പല മനുഷ്യരും തങ്ങളുടേതായ വേറിട്ട കഴിവുകള്‍ കൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിക്കാറുണ്ട്. അത്തരത്തില്‍ നമ്മളില്‍ ഏറ്റവും അതിശയം ജനിപ്പിക്കുന്ന ആളുകളാണ് ചിത്രകാരന്മാര്‍. അക്കൂട്ടരില്‍ ചിലര്‍ അല്പം കൂടി വേറിട്ട ശൈലിയായിരിക്കും സ്വീകരിക്കാറുള്ളത്.

അങ്ങനെ ഒരാളാണ് ഇംഗ്ലണ്ടിലെ ഹാംഷയറിലെ പോര്‍ട്സ് മൗത്തിലുള്ള ജസ്റ്റിന്‍ ബാറ്റ്മാന്‍ എന്ന ചിത്രകല അധ്യാപകന്‍. സാധാരണയായി നിലത്ത് പാകുന്ന കല്ലുകളാണ് ഇദ്ദേഹം തന്‍റെ കാന്‍വാസായി തെരഞ്ഞെടുക്കുന്നത്.

പ്രശസ്ത നാടകകൃത്തായ വില്യം ഷേക്സ്പിയര്‍ മുതല്‍ ഹോളിവുഡ് നടനായ റോബര്‍ട്ട് ഡി നീറൊയെവരെ ഇദ്ദേഹം ഇത്തരത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലും തായ്‌ലന്‍ഡിലുമാണ് ഈ 46കാരന്‍ കൂടുതലായും ഇത്തരത്തില്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്.


ഏകദേശം അഞ്ചാഴ്ചവരെയാണ് ഒരു രൂപം തീര്‍ക്കാന്‍ തനിക്കാവശ്യമായി വരികയെന്ന് ജസ്റ്റിന്‍ ബാറ്റ്മാന്‍ പറയുന്നു. എന്നാല്‍ ചെറിയ ചിത്രങ്ങളാണെങ്കില്‍ 12 ദിവസം കൊണ്ട് തീര്‍ക്കാറുണ്ട്.

ആരുടെ രൂപമാണുണ്ടാക്കേണ്ടത് എന്ന് നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നീട് അതിനുതകുന്ന ഇടവും കല്ലുകളും കണ്ടെത്തും. കാലാവസ്ഥയും വെളിച്ചത്തിന്‍റെ സാന്നിധ്യവും താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇതിനോടകം ഇത്തരത്തില്‍ വെള്ളരാം കല്ലുകളില്‍ 60 രൂപങ്ങളാണ് ഇദ്ദേഹം തീര്‍ത്തിട്ടുള്ളത്. കാഴ്ച്ചകാര്‍ക്കിത് വലിയ ആനന്ദവും അതിശയവുമാണ് സമ്മാനിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും ഇദ്ദേഹത്തിന്‍റെ ചിത്രകല രൂപങ്ങള്‍ വെെറലാകാറുണ്ട്.