ലോകമേ കാണുക; സുന്ദരമീ കേരളം
സിജോ പൈനാടത്ത്
Friday, October 4, 2024 3:08 AM IST
സഞ്ചാരികളേ ഇതിലേ... ഇതിലേ.... എത്രയോ കാലങ്ങളായി കേരളം ലോകത്തോടിങ്ങനെ വിളിച്ചുപറയുന്നു, വെറുതെയായിരുന്നില്ല കേരളത്തിന്റെ ഹൃദയപൂർവകമായ ക്ഷണങ്ങളൊന്നും. ആ വിളി കേട്ടെത്തിയവരും മലയാളനാടിന്റെ ആത്മാവിനെയും അനുഭൂതികളെയും അറിഞ്ഞനുഭവിച്ചവരും ലോകമെന്പാടുമുണ്ട്. മടങ്ങും മുന്‍പ് അവരേറെപ്പേരും ഒരേ മനസായി, ഒരേ താളത്തിൽ കേരളത്തെ നോക്കിപ്പറഞ്ഞു- “ദൈവത്തിന്റെ സ്വന്തം നാട്...”
അനുദിനം മാറുന്ന ലോകം, പുതുക്കപ്പെട്ടതും പുതുമകളുള്ളതുമായ ആതിഥ്യത്തിന്റെ നവവിരുന്നുകളാണ് കേരളത്തിൽനിന്നു പ്രതീക്ഷിക്കുന്നത്. മാറിയ കാലത്തിന്റെ പ്രതീക്ഷകളുടെ ഭാരമേൽക്കാൻ കേരളം സന്നദ്ധമാണെന്നും ലോകം കൊതിക്കുന്ന കേരളത്തിന്റെ കാഴ്ചകളെയും അനുഭവങ്ങളെയും അതിന്റെ പൂർണതയിൽ പകർന്നുനൽകാനുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ടെന്നും വിളിച്ചുപറയുന്നതായിരുന്നു മൂന്നു ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന കേരള ട്രാവൽ മാർട്ട് (കെടിഎം 2024).

രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന കെടിഎമ്മിന് ഇക്കുറി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടൂറിസം പ്രതിനിധികളിൽനിന്നു മികച്ച സ്വീകാര്യതയാണു ലഭിച്ചത്. വലിയ പങ്കാളിത്തംകൊണ്ടും ഫലപ്രദമായ ചർച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും കേരളത്തിന്റെ ടൂറിസം മേഖലയ്ക്കു പുതിയ പ്രതീക്ഷകൾ നൽകുന്നതായിരുന്നു കെടിഎം 2024.
കെടിഎം എന്ത്, എന്തിന് ?
കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താനും ഈ രംഗത്തെ ബിസിനസുകളെയും നവീനമായ ആശയങ്ങളെയും ക്രിയാത്മകമായും ഫലപ്രദമായും കൂട്ടിയിണക്കാനുമുള്ള ആഗോളസംഗമമെന്ന് കെടിഎമ്മിനെക്കുറിച്ചു ലളിതമായി പറയാം. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയാണിത്. കേരളത്തിൽ ഇതുവരെ 12 കെടിഎമ്മുകൾ പൂർത്തിയായി. കെടിഎം കേരളത്തിലെ വിനോദസഞ്ചാര വ്യവസായത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടുമുള്ള ട്രാവൽ ഏജന്റുമാരെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രവർത്തനങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചു വിശദമാക്കാനും ബന്ധപ്പെട്ട കൂടിക്കാഴ്ചകൾക്കും ഏകീകൃത പ്ലാറ്റ്ഫോം കെടിഎമ്മിലുണ്ട്. ട്രാവൽ ഏജന്റുമാർക്കും കേരളത്തിലെ സേവനദാതാക്കൾക്കുമുള്ള ഒരു പൊതു ഇടമായി കെടിഎം മാറുന്നു. പ്രഫഷണൽ സമീപനങ്ങളിലൂടെ കേരളത്തിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പുതിയ മുഖപ്പകർച്ച നൽകാനും കെടിഎമ്മിലൂടെ കഴിയുന്നുണ്ട്.
2000ൽ ആരംഭിച്ച കെടിഎം സൊസൈറ്റിയാണു ട്രാവൽ മാർട്ട് ഏകോപിപ്പിക്കുന്നത്. ടൂറിസം രംഗത്തെ വാങ്ങലുകളും വില്പനകളും കേന്ദ്രീകരിക്കുന്ന, ഹോട്ടലുകൾ മുതൽ ചെറുകിട സേവനദാതാക്കൾ വരെ തങ്ങളുടെ സേവനങ്ങളെ പരിചയപ്പെടുത്താനും പുതിയ ആശയങ്ങളും ഡെസ്റ്റിനേഷനുകളും കണ്ടെത്താനുമുള്ള വേദിയായി ട്രാവൽ മാർട്ടിനെ ഉപയോഗിക്കുന്നു. ടൂറിസം കേന്ദ്രങ്ങളും ആശയങ്ങളും പരിചയപ്പെടുത്തുന്ന എക്സിബിഷനും മാർട്ടിന്റെ ഭാഗമാണ്.
