രണ്ട് പുഴുങ്ങിയ മുട്ടയ്ക്ക് വില 1700 രൂപ; ഹോട്ടൽ ബിൽ പങ്കുവച്ച് യുവാവിന്റെ പ്രതിഷേധം
Monday, August 12, 2019 12:33 PM IST
രണ്ട് ഏത്തപ്പഴത്തിന് 442 രൂപ ഈടാക്കിയ മാരിയറ്റ് ഹോട്ടലിന്റെ പ്രവർത്തി സോഷ്യൽമീഡിയയിൽ ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവം ഏറെ ചർച്ച വിഷയമായതിനു പിന്നാലെ അധികൃതർ നടപടിയുമെടുത്തിരുന്നു.
ഇപ്പോഴിതാ രണ്ട് പുഴുങ്ങിയ മുട്ടകൾക്ക് 1700 രൂപ ഈടാക്കിയ ഹോട്ടലിന്റെ പ്രവർത്തിയാണ് ഏറെ അമ്പരപ്പിക്കുന്നത്. മുംബൈയിലെ ഫോർ സീസണ് ഹോട്ടലിലേതാണ് ബിൽ. കാർത്തിക് ധർ എന്നയാൾ ബില്ല് സഹിതം ട്വിറ്ററിൽ പങ്കുവച്ചതിനെ തുടർന്നാണ് സംഭവം ജനശ്രദ്ധ നേടുന്നത്. രാഹുൽ ബോസിനെ ടാഗ് ചെയ്ത് "നമ്മൾക്ക് പ്രതിഷേധിക്കാം' എന്നും കാർത്തിക് കുറിച്ചു.
ബില്ലിൽ ഒാംലെറ്റിന് 850 രൂപ ഈടാക്കിയതും കാണാം. സംഭവം ഏറെ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവർത്തി അവസാനിപ്പിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അഭിപ്രായമുയരുന്നുണ്ട്.