പാലാ: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 26 ന് പാലായിൽ നടത്തുന്ന കർഷസമ്മേളനത്തിനും റാലിക്കും ഒരുക്കങ്ങൾ പൂർത്തിയായി. 26 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ സെന്റ് തോമസ് സ്കൂൾ മൈതാനത്ത് നടക്കുന്ന സമ്മേളനത്തെ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ വിവിധ സഭാമേലധ്യക്ഷന്മാരും ബിഷപ്പുമാരും ഡിഎഫ്സിയുടെ അതാത് മേഖലകളിലെ ഭാരവാഹികളും അഭിസംബോധന ചെയ്യും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരെ ആദരിക്കും. കർഷകറാലിക്ക് എത്തുന്നവരെ ളാലം പഴയപള്ളി മൈതാനിയിലും സെന്റ് മേരീസ് സ്കൂൾ മൈതാനിയിലും സ്വീകരിക്കും. പഴയപള്ളി അങ്കണത്തിൽനിന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കർഷകറാലി കുരിശുപള്ളി ജംഗ്ഷൻ വഴി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സമ്മേളനനഗരിയിലേക്കു നീങ്ങും. കാർഷികമേഖലയിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ടു നടത്തുന്ന കർഷകരുടെ വന്പിച്ച സമ്മേളനത്തിനാണ് പാലാ സാക്ഷ്യം വഹിക്കുന്നത്.
സമ്മേളനത്തിൽ പാലാ രൂപതയിലെ സ്വാശ്രയസംഘങ്ങൾ, കർഷകദളങ്ങൾ, ഇൻഫാം, എകെസിസി, മാതൃവേദി, പിതൃവേദി, എസ്എംവൈഎം, ഡിസിഎംഎസ്, കുടുംബകൂട്ടായ്മ, ലീജിയൻ ഓഫ് മേരി, വിൻസെന്റ് ഡി പോൾ, ഫ്രാൻസിസ്കൻ മൂന്നാം സഭ, വിശ്വാസപരിശീലനം എന്നീ സംഘടനകളും പങ്കെടുക്കും. സമ്മേളനത്തിന്റെ ക്രമീകരണത്തിനായി ഫാ. സ്കറിയ വേകത്താനം (കോ-ഓർഡിനേറ്റർ), ഡോ. സണ്ണി വി. സഖറിയ, ജോർജ് വടക്കേൽ, ടോമി തുരുത്തിക്കര, ബെന്നി വടക്കേടം, ബേബി തൈരംചേരിൽ, വനിതാ വിഭാഗം ഭാരവാഹികളായ സാലിമ്മ ജോളി, ജെയ്സി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരികയാണ്.