കാലാവസ്ഥ മാറുന്നു; താര്‍ മരുഭൂമി പച്ചപിടിക്കും!
രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മരുഭൂമിയാണു താർ. ഇന്ത്യയിൽ രാജസ്ഥാനിലും പഞ്ചാബിലും പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യകളിലുമായി ഇതു വ്യാപിച്ചുകിടക്കുന്നു. ലോകത്ത് വലിപ്പത്തിന്‍റെ കാര്യത്തിൽ 20-ാം സ്ഥാനവും ചൂടുള്ള ഉപഉഷ്ണമേഖലാ മരുഭൂമികളിൽ ഒൻപതാം സ്ഥാനവും താറിനുണ്ട്.

ആഗോളതാപനത്തിന്‍റെ സ്വാധീനത്തിൽ ഭൂമിയിലെ മരുഭൂമികളുടെ വലിപ്പം കൂടുകയും ഉഷ്ണാവസ്ഥ വർധിക്കുകയും ചെയ്യുമെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നതെങ്കിലും താര്‍ മരുഭൂമി ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പച്ചപുതയ്ക്കുമെന്നാണു പുതിയ പഠന റിപ്പോർട്ട്.

കഴിഞ്ഞ 50 വർഷത്തെ ദക്ഷിണേഷ്യയിലെ കാലാവസ്ഥാ വിവരങ്ങൾ സമാഹരിച്ച് പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

1901നും 2015നും ഇടയിൽ ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിലും പാക്കിസ്ഥാന്‍റെ തെക്ക്-കിഴക്കന്‍ പ്രദേശങ്ങളിലും മഴയുടെ ലഭ്യതയിൽ 10 മുതൽ 50 ശതമാനം വരെ വർധന ഉണ്ടായതായി പഠനത്തിൽ കണ്ടെത്തി. ഇന്ത്യൻ മൺസൂണിന്‍റെ പടിഞ്ഞാറോട്ടുള്ള വികാസം ഈ മേഖലയെ ഈർപ്പമുള്ള അവസ്ഥയിലെത്തിക്കുമെന്നും ചുട്ടുപഴുത്ത താർ മരുഭൂമി, ഭാവിയിൽ പുല്ലുപുഷ്പാദികളാൽ നിറയുമെന്നുമാണ് വിലയിരുത്തൽ.

കാലാവസ്ഥ വ്യതിയാനം മൂലം 2050 ഓടെ സഹാറ മരുഭൂമിയുടെ വലിപ്പം 6,000 ചതുരശ്ര കിലോമീറ്ററിലധികം വർധിക്കുമെന്നു കണക്കാക്കിയിരിക്കേയാണ് താർ മരുഭൂമിയെക്കുറിച്ചുള്ള വ്യത്യസ്തമായ പഠനറിപ്പോർട്ട്. എർത്ത്സ് ഫ്യൂച്ചർ ജേണലിലാണ് ഈ റിപ്പോർട്ട് വന്നത്. താർ മരുഭൂമിയുടെ പൊരിമണലിൽ പച്ചപ്പ് പടർന്നാല്‍ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള തുടർ പഠനത്തിലാണ് ഇപ്പോൾ ഗവേഷകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.