നാലു മണിക്കൂർ ഐസിനു മുകളിൽ; നിർമിച്ചതു പത്തടി ശില്പം
Saturday, January 30, 2021 4:26 PM IST
തണുപ്പത്ത് എത്ര നേരം നിൽക്കാനാകും. ഓർക്കുന്പോഴെ പലരെയും കിടുകിട വിറയ്ക്കും? അപ്പോൾ കനത്ത മഞ്ഞു വീഴ്ചയുള്ള സ്ഥലത്തു വീണു കിടക്കുന്ന ഐസിനു മുകളിൽ നാലു മണിക്കൂർ നിൽക്കേണ്ടി വന്നാലോ? വിറച്ചു ചത്തു പോകുമെന്നായിരിക്കും പലരുടെയും അഭിപ്രായം.
എന്നാൽ, എഡ് എലിയട്ട് എന്ന കലാകാരൻ കൊടും തണുപ്പും കനത്ത മഞ്ഞുവീഴ്ചയുമുള്ള വോർസ്സ്റ്റെഷയറിലെ മാൽവണ് കുന്നിനു മുകളിൽ നാലു മണിക്കൂർ ചെലഴിച്ചു ഒരു ശില്പം മെനഞ്ഞു.
ഐസിൽ തീർത്ത ശില്പം കണ്ടാൽ ആരുമൊന്നു നോക്കും. പത്തടി ഉയരത്തിൽ ഒരു സ്വർഗീയ ശില്പം. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ കനത്ത മഞ്ഞുവീഴ്ച വകവയ്ക്കാതെയാണ് എലിയട്ട് ചിറകു വിരിച്ചുനിൽക്കുന്ന ഒരു മാലാഖയുടെ ശില്പം കൊത്തിയെടുത്തത്. ആകെ കൈയിലുണ്ടായിരുന്ന ആയുധം ഒരു ചെറിയ കത്തി മാത്രം!
മഞ്ഞു വീഴ്ചയിൽനിന്നു ശില്പം നിർമിക്കുന്പോൾ ഞാൻ മഞ്ഞിൽ കളിക്കുന്ന ഒരു കുട്ടിയായി മാറിയോയെന്ന് എനിക്കു തോന്നി. പണി തീർന്നപ്പോൾ രാത്രിയായി അതുകൊണ്ട് അടുത്ത ദിവസം രാവിലെയാണ് ശില്പത്തിന്റെ ചിത്രം പകർത്തിയത്.
തെളിഞ്ഞ നീലാകാശവും സൂര്യപ്രകാശവും ഉണ്ടായിരുന്നതിനാൽ മനോഹരമായ ചിത്രങ്ങൾ ലഭിച്ചു. പിന്നീടു കുട്ടികളും കുടുംബങ്ങളായെത്തിയവരുമൊക്കെ മാലാഖയുടെ ചിറകിനടിയിൽ ചേർന്നിരുന്നു ചിത്രങ്ങൾ എടുക്കുന്നതു കണ്ടപ്പോൾ എനിക്ക് അഭിമാനവും സന്തോഷവും തോന്നി- എലിയട്ട് പറഞ്ഞു.
ഒരു കലാകാരനെന്ന നിലയിൽ വ്യത്യസ്ത വസ്തുക്കളിൽ പരീക്ഷണം നടത്താറുണ്ട്. മരത്തിൽ കൊത്തുപണി ചെയ്യുന്നതിൽനിന്ന് ഏറെ വേറിട്ട അനുഭവം. ഉണ്ടാക്കിയ ശില്പം പിറ്റേന്ന് ഉച്ചയോടെ ഉരുകാൻ തുടങ്ങിയെങ്കിലും താൻ സന്തോഷവാനാണെന്ന് എലിയട്ട് പറയുന്നു.