കത്തിയമരുന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്ക് തുണയായി ക്രെയിൻ ഓപ്പറേറ്റർ
Friday, May 10, 2019 4:45 PM IST
കത്തിയമരുന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ നിരവധിയാളുകൾക്ക് കൗമാരക്കാരന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രണ്ടാം ജന്മം. ചൈനയിലെ ഫുഷുണിലുള്ള ലയണോയിംഗിലാണ് സംഭവം.
ഒരു ബഹുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇതിനുള്ളിലുണ്ടായിരുന്ന 14 പേർ പുറത്തിറങ്ങാനാവാത്ത വിധം കുടുങ്ങിയിരുന്നു. മരണത്തെ മുന്നിൽ കണ്ട് ഇവർ നിൽക്കുമ്പോൾ 19 വയസുകാരനായ ഒരു ക്രെയിൻ ഓപ്പറേറ്റർ ക്രെയിനുമായി എത്തി ഇവരെ രക്ഷിക്കുകയായിരുന്നു.
അപകടം നടന്ന സ്ഥലത്തിനു സമീപമുള്ള ഒരു കെട്ടിടം പണിക്കു വേണ്ടി എത്തിയതായിരുന്നു ഈ ക്രെയിൻ ഓപ്പറേറ്റർ. സംഭവം കണ്ട ഉടൻ തന്നെ ക്രെയിനുമായി ഇവിടേക്ക് എത്തി ഇദ്ദേഹം രണ്ടാമതൊന്ന് ചിന്തിക്കാതെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഏകദേശം അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിക്കുവാനായത്.
സമീപമുണ്ടായിരുന്ന ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. സമയോചിതമായ ഇടപെടലിനെ തുടർന്ന് നിരവധിയാളുകൾക്ക് തുണയായി മാറിയ ഈ കൗമാരക്കാരന് അഭിനന്ദനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.