ശിശുക്ഷേമ ഉദ്യോഗസ്ഥയെ വളഞ്ഞിട്ട് ആക്രമിച്ച് വിദ്യാർഥികൾ
Wednesday, November 13, 2019 10:10 AM IST
ശിശുക്ഷേമ ഉദ്യോഗസ്ഥയെ വിദ്യാർഥികൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ റായ്ബേലിയില ഗാന്ധിസേവ നികേതനിലെ ശിശുക്ഷേമ ഉദ്യോഗസ്ഥയായ മമത ദുബൈയെയാണ് വിദ്യാർഥികൾ കൂട്ടമായി ആക്രമിച്ചത്.
കസേരയിൽ ഇരിക്കുന്ന മമതയുടെ ബാഗ് ഒരു വിദ്യാർഥി എടുത്തെറിഞ്ഞു. ബാഗ് എടുത്ത് വീണ്ടും കസേരയുടെ അരികിലേക്ക് വന്ന മമതയെ വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. കസേര ഉപയോഗിച്ചും ഇവരെ ആക്രമിച്ചു.
ശുചിമുറിയിൽ തന്നെ വിദ്യാർഥികൾ പൂട്ടിയിട്ടുവെന്നും മമത പറയുന്നു. ഇതിനെ സംബന്ധിച്ച് ഇവർ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് രണ്ടു ദിവസം കഴിഞ്ഞ് സ്ഥാപനത്തിൽ എത്തിയപ്പോഴാണ് വിദ്യാർഥികൾ മർദ്ദിച്ചത്.
എന്നാൽ വിദ്യാർഥികളോട് മമത വളരെ മോശമായി പെരുമാറിയെന്നും അവരെ അനാഥരെന്ന് വിളിച്ച് പരിഹസിച്ചതിനാലാണ് അവർ പ്രകോപിതരായതെന്നും ഗാന്ധി സേവ നികേതന്റെ മാനേജർ വ്യക്തമാക്കി. മാനേജർക്ക് എതിരെയും മമത നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.