ഇന്ത്യാഗേറ്റിൽ നിസാൻ-ജിടിആറിൽ മൂളിപ്പറന്ന് ബിജെപി മന്ത്രിയുടെ അനന്തരവൻ
Sunday, July 14, 2019 3:15 PM IST
രാജ്യതലസ്ഥാനത്തെ അതീവസുരക്ഷാ മേഖലയായ വിജയ് ചൗക്കിൽ നിസാൻ-ജിടിആറിൽ യുവാവിന്റെ പ്രകടനം. ശനിയാഴ്ച പുലർച്ചെ നാലോടെയാണ് ഇന്ത്യാഗേറ്റിനു സമീപം യുവാവ് കാറുമായി പോലീസിനെ വെള്ളംകുടിപ്പിച്ചത്.
രാഷ്ട്രപതി ഭവൻ ഉൾപ്പെടെയുള്ള അതിസുരക്ഷാ മേഖലകളിൽ രണ്ടു കോടി വിലമതിക്കുന്ന കാറിൽ പാറിപ്പറന്ന യുവാവ് പോലീസ് നോക്കിനിൽക്കെ സ്ഥലംവിട്ടു. ഒരു ദിവസത്തെ തെരച്ചിലിനുശേഷമാണ് പോലീസിന് കാറിന്റെ ഉടമയെ കണ്ടെത്താനായത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പോലീസ് കാറിന്റെ നന്പർ തിരിച്ചറിഞ്ഞത്.
ഹരിയാന ധനമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റൻ അഭിമന്യുവിന്റെ അനന്തരവൻ സർവേഷ് സിന്ധുവാണ് കാറിൽ അഭ്യാസം നടത്തിയത്. ഗുഡ്ഗാവുമായി അതിർത്തി പങ്കിടുന്ന കാപസേഡയിലെ ഫാംഹൗസിൽനിന്ന് ഈ കാർ കണ്ടെത്തി.
സാധാരണ സ്പീഡിലാണ് സിന്ധു കാർ ഓടിച്ചിരുന്നതെന്നും വിശാലമായ റോഡ് കണ്ടതോടെയാണ് ഇയാൾ വേഗത വർധിപ്പിച്ചതെന്നും പോലീസ് പറയുന്നു. ഇവിടെനിന്നു പോകുന്നതിനു മുന്പ് മൂന്നു തവണ ഇയാൾ പോലീസ് ട്രാഫിക് ബൂത്തിനു വലംവച്ചു. അപകടകരമായി വാഹനമോടിച്ചതിന് സിന്ധുവിന് നോട്ടീസ് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.
ജാപ്പനീസ് കാർ നിർമാതാക്കളായ നിസാന്റെ ഏറ്റവും പ്രസിദ്ധമായ സ്പോർട്സ് കാറാണ് നിസാൻ-ജിടിആർ. 2017-ൽ പുറത്തിറക്കിയ കാറിന്റെ പരിഷ്കരിച്ച പതിപ്പുകൾ നിലവിൽ വിപണിയിൽ എത്തുന്നുണ്ട്.