ഇന്നലെ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലൊക്കെ വോട്ടർമാരിൽനിന്നു നല്ല പ്രതികരണം ഉണ്ടായതിൽ ബിജെപി, കോണ്‍ഗ്രസ്, നാഷണൽ കോണ്‍ഫറൻസ്, പിഡിപി അടക്കമുള്ള പ്രധാന പാർട്ടികളുടെയും ചെറുപാർട്ടികളുടെയും നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷനും സുരക്ഷാസൈനികരും ആഹ്ലാദത്തിലാണ്. ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയിൽ കാഷ്മീരിലെ ജനങ്ങളിൽ ഒരു വിഭാഗത്തിനെങ്കിലും പ്രതീക്ഷയുണ്ട്. മേഖലയിലാകെ മാറ്റം പ്രകടമാണ്. ബോംബുകളും തോക്കുകളും ഭീതിപ്പെടുത്തിയ നാളുകളിൽനിന്നു സമാധാനത്തിന്റെ പുതുവെളിച്ചം കാണുന്നതിലാണ് സാധാരണ ജനങ്ങളുടെ പ്രതീക്ഷ. വികസനവും തൊഴിലും വരാൻ സഹായിക്കുന്ന ഏതു രാഷ്ട്രീയമാറ്റത്തിനും ജമ്മുകാഷ്മീർ ഒരുക്കമാണ്.
എന്നാൽ, ആശങ്കയും അർധഗർഭമായ മൗനവും പാലിക്കുകയാണു മറ്റൊരു വിഭാഗം വോട്ടർമാർ. ആപ്പിൾ തോട്ടങ്ങളാൽ സന്പന്നമായ ബാരാമുള്ള ജില്ലയിലെ പല പ്രദേശങ്ങളും ഏതാനും വർഷങ്ങൾക്കു മുന്‍പുവരെ തീവ്രവാദികളുടെ കേന്ദ്രമായിരുന്നു. ഹിസ്ബുൾ മുജാഹിദീൻ, തെഹ്രികെ ഇ ജിഹാദ് ഇ ഇസ്ലാമി, ജമാത്ത് ഇസ്ലാമി എന്നിവയുടെ ആസ്ഥാനമായിരുന്നു ബാരാമുള്ളയിലെ സോപോർ. കാഷ്മീർ താഴ്വരയിൽ പലയിടത്തും കല്ലേറു നടത്തിയവർ ഇന്നു തെരുവിലില്ല. എങ്കിലും, കാഷ്മീർ താഴ്വരയിൽ തീവ്രവാദത്തിന്റെയും ഭീകരതയുടെയും വേരറുത്തുവെന്ന് പറയാനാകില്ല.
►പുതിയ സർക്കാരിൽ പ്രതീക്ഷ◄
അസ്വസ്ഥതയുളവാക്കുന്ന തീവ്രവാദം നിശബ്ദമായി ഇനിയും തിരിച്ചുവരവ് നടത്തിയേക്കുമെന്ന ഭീതി സാധാരണക്കാരിൽ പ്രകടമാണ്. “തീവ്രവാദികളുടെ സ്ലീപ്പർ സെല്ലുകൾ ഇപ്പോഴുമുണ്ട്. അനുകൂലമായ സർക്കാരും സാഹചര്യവും വന്നാൽ ഭീകര ഗ്രൂപ്പുകൾ ഇനിയും തലപൊക്കും. ഭീകരാക്രമണങ്ങൾ ജനങ്ങളുടെ സ്വൈരജീവിതം തകർത്തിരുന്നു. ജനം മടുത്തു. തൊഴിലില്ലായ്മയാണു വലിയ പ്രശ്നം. നല്ല വിദ്യാഭ്യാസവും ജോലിയുമാണ് ചെറുപ്പക്കാർ ആഗ്രഹിക്കുന്നത്. അടുത്ത വെള്ളിയാഴ്ച തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനെക്കുറിച്ച് പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.’’- ബിരുദ വിദ്യാർഥിയായ അയിഷ അജാസ് പറഞ്ഞു.
