60 കിലോ സ്വർണമണിഞ്ഞ് വധു; നടക്കാൻ സഹായിച്ച് വരൻ
Friday, October 15, 2021 11:22 AM IST
സ്വർണാഭരണ വിഭൂഷിതയായി വിവാഹത്തിനെത്തുന്ന വധു അത്ര പുതുമയുള്ള കാഴ്ചയല്ല. എന്നാൽ സ്വർണം കുറച്ച് ഓവറായാലോ? അതും നടക്കാൻ പോലും വയ്യാത്ത രീതിയിൽ. ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നാണ് പുതിയ വിവാഹക്കാഴ്ചകൾ. ഒന്നുംരണ്ടുമല്ല, 60 കിലോഗ്രാം സ്വർണമണിഞ്ഞാണ് വധു വിവാഹവേദിയിലെത്തിയത്.
ഒരു കിലോ വീതമുള്ള അറുപതോളം സ്വർണമാലകളാണ് വധു ധരിച്ചത്. ഇതോടൊപ്പം ഇരുകൈയിലുമായി നാല് ഭീമൻ വളകളുമുണ്ടായിരുന്നു. ഇവയെല്ലാം വരൻ സമ്മാനിച്ചതാണെന്നാണ് റിപ്പോർട്ട്. സ്വർണത്തിന്റെ ഭാരം കാരണം വരന്റെ സഹായത്തോടെയാണ് വധു വേദിയിലേക്ക് നടന്നെത്തിയത്.
വിവാഹദിനം സ്വർണമണിയുന്നത് നല്ലതാണെന്ന വിശ്വാസം മൂലമാണ് ഇത്രയും ആഭരണങ്ങൾ വധു അണിഞ്ഞത്. എന്തായാലും വധുവിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.