മകളുടെ വേഷം ധരിച്ച് ജയിൽ ചാടാൻ ശ്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
Monday, August 5, 2019 4:17 PM IST
മകളുടെ വേഷം ധരിച്ച് ജയിൽ ചാടാൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് പിടികൂടി. ക്ലോവിനൊ ഡി സാൽവ എന്നയാളാണ് 19 വയസുകാരിയായ മകളുടെ വേഷം ധരിച്ച് ബ്രസീലിലെ റിയോ ഡി ഷാനെയ്റോയിലെ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്.
ഇദ്ദേഹത്തെ സന്ദർശിക്കാൻ മകൾ ജയിലിൽ എത്തിയിരുന്നു. ഇതിനു ശേഷം വിഗ്ഗും റബ്ബർ മാസ്കും ടിഷർട്ടും ധരിച്ച ഡി സാൽവ ജയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.
ക്ലോവിനോയുടെ മുഖത്തെ പരിഭ്രാന്തി കണ്ട ജയിൽജീവനക്കാർ നടത്തിയ പരിശോധനയിൽ അദ്ദേഹം വീണ്ടും പിടിയിലാകുകയായിരുന്നു. മകളെ ജയിലിൽ വിട്ട ശേഷം മുങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ഈ ജയിൽ ചാട്ട ശ്രമത്തിൽ മകൾക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ് അധികൃതരിപ്പോൾ.
ക്ലോവിനൊ വിഗ്ഗും മാസ്ക്കും നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ബ്രസീലിലെ ഏറ്റവും ശക്തമായ ക്രമിനൽ സംഘം റെഡ് കമാൻഡിലെ അംഗമാണ് ക്ലോവിനൊ. അതിസുരക്ഷയുള്ള മറ്റൊരു ജയിലിലേക്ക് അദ്ദേഹത്തെ മറ്റിയിരിക്കുകയാണ്.