എരിതീയിൽ നിന്ന് വറചട്ടിയിലേക്ക്! മുതലയുടെ വായിൽ നിന്ന് രക്ഷപെട്ടോടിയ ഇംപാലയ്ക്ക് സംഭവിച്ചത്...
Friday, June 28, 2019 6:18 PM IST
ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടോടുന്പോൾ അതിലും വലിയ അപകടത്തിൽ പെടുന്ന അവസ്ഥയുണ്ടാകുന്നത് എത്ര പരിതാപകരമാണ്.
ഇവിടെയൊരു ഇംപാലയ്ക്കു സംഭവിച്ചതും അതാണ്. മാൻ വർഗത്തിൽ പെടുന്ന ഒരു ജീവിയാണ് ഇംപാല. ബോട്സ്വാനയിലെ വനാന്തരങ്ങളിലാണ് സംഭവം നടന്നത്. ഇവിടെ സഫാരി ഗൈഡായി ജോലി ചെയ്യുന്ന ഡച്ച് കാസേയൽ ആണ് ജീവൻമരണ പോരാട്ടം നടത്തുന്ന ഇംപാലയുടെ ചിത്രങ്ങൾ പകർത്തിയത്.
കാട്ടുനായ്ക്കളുടെ കാലടികൾ കണ്ട് അവയെ തിരഞ്ഞെത്തിയതായിരുന്നു ഡച്ച് കാസേയലും ഒരു സംഘം വിനോദസഞ്ചാരികളും. പെട്ടെന്നാണ് ഒരു കൂട്ടം കാട്ടുനായ്ക്കൾ ഒരു ഇംപാലയെ തുരത്തുന്നത് ശ്രദ്ധയിൽ പെട്ടത്. കാട്ടുനായ്ക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനായി സമീപത്തു കണ്ട ജലാശയത്തിലേക്ക് ഇംപാല എടുത്തുചാടി. കരയിലായി കാട്ടുനായ്ക്കളും ഇരിപ്പുറപ്പിച്ചു. ഒരുവിധത്തിൽ ജീവനും കൈയിൽ പിടിച്ച് മറുകര ലക്ഷ്യമാക്കി നീന്തിയ ഇംപാലയുടെ വിധി മറ്റൊന്നായിരുന്നു.
രക്ഷപ്പെട്ട ആശ്വാസത്തിൽ നിന്ന ഇന്പാലയുടെ മുന്നിലേക്ക് വായും പിളർത്തി മുതലയെത്തിയതോടെ രംഗം വീണ്ടും കലുഷിതമായി. പിന്നീട് മുതയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനായിരുന്നു ഇംപാലയുടെ ശ്രമം. വേഗം നീന്തി മറുകരയെത്താൻ ശ്രമിച്ചെങ്കിലും പിൻകാലിൽ മുതലയുടെ പിടിവീണു. എങ്കിലും ആവുന്നത്ര ശക്തിയിൽ മുതലയെ കുടഞ്ഞെറിഞ്ഞ് കരയിലേക്ക് കയറി.
പിൻകാലിലെ മുറിവും ക്ഷീണവും ഇംപാലയെ അപ്പോഴേക്കും തളർത്തിയിരുന്നു. വെള്ളത്തിൽ നിന്നും രക്ഷപ്പെട്ട് കരയിലേക്ക് കയറുന്നതിനു മുൻപേ കാത്തിരുന്ന കാട്ടുനായ്ക്കൾ ഇംപാലയെ വളഞ്ഞു. പിന്നിൽ വായും പിളർത്തി നിൽക്കുന്ന മുതല, മുന്നിൽ കടിച്ചു കീറാൻ തയാറായി നിൽക്കുന്ന കാട്ടുനായ്ക്കൾ. പിൻകാലിലെ മുറിവുമായി മുന്നോട്ട് ഓടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഇംപാല വിധിക്കു കീഴടങ്ങി. കാട്ടുനായ്ക്കളുടെ കൂട്ടം ഇംപാലയെ കടിച്ചു വലിച്ച് കരയിലേക്കിട്ട് നിമിഷനേരം കൊണ്ട് ഭക്ഷിക്കുകയും ചെയ്തു. സഞ്ചാരികൾക്കെല്ലാം കടുത്ത വേദന സമ്മാനിക്കുന്നതായിരുന്നു ആ ദൃശ്യങ്ങൾ.