36 സെക്കൻഡ്, 118 മൂലകങ്ങൾ! ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി അഭിരാമി
Sunday, August 29, 2021 2:45 PM IST
രസതന്ത്രത്തിലെ 118 മൂലകങ്ങളുടെ പേര് തെറ്റാതെ 36 സെക്കൻഡ് കൊണ്ടുപറഞ്ഞ് ഇന്ത്യബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി അയിലം ഗവ. എച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥി അഭിരാമി. ദിവസവും 10 മൂലകങ്ങളുടെ പേര് മനഃപാഠമാക്കിയാണ് ഇൗ കൊച്ചുമിടുക്കി അഭിമാനകകരമായ നേട്ടം കൈവരിച്ചത്.
മോഹൽലാൽ ചിത്രങ്ങളുടെ പേര് പറഞ്ഞ് റിക്കാർഡ് നേടിയ കുട്ടിയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് അഭിരാമിയും ശ്രമം തുടങ്ങിയത്. ഒരുമിനിട്ടുനുള്ളിൽ പറഞ്ഞ് തീർക്കലായിരുന്നു ആദ്യത്തെ ശ്രമം. പിന്നീട് വേഗത കൂട്ടി.
ഒടുവിൽ 36 സെക്കൻഡിനുള്ളിൽ 118 മൂലകങ്ങളും അഭിരാമിക്ക് കീഴടങ്ങി. തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അപേക്ഷിച്ചു. ജൂലൈ 22 ന് റിക്കാർഡിനായി 118 മൂലകങ്ങളുടെ പേര് 36 സെക്കൻഡ്കൊണ്ടു പറഞ്ഞു.
14 വയസുള്ള അഭിരാമിയുടെ നേട്ടത്തെ അഭിനന്ദിച്ചുള്ള ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ സർട്ടിഫിക്കറ്റും മെഡലും കഴിഞ്ഞ ദിവസം വീട്ടിലെത്തി. വേൾഡ് റിക്കാർഡ് നേടണമെന്നാണ് അഭിരാമിയുടെ ആഗ്രഹം. അതിനുള്ള പരിശ്രമവും തുടങ്ങിക്കഴിഞ്ഞു. അയിലം അങ്കണവാടിയിലെ താത്കാലിക ജീവനക്കാരി സുകന്യയുടെയും ഡ്രൈവർ അനീഷിന്റെയും മകളാണ്. അയിലം സ്കൂളിലെ തന്നെ നാലാം ക്ലാസുകാരി അഭിശ്രീ സഹോദരിയാണ്.