തോറ്റത് ഇല്ലായ്മകൾ, ജയിച്ചത് അമൃത; ഈ ഫുൾ എ പ്ലസിന് ഇരട്ടിമധുരം
Sunday, July 5, 2020 7:19 PM IST
അഞ്ച് വർഷമായി നൂറ് ശതമാനം വിജയം എസ്എസ്എൽസി പരീക്ഷയിൽ നേടുന്ന എരുമേലി കനകപ്പലത്തെ എംടി ഹൈസ്കൂളിൽ ഇത്തവണ പരീക്ഷ എഴുതിയ 53 പേരും ജയിച്ചപ്പോൾ ഒരാൾക്ക് ഫുൾ എ പ്ലസ് ഉണ്ടായിരുന്നു. ഇല്ലായ്മകളുടെ പരിമിതികളെ ആത്മവിശ്വാസം കൊണ്ട് നേരിട്ട അമൃത നേടിയ എ പ്ലസുകൾക്ക് തിളക്കമേറെയാണ്. ജീവിതത്തിന്റെ കഷ്ടപ്പാടുകൾ മറികടന്ന് നേടിയ അഭിമാനകരമായ ആ വിജയത്തെ കട്ടൗട്ടറുകളിലും ബോർഡുകളിലുമാക്കി അഭിമാനത്തോടെ ആഘോഷിക്കുകയാണ് നാട്ടുകാർ.
മുക്കട ചാരുവേലി നാട്ടുമാക്കൽ അനീഷ് സുഷമ ദമ്പതികളുടെ മകളായ അമൃതയെ അഭിനന്ദിച്ച് അധ്യാപകർ പറഞ്ഞതിങ്ങനെ... "അപകടത്തിന്റെ വേദനയിലും കുടുംബം പോറ്റാൻ കൂലിപ്പണിക്ക് പോകുന്ന അച്ഛനാണ് അവളുടെ ഹീറോ. ആകെയുള്ള നാല് സെന്റിലെ സിമന്റ് തേച്ചിട്ടില്ലാത്ത കൊച്ചുവീട്ടിൽ രണ്ട് അനിയത്തിമാർക്കും അമ്മയ്ക്കും മുന്നിൽ അവൾ സങ്കടങ്ങളൊന്നും പുറത്തു കാണിക്കില്ല. പരീക്ഷയിൽ ഓരോ വിഷയങ്ങളെയും തോൽപ്പിച്ച് ഫുൾ എ പ്ലസ് നേടാൻ സ്വന്തം ജീവിതം തന്നെയായിരുന്നു അവളുടെ പാഠപുസ്തകം...'
അമൃതയെ കൂടാതെ ഏഴിലും ആറിലും പഠിക്കുന്ന അപർണ, അബിത എന്നിവരുൾപ്പടെ മൂന്ന് പെണ്മക്കളാണ് അനീഷിനും സുഷമക്കും. മൂവരും എംടി ഹൈസ്ക്കൂളിലാണ് പഠിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപെട്ട ഇവർക്ക് നാല് സെന്റ് സ്ഥലമാണ് ആകെയുള്ളത്. ഇഷ്ടിക തേച്ചിട്ടില്ലാത്ത ചുവരുകളും രണ്ട് കൊച്ചുമുറികളും അടുക്കളയും മാത്രമുള്ള വീട്ടിലാണ് ഈ അഞ്ചംഗ കുടുംബം കഴിയുന്നത്.
ലോഡിംഗ് തൊഴിലാളിയായ അനീഷിന്റെ വരുമാനമാണ് ഏക ഉപജീവനമാർഗം. രണ്ട് വർഷം മുമ്പ് ലോറിയിൽ തടി കയറ്റിക്കൊണ്ടിരിക്കുന്നതിനിടെ തടി ഉരുണ്ട് അനീഷിന്റെ നടുവിന് വീണു. ഇതോടെ മാസങ്ങളോളം കിടപ്പിലായി ചികിത്സയിൽ കഴിയേണ്ടിവന്നു. എന്നാൽ വേദന വകവെയ്ക്കാതെ അനീഷ് ചെറിയ കൂലിപ്പണികൾക്ക് പോയിത്തുടങ്ങി. അധ്വാനമുള്ള പണികളൊന്നും ചെയ്യരുതെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത്.
കുടുംബം പോറ്റാൻ സ്വന്തം വേദനകളെ മറക്കുന്ന അച്ഛനായിരുന്നു പഠനത്തിൽ അമൃതയുടെ പ്രചോദനം. അച്ഛന്റെ തുച്ഛമായ വരുമാനം തന്റെ പഠനത്തിന് ചെലവിടാൻ അവൾ തയാറായില്ല. ട്യൂഷനോട് അവൾ നോ പറഞ്ഞു. ക്ലാസ് മുറിയിൽ അധ്യാപകർ നൽകുന്ന പാഠങ്ങൾ മാത്രമായിരുന്നു അറിവുകൾ.
അപകടത്തിൽ അച്ഛൻ കിടപ്പിലായപ്പോൾ താങ്ങും തണലുമായത് അധ്യാപകരും സഹപാഠികളുമായിരുന്നു. പഠിക്കാൻ സഹായങ്ങൾ ഒരുക്കാനും അവരെല്ലാം ഒപ്പമുണ്ടായിരുന്നു. വീട്ടിൽ അമ്മയും അനിയത്തിമാരും അവൾ പഠിക്കുന്നത് കണ്ട് ഒപ്പം കൂടുമായിരുന്നു. കൂട്ടായുള്ള ആ പഠനമൊക്കെ മനസിൽ മറന്നുപോകാനാവാത്ത ഉത്തരങ്ങൾ നിറച്ചെന്ന് സന്തോഷത്തോടെ അമൃത പറയുന്നു.
സന്തോഷത്തേക്കാൾ തുടർപഠനവും അനിയത്തിമാരുടെ പഠനവും അച്ഛന്റെ ശാരീരിക വിഷമതകളും വീട്ടിലെ സാമ്പത്തിക പരിമിതികളുമൊക്കെയാണ് ഇപ്പോൾ അമൃതയുടെ മനസിലെ ആശങ്കകൾ. എന്നാൽ അവിടെയും അവളിലുണ്ട് പഠിച്ച് നല്ല നിലയിലെത്തി എല്ലാം ശരിയാകുമെന്ന ശുഭപ്രതീക്ഷ.