75,000 കൂടിക്കാഴ്ചകള്‍
കേരള ട്രാവല്‍ മാര്‍ട്ടിന്റെ പന്ത്രണ്ടാം പതിപ്പാണ് കഴിഞ്ഞ 26 മുതല്‍ 29 വരെ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക കണ്വന്ഷന് സെന്ററില്‍ നടന്നത്. മൂന്നു ദിവസങ്ങളിലായി 75,000 ലേറെ വാണിജ്യ കൂടിക്കാഴ്ചകള്‍. ചരിത്രത്തിലാദ്യമായാണു കെടിഎമ്മില്‍ ഇത്രയധികം വാണിജ്യ കൂടിക്കാഴ്ചകള്‍ നടക്കുന്നത്.
ടൂറിസം രംഗത്തെ ബയര്‍മാരും സെല്ലര്‍മാരുമാണ് കെടിഎമ്മില്‍ കൂടിക്കാഴ്ചകള്ക്കെത്തിയത്. രാജ്യത്തിനകത്തും പുറത്തുംനിന്നു പ്രതിനിധികളുണ്ടായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി രണ്ടായിരത്തോളം ആഭ്യന്തര ബയര്മാരാണു കെടിഎമ്മിൽ പങ്കെടുത്തത്. 75 വിദേശ രാജ്യങ്ങളില്‍നിന്നായി 800ഓളം വിദേശ ബയര്‍മാരും ഇക്കുറി കൊച്ചിയിലെത്തി. 302 സെല്ലര്‍ സ്റ്റാളുകളാണ് കെടിഎം 2022ല്‍ ഉണ്ടായിരുന്നത്.
യുകെ (58), യുഎസ്എ (48), ഗള്‍ഫ് (54), യൂറോപ്പ് (216), റഷ്യ (30), പൂര്‍വേഷ്യ (100), ആഫ്രിക്കന്‍ രാജ്യങ്ങൾ (41) എന്നിവിടങ്ങളിൽനിന്ന് കെടിഎമ്മിൽ പ്രതിനിധികളെത്തി. മഹാരാഷ്ട്ര (521), ഡല്‍ഹി (302) ഗുജറാത്ത് (238) എന്നിവിടങ്ങളില്‍നിന്നാണ് ആഭ്യന്തര ബയര്‍മാര്‍ ഏറ്റവുമധികമെത്തിയത്.
കെടിഎമ്മിന്റെ സോഫ്റ്റ്വെയര് വഴി മാത്രം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെയാണ് 75,000 ഓളം കൂടിക്കാഴ്ചകള്‍ നടന്നത്. കെടിഎമ്മിലെ 11-ാം പതിപ്പിൽ 55,000 വാണിജ്യ കൂടിക്കാഴ്ചകളാണു നടന്നത്.
സുസ്ഥിര ടൂറിസം
രാജ്യത്തിനകത്തും പുറത്തും ടൂറിസം വ്യവസായരംഗത്തെ വിദഗ്ധരുടെയും പ്രമുഖരുടെയും സാന്നിധ്യം കെടിഎമ്മിനെ സവിശേഷമാക്കുന്നതായിരുന്നു. സെമിനാറുകളിലും മറ്റു സെഷനുകളിലുമായി ഇവർ പ്രതിനിധികളുമായി ആശയവിനിമയം നടത്തി.

കേരളത്തിലെ സുസ്ഥിരമായ ടൂറിസം സൗകര്യങ്ങൾക്കും വെല്‍നെസ് ടൂറിസത്തിനുമാണ് പുതിയ കാലത്ത് ആഗോള വിനോദസഞ്ചാരികള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ട്രാവല്‍ മാർട്ടിലെ ചർച്ചകളിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി. ആഡംബര സൗകര്യങ്ങളേക്കാള്‍ ദീർഘമല്ലാത്തതും മനസിന് അനുഭവവേദ്യമാകുന്നതുമായ യാത്രകള്‍, ടൂറിസം പാക്കേജുകളിലെ കാര്യക്ഷമത എന്നിവയും ആഗോള ടൂറിസം വിപണിയിലെ മുഖ്യ മാനദണ്ഡങ്ങളാകുന്നുണ്ട്.
