ഉയരം പേടി, മരം കയറാനും അറിയില്ല; ഇങ്ങനെയും ഒരു കുരങ്ങൻ!
Sunday, February 28, 2021 3:43 AM IST
അണ്ണാൻ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണമോയെന്ന് ചോദിക്കാറുണ്ട്. കാരണം മുതിർന്ന അണ്ണാന്റെ കൂടെ നടന്ന് അണ്ണാൻ കുഞ്ഞും മരം കയറാൻ പഠിക്കും. ഏതൊരു ജീവിയും സ്വന്തമായി ഭക്ഷണം കണ്ടെത്താനും ജീവിക്കാനും പഠിക്കുന്നത് അവയുടെ കൂട്ടത്തിലെ മുതിർന്നവരെ അനുകരിച്ചാണ്.
ഇപ്പോഴിത മരം കയറാൻ പഠിക്കുന്ന ഒരു ഒറംഗുട്ടാന്റെ വിശേഷമാണ് വാർത്തകളിൽ നിറയുന്നത്. കുക്കർ എന്ന ഒറംഗുട്ടാനെ പടിഞ്ഞാറൻ ബോർണിയോയിലെ ഒരു കുടിലിൽ വർഷങ്ങളായി കെട്ടിയിട്ട് വളർത്തുകയായിരുന്നു. അനധികൃത വളർത്തുമൃഗമായി കെട്ടിയിട്ടിരുന്ന ഇതിനെ അധികൃർ രക്ഷപ്പെടുത്തുകയായിരുന്നു. കഴുത്തിൽ ഒരു കയറുകെട്ടി ഉടമയുടെ കുടുംബത്തോടും അവരുടെ വളർത്തുമൃഗങ്ങളായ കോഴികളോടും പന്നികളോടും ഒപ്പമായിരുന്നു ഒറംഗുട്ടാന്റെ താമസം.
അതുകൊണ്ടുതന്നെ കുരങ്ങന്മാരെപ്പോലെ മരം കയറാനോ പഴങ്ങൾ പറിച്ച് കഴിക്കാനോ ഇതിന് അറിയില്ലായിരുന്നു. മാത്രമല്ല ഉയരം ഒറംഗുട്ടാന് പേടിയുമായിരുന്നു. ഇപ്പോഴിത ടിമിഡ് എന്ന പരിശിലകന്റെ സഹായത്തോടെ കുക്കുർ ഇപ്പോൾ മരം കയറാൻ പഠിച്ചിരിക്കുകയാണ്. ഒറംഗുട്ടാൻമാർ 90 ശതമാനം അർബോറിയൽ ആണ്. അവർ മുഴുവൻ സമയവും മരങ്ങളിൽ ഭക്ഷണം കഴിക്കുന്നതിനായി ചെലവഴിക്കുന്നവയാണ്.