ആപ്പിൾ തോട്ടങ്ങളാൽ സന്പന്നമാണു ബാരാമുള്ള അടക്കമുള്ള വടക്കൻ കാഷ്മീർ താഴ്വരകൾ. ബാരാമുള്ള ജില്ലയിലെ ആപ്പിൾ ടൗണ്‍ എന്നറിയപ്പെടുന്ന സോപോറിലെ ആപ്പിൾ മാർക്കറ്റിൽ ദിവസവും ആയിരക്കണക്കിനു പെട്ടി ആപ്പിളാണെത്തുന്നത്. ഏഷ്യയിലെതന്നെ രണ്ടാമത്തെ വലിയ ആപ്പിൾ വിപണിയാണു സോപോറിലേത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും വിദേശത്തേക്കും നൂറുകണക്കിനു ലോഡ് ആപ്പിളാണ് ദിവസവും ഇവിടെനിന്നു കയറ്റിവിടുന്നത്. 3,000 കോടിയിലധികം രൂപയാണ് സോപോർ ‘ഫ്രൂട്ട് മൻഡി’യിലെ വാർഷിക വിറ്റുവരവ്.
“പുതിയ സർക്കാർ അധികാരത്തിൽ വരുന്പോൾ ആപ്പിൾ കർഷകർക്കു ന്യായവില ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. കേന്ദ്രഭരണംകൊണ്ട് സാധാരണക്കാർക്കു മെച്ചമില്ല. പതിറ്റാണ്ടുകളായി പരന്പരാഗത ആപ്പിൾ ഇനങ്ങളാണു കൃഷി ചെയ്തിരുന്നത്. എന്നാൽ, രുചിയും ഡിമാൻഡുമുള്ള പുതിയ ഇനങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചു. മെച്ചപ്പെട്ട വില ലഭിക്കുന്നതും വിപണിയിൽ ആവശ്യക്കാരുണ്ടെന്നതുമാണ് പ്രധാനം.’’ -സോപോറിലെ ആപ്പിൾ കർഷകനായ ആരിഫ് ബട്ട് ദീപികയോട് പറഞ്ഞു.
►സ്ഥാനാർഥിപ്രളയത്തിലും കളി◄
ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ വുലാർ തടാകം സോപോറിനും ബന്ദിപുർ ജില്ലയ്ക്കും ഇടയിലാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും വലിയ പ്രചാരണ ബോർഡുകൾ നഗരത്തിലെങ്ങുമുണ്ട്. നാഷണൽ കോണ്‍ഫറൻസ്, പിഡിപി, കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനായി ചെറുപാർട്ടികളെയും സ്വതന്ത്രരെയും കൂടുതലായി രംഗത്തിറക്കിയത് ബിജെപിയുടെ തന്ത്രമാണെന്നാണു റിപ്പോർട്ടുകൾ.
ബാരാമുള്ളയിൽ മാത്രം 25 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. സിറ്റിംഗ് എംഎൽഎയായ പിഡിപിയുടെ മുഹമ്മദ് റഫീഖ് റാഥർ, നാഷണൽ കോണ്‍ഫറൻസിന്റെ ജാവിദ് ഹസൻ ബെയ്ഗ്, കോണ്‍ഗ്രസിന്റെ മിർ ഇക്ബാൽ അഹമ്മദ് എന്നിവർക്കു വെല്ലുവിളി ഉയർത്താൻ എൻജിനിയർ റാഷിദിന്റെ അവാമി ഇത്തേഹാദ് പാർട്ടി (എഐപി) സ്ഥാനാർഥി അടക്കമുള്ളവർ സജീവ പ്രചാരണത്തിലാണ്. ജയിലിൽ കിടന്നു ലോക്സഭയിലേക്കു ജയിച്ച എൻജിനിയർ റാഷിദിന്റെ പല സ്ഥാനാർഥികളുടെയും പ്രചാരണച്ചെലവ് ബിജെപിയാണു നൽകുന്നതെന്ന് നാഷണൽ കോണ്‍ഫറൻസ് ആരോപിക്കുന്നു.
►വോട്ടർക്കും നേതാവിനും ആവേശം◄
വോട്ടർമാരിലെ ആവേശമാണ് ഇത്തവണ പ്രചാരണത്തിന്റെ ശക്തിയെന്നു സോപോറിന് അടുത്തുള്ള വഗൂര-ക്രീരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി ഇർഫാൻ ഹഫീസ് ലോണ്‍ പറഞ്ഞു. നാഷണൽ കോണ്‍ഫറൻസിന്റെ പിന്തുണ കൂടിയുള്ളതിനാൽ വിജയം ഉറപ്പാണെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. എന്നാൽ, വിജയം ആവർത്തിക്കുമെന്ന് പിഡിപി സ്ഥാനാർഥിയും മുൻമന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ സെയ്ദ് ബഷാരത് ബുഖാരി പറഞ്ഞു. പിഡിപിയിലെ പല പ്രവർത്തകരും കോണ്‍ഗ്രസിലേക്കു മാറിയതാണ് ഇത്തവണ മത്സരം കടുപ്പിച്ചത്.
