കുന്നിൻ മുകളിലെ വിവാഹാമാമാങ്കം: പൊടിപൊടിച്ചത് 200 കോടി, പുലിവാല് പിടിച്ചതോ നഗരസഭയും
Monday, June 24, 2019 5:41 PM IST
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വ്യവസായികളായ ഗുപ്ത കുടുംബം ഉത്തരാഖണ്ഡിലെ ഓലിയിലെ കുന്നിൻ മുകളിൽ നടത്തിയ വിവാഹ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദ ചർച്ചാ വിഷയമായിരിക്കുന്നത്. ജൂണ്‍ 18 മുതൽ 22 വരെയായിരുന്നു അജയ് ഗുപ്തയുടെ മകൻ സൂര്യകാന്തിന്റെ വിവാഹം. 20 മുതൽ 22 വരെ അതുൽ ഗുപ്തയുടെ മകൻ ശശാങ്കിന്റെ വിവാഹവും നടന്നു.
200 കോടി രൂപ ചിലവിട്ടാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. എന്നാൽ ഇതൊന്നുമല്ല ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. വിവാഹശേഷം എല്ലാവരും സ്ഥലം വിട്ടപ്പോൾ ഇവിടെ ബാക്കിയായത് മാലിന്യ മലയാണ്. പ്രക്യതിക്കു ദോഷമായ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ളവയാണ് നിരവധിയായി ഇവിടെ കുമിഞ്ഞുകൂടിക്കിടക്കുന്നത്.

ഈ അവശിഷ്ടങ്ങളാണ് നഗരസഭയ്ക്കും നാട്ടുകാർക്കും തലവേദനയായിരിക്കുന്നത്. 40 ക്വിന്റലിൽ കൂടുതൽ മാലിന്യം ഇവിടെയുള്ളതായാണ് പുറത്തുവരുന്ന വിവരം. വിവാഹത്തിൽ മന്ത്രിമാർ, ബോളിവുഡ് താരങ്ങൾ, യോഗ ഗുരു ബാബാ രാംദേവ് ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. അതിഥികളെ എത്തിക്കാൻ ഹെലികോപ്റ്റർ സൗകര്യവും ഒരുക്കിയിരുന്നു.