അമ്മ പാത്രം കഴുകാന്‍ പറഞ്ഞു; മകള്‍ കത്തെഴുതി! സംഗതി വൈറലായി
Friday, June 25, 2021 5:49 PM IST
ടിവിയോ മൊബൈലോ കയ്യില്‍ കിട്ടിയാല്‍ പിന്നെ കുട്ടികളെ അതിന്റെ മുന്നില്‍ നിന്നും എഴുന്നേല്‍പ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കും മാതാപിതാക്കള്‍. രാത്രിയില്‍ ഉറങ്ങാന്‍ സമയത്ത് ഏറെ പണിപ്പെട്ടാവും ഇവയൊക്കെ കുട്ടികളുടെ പക്കല്‍ നിന്നും വാങ്ങിക്കുന്നത്. അങ്ങനെ ഒരു അമ്മയും മകളും ഒരു കത്തുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
പാത്രം കഴുകാന്‍ പറഞ്ഞു
ടിവി ഓഫ് ചെയ്ത് പാത്രം കഴുകാന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് മകള്‍ അമ്മയ്ക്ക് കത്തെഴുതിയത്.ഏഴു വയസുകാരി മകള്‍ ഒരു ഡിസ്നി സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.അത് ഓഫ് ചെയ്ത് പാത്രം കഴുകി വെയ്ക്കാന്‍ അമ്മ ആവശ്യപ്പെട്ടു. പിന്നീടാണ് അവളുടെ കത്ത് അമ്മ കണ്ടെത്തുന്നത്.
അമ്മയോട്, പാത്രം കഴുകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, എനിക്ക് മോനാന കാണണമെന്നും ആഗ്രഹമുണ്ട്. എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.മോനാന എങ്ങനെ അവസാനിക്കും എന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് ഇത് ഞാന്‍ കാണും.
നിങ്ങളുടെ തീരുമാനത്തില്‍ നിന്നും നിങ്ങളെ വ്യതിചലിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ പാത്രങ്ങളും ഞാന്‍ കഴുകും എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. കത്തിനടിയില്‍ രണ്ടു രൂപങ്ങളും അവള് വരച്ചിട്ടുണ്ട്. ഒന്ന് സങ്കടകരമായ മുഖത്തോടെയുള്ളതും മറ്റൊന്ന് സന്തോഷകരമായ മുഖത്തോടെയുള്ളതും.
ഇടയ്ക്കിടയ്ക്ക് കത്ത് ലഭിക്കും
മകളുടെ കത്ത് വളരെ ശ്രദ്ധാപൂര്‍വമാണ് അമ്മ റെഡിറ്റില്‍ പങ്കുവെച്ചിരിക്കുന്നത്. മാതാപിതാക്കളുടെ തീരുമാനത്തോട് ഞങ്ങളുടെ മകള്‍ വിയോജിക്കുമ്പോഴെല്ലാം ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള നിഷ്ക്രിയ ആക്രമണ കാര്‍ഡുകള്‍ ലഭിക്കുമെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അമ്മ പറഞ്ഞിരിക്കുന്നത്.
കത്ത് കണ്ട് പലരും രസകരമായ കമന്റുകളും പങ്കുവെച്ചിട്ടുണ്ട്. അവളുടെ എഴുതാനുള്ള കഴിവിനെയാണ് ഒരാള്‍ പ്രശംസിച്ചിരിക്കുന്നത്. മറ്റൊരാള്‍ അവള്‍ക്ക് ജോലി കിട്ടി കഴിയുമ്പോള്‍ കമ്പനിയിലേക്ക് അവള് അയക്കുന്ന ഇ-മെയില്‍ സന്ദേശങ്ങളെക്കുറിച്ചും മറ്റൊരാള്‍ അവള് വിവാഹിതയായാല്‍ ഭര്‍ത്താവുമായി ഉണ്ടാകാനിടയുള്ള തര്ക്കങ്ങളെക്കുറിച്ചുമൊക്കെയാണ് പറഞ്ഞിരിക്കുന്നത്.