ജമ്മു-കാഷ്മീലെ 90 അംഗ നിയമസഭയിലേക്ക് മൂന്നു ഘട്ടമായി നടന്ന വോട്ടെടുപ്പ് പൂർത്തിയായതോടെ പ്രധാന രാഷ്ട്രീയപാർട്ടികളെല്ലാം പ്രതീക്ഷയിലാണ്. അനുച്ഛേദം 370 തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും ജമ്മു-കാഷ്മീരിന് പൂർണ സംസ്ഥാന പദവി നൽകുമെന്നതാണു പ്രധാന പാർട്ടികളുടെ വാഗ്ദാനം. എന്നാൽ, സംസ്ഥാന പദവി എടുത്തുകളഞ്ഞ്, കേന്ദ്രഭരണ പ്രദേശമാക്കിയ ബിജെപിയുടെ ഇക്കാര്യത്തിലുള്ള വാഗ്ദാനം വിശ്വസിക്കാനാകില്ലെന്ന് കാഷ്മീരി വോട്ടർമാരിൽ പലരും പറഞ്ഞു. ഭരണം ലഭിച്ചാൽ പൂർണ അധികാരങ്ങളോടെയുള്ള നിയമസഭയും സർക്കാരും നൽകുമെന്ന കോണ്‍ഗ്രസ്- നാഷണൽ കോണ്‍ഫറൻസ് സഖ്യത്തിന്റെ വാഗ്ദാനം വോട്ടെടുപ്പിൽ പ്രതിഫലിച്ചേക്കും.
►വോട്ടെണ്ണലിനുശേഷവും കളി◄
ജമ്മു മേഖലയിൽനിന്ന് 30 സീറ്റ് നേടാനായാൽ ചെറുപാർട്ടികളെയും സ്വതന്ത്രരെയും കൂട്ടി ഭരണം പിടിക്കാമെന്ന തന്ത്രമാണു ബിജെപിയുടേത്. ജമ്മുവിൽനിന്ന് ആദ്യമായൊരു ഹിന്ദു മുഖ്യമന്ത്രി എന്ന വാഗ്ദാനത്തിൽ ജമ്മു മേഖലയിലെ മഹാഭൂരിപക്ഷം വോട്ടർമാരെയും സ്വാധീനിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ജമ്മുവിലും കാഷ്മീർ താഴ്വരയിലും കൂടുതൽ സീറ്റ് നേടുമെന്ന് കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ട്. ഭാരത് ജോഡോ യാത്രയും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രചാരണവും വോട്ടർമാരെ സ്വാധീനിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
എന്നാൽ, വ്യക്തമായ ഭൂരിപക്ഷം നേടി സർക്കാർ രൂപവത്കരിക്കുമെന്ന് കോണ്‍ഗ്രസുമായി സഖ്യത്തിൽ മത്സരിക്കുന്ന നാഷണൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ള തറപ്പിച്ചുപറയുന്നു. ജമ്മു മേഖലയിൽ ബിജെപിക്കു തുല്യമോ, കൂടുതലോ സീറ്റ് നേടുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. തൂക്കുസഭ വന്നാൽ ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തുന്നതിനാണ് മുൻതൂക്കമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി വ്യക്തമാക്കി.
ആവശ്യമെങ്കിൽ മെഹബൂബയുടെ പിന്തുണയും തേടുമെന്ന് ബിജെപി ഇന്നലെ അവകാശപ്പെട്ടു. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ പിഡിപിയും ചെറുപാർട്ടികളും സ്വതന്ത്രരും വിലപേശലിനായി കാത്തിരിക്കുകയാണ്. ജമ്മുകാഷ്മീരിലെ ഭൂരിപക്ഷം വോട്ടർമാരും പോളിംഗ് ബൂത്തിലെത്തിയതിലും കാര്യമായ അക്രമസംഭവങ്ങൾ ഒഴിവായതിലുമാണ് ജനങ്ങളുടെയും നേതാക്കളുടെയും പ്രതീക്ഷ. വോട്ടെണ്ണൽ നടക്കുന്ന എട്ടിലെ ജനവിധിയെ ആശ്രയിച്ചാകും ഇനിയുള്ള കളികൾ.