2027-ഓടെ വെല്‍നെസ് ടൂറിസം മേഖലയിലെ വളർച്ച നാലിരട്ടിയായി വര്‍ധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സിത ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ദീപക് ദേവ പറഞ്ഞു. കാര്യക്ഷമത, ഉപഭോക്തൃ പിന്തുണ, ടൂറിസം സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും ജനപ്രിയത, വിശ്വാസ്യത, പരസ്യങ്ങള്‍ തുടങ്ങിയവയും പ്രധാനമാണ്. മികച്ച കാലാവസ്ഥയും ശുദ്ധവായുവുമുള്ള വിനോദസഞ്ചാര ഇടങ്ങൾക്കു സഞ്ചാരികള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. നഗരങ്ങളേക്കാള്‍ ശാന്തമായ ബീച്ചുകളും ഗ്രാമപ്രദേശങ്ങളുമാണ് ആളുകള്‍ തെരഞ്ഞെടുക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
പരിചരണ സമ്പദ് വ്യവസ്ഥ
ടൂറിസം മേഖലയിൽ പരിചരണ സമ്പദ് വ്യവസ്ഥ എന്ന ആശയം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടു വച്ചിട്ടുണ്ട്. കെടിഎമ്മിന്റെ ഉദ്ഘാടനപ്രസംഗത്തിൽ പരിചരണ സമ്പദ് വ്യവസ്ഥയും ടൂറിസം വ്യവസായവുമായി സമന്വയിപ്പിച്ചുള്ള സംയുക്ത പദ്ധതി ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വെല്‍നെസ് ടൂറിസത്തിനു കേരളത്തിലാണ് എല്ലാ സാധ്യതകളുമുള്ളത്. വിശ്രമജീവിതം, പരിചരണ സൗകര്യങ്ങള്‍ എന്നിവയുടെ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റും. രാജ്യത്തെ വ്യവസായ സൗഹൃദ രംഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ടൂറിസം മേഖലയ്ക്കും സാധിക്കും. കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷം, ലോകോത്തര ആരോഗ്യ സംവിധാനം, മതനിരപേക്ഷത എന്നിവ ടൂറിസം മേഖലയിലൂടെ വിദേശ രാജ്യങ്ങളിലെത്തിക്കാന്‍ കഴിയും. അതുവഴി കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്തും.
ടൂറിസം മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കണം. നൂതനമായ സംരംഭങ്ങള്‍ ടൂറിസം മേഖലയില്‍ വരണം. കാലാവസ്ഥാ വ്യതിയാനം മനസില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം ടൂറിസം മേഖല നടത്തണം. കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കുന്ന നടപടികള്‍ കൈക്കൊണ്ട് സുസ്ഥിര വികസനമാണ് ഈ മേഖല നേടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മേഖലയിലെ പുതിയ സംരംഭങ്ങൾക്കായി ഇൻകുബേഷൻ ആൻഡ് ഇന്നവേഷൻ സെന്റർ സംസ്ഥാന സർക്കാർ ആരംഭിക്കുന്നുണ്ട്. അഡ്വഞ്ചർ ടൂറിസം, വെൽനെസ് ടൂറിസം, വെഡ്ഡിംഗ് ഡെസ്റ്റിനേഷൻസ്, എക്സ്പീരിയൻസ് ടൂറിസം തുടങ്ങിയവയിലും കേരളം കൂടുതൽ ശ്രദ്ധയൂന്നേണ്ടതുണ്ട്.
അനിവാര്യം എഐ
നിർമിതബുദ്ധി(എഐ)യിൽ അധിഷ്ഠിതമായ ടൂറിസം വികസനത്തിലേക്ക് കേരളം ചുവടു വയ്ക്കേണ്ടതുണ്ടെന്ന് കെടിഎം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ എഐ ഉപയോഗം ലോകശരാശരിയേക്കാള്‍ രണ്ടു മടങ്ങ് അധികമാണ്. എഐ ടൂളുകൾ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ലോകത്തു രണ്ടാമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരന്പരാഗതമായ ടൂറിസം മേഖലകളെ ശക്തീകരിക്കുന്നതിന് സാങ്കേതികവൈദഗ്ധ്യം പൂർണമായും പ്രയോജനപ്പെടുത്തണം. ടെക്നോളജിയെ ഇഷ്ടപ്പെടുന്ന തലമുറയെ ആകർഷിക്കാൻ വരുംകാല ടൂറിസത്തിൽ സാങ്കേതികത്തികവും അനിവാര്യമാകുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവിക്കുകയും വളരുകയും ചെയ്യുന്ന തലമുറയാണു നാളത്തെ സഞ്ചാരികള്‍.
വ്യക്തിഗതവും അനുഭവവേദ്യവുമായ ടൂറിസം കേന്ദ്രങ്ങള്‍, ഭാഷാ സഹായം, ഇന്റലിജന്റ് വെര്‍ച്വല്‍ അസിസ്റ്റന്റ് എന്നിവയെല്ലാം ഉറപ്പാക്കണം. യാത്രയിൽ ഏതാണു വിശ്വാസയോഗ്യം എന്നത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടൂറിസ്റ്റുകള്‍ മനസിലാക്കുന്നത്. സീസണ് പ്ലാനിംഗ്, ഇവന്റ് പ്ലാനിംഗ്, വീഡിയോ അനാലിസിസ് എന്നിവയെല്ലാം അവര്‍ പരീക്ഷിക്കുന്നു.
എആര്‍വിആര്‍ സാങ്കേതികവിദ്യയിലൂടെ ചരിത്രസ്മാരകങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയെ കൂടുതല്‍ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കും. എഐ സാങ്കേതികവിദ്യ ടൂറിസം ഉപഭോക്താക്കള്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് ഐബിഎം ജെന്‍ എഐ കണ്‍സൾട്ടിംഗ് പാര്‍ട്ണര്‍ സമീന്ദ്ര ബസു പറഞ്ഞു. എഐയുടെ ഉപയോഗം മൂലം തൊഴില്‍ നഷ്ടമുണ്ടാകില്ല. പകരം എഐ നൈപുണ്യമുള്ള ജീവനക്കാര്‍ക്ക് കൂടുതല്‍ അവസരമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഞ്ചാരികൾ മുന്നോട്ട്
കോവിഡ് കാലത്തെ മാന്ദ്യത്തിനുശേഷം കേരളത്തിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു. 2023ൽ കേരളത്തിലെത്തിയ ആഭ്യന്തര സഞ്ചാരികൾ 2.18 കോടിയാണ്. 2022നെ അപേക്ഷിച്ച് 15.92 ശതമാനം വർധനവുണ്ടായി. 2022ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികളാണു കേരളത്തിലെത്തിയത്. ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളും തൊട്ടുപിന്നിലായുണ്ട്.
2023ൽ കേരളം കാണാനെത്തിയ വിദേശ സഞ്ചാരികൾ 6.49 ലക്ഷമാണ്. തൊട്ടുമുന്‍പുള്ള വർഷം ഇത് 3.45 ലക്ഷമായിരുന്നു. 87.83 ശതമാനമാണു വർധന. വിദേശസഞ്ചാരികളുടെ കാര്യത്തിലും കൊച്ചിയാണു മുന്നിൽ. 2023ൽ 2,79,904 വിദേശികളാണ് എറണാകുളം ജില്ലയുടെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെത്തിയത്.
സർക്കാർ നയം പുതുക്കണം
ടൂറിസം വികസനത്തിൽ കേരളം കാലത്തിനൊത്തുള്ള കുതിപ്പ് സ്വന്തമാക്കാൻ സർക്കാരിന്റെ സഹകരണം പ്രധാനമാണ്. ടൂറിസ്റ്റുകൾക്കു സൗകര്യപ്രദമായ തരത്തിൽ എക്സൈസ് നയത്തിലുൾപ്പെടെ സർക്കാർ നയം മാറ്റം അനിവാര്യമാണ്.
കേരളത്തിൽ വിശാലവും മനോഹരവുമായ വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകളുണ്ട്. പലരെയും അവിടേക്കെത്തുന്നതിൽനിന്നു പിന്തിരിപ്പിക്കുന്ന കാരണങ്ങളും കെടിഎം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൊച്ചിയിലെ ഉൾപ്പെടെ ആഡംബര ഹോട്ടലുകളിൽ ബുക്ക് ചെയ്തിരുന്ന കേരളത്തിന് പുറത്തുനിന്നുള്ള ചില വിവാഹ പാർട്ടികൾ ഉപേക്ഷിക്കേണ്ടിവന്നത് ഇത്തരം കാരണങ്ങൾ മൂലമാണ്.
വരുന്ന ടൂറിസം സീസണിലേക്ക് പ്രതീക്ഷ നൽകുന്ന ഇടപെടലുകളും ചർച്ചകളുമാണ് കെടിഎമ്മിൽ നടന്നത്. ഇതിന്റെ നേട്ടം കേരളത്തിന്റെ ടൂറിസം വികസനത്തിനു മുതൽക്കൂട്ടാകും.
- ജോസ് പ്രദീപ്
കെടിഎം സൊസൈറ്റി പ്രസിഡന്റ്