വാലിൽ ബൈക്ക് കയറി; കലിപൂണ്ട് ബൈക്ക് യാത്രികനു പിന്നാലെ പാഞ്ഞ് മൂർഖൻ
Thursday, December 5, 2019 12:11 PM IST
ബൈക്കിന്റെ ടയർ വാലിൽ കയറിയതിനെ തുടർന്ന് കലിപൂണ്ട മൂർഖൻ പാമ്പ് ബൈക്ക് യാത്രികനെ പിന്തുടർന്നത് രണ്ട് കിലോമീറ്റർ. ഉത്തർപ്രദേശിലെ ജലൗൻ ജില്ലയിലാണ് ഏറെ ചർച്ചാവിഷയമായ സംഭവം അരങ്ങേറിയത്. ഗുഡു പച്ചൗരി എന്നയാൾ ഓടിച്ച ബൈക്കാണ് പാമ്പിന്റെ ശരീരത്തിൽ കൂടി കയറിയിറങ്ങിയത്.
ഇത് ശ്രദ്ധിച്ച ഗുഡു തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് പാമ്പ് ബൈക്കിനെ പിന്തുടരുന്നതാണ്. പേടിച്ചു പോയ ഗുഡു ബൈക്ക് വേഗത്തിൽ ഓടിച്ചു പോയി. ഏകദേശം രണ്ട് കിലോമീറ്റർ പിന്നിട്ടതിന് ശേഷം തിരിഞ്ഞു നോക്കിയപ്പോഴും പാമ്പ് തന്നെ പിന്തുടരുന്നതാണ് ഗുഡു കണ്ടത്.
പേടിച്ചു വിറച്ചു പോയ ഗുഡു ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. എന്നാൽ പക തീരാതിരുന്ന മൂർഖൻ ബൈക്കിന്റെ മുകളിൽ ഏകദേശം ഒരു മണിക്കൂർ ചിലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവം കണ്ട് ബൈക്കിന് അടുത്തേക്ക് എത്തിയ ആളുകളെ പാമ്പ് ചീറ്റി അകറ്റി നിർത്തിയെന്നാണ് അറിയാൻ സാധിക്കുന്നത്. പിന്നീട് അവർ കമ്പും കല്ലും മറ്റും എറിഞ്ഞ് പാമ്പിനെ ഓടിച്ചു വിടുകയായിരുന്നു.