വിവാഹ ചടങ്ങിന് വരൻ മദ്യപിച്ചെത്തി; വധു വിവാഹത്തിൽ നിന്നും പിന്മാറി
Saturday, January 19, 2019 12:19 PM IST
വിവാഹദിനത്തിൽ മദ്യപിച്ചെത്തിയയാളെ വരനായി സ്വീകരിക്കുവാൻ സാധ്യമല്ലെന്ന് വധു. ബീഹാറിലെ അക്ബർ വില്ലേജിൽ വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. തിലക്പൂർ സ്വദേശിയും പോലീസ് കോണ്‍സ്റ്റബിളുമായ ഉദയ് രാജാക്കായിരുന്നു വരൻ.
എന്നാൽ ചടങ്ങിനെത്തിയ വരനും മറ്റ് ബന്ധുക്കളും നന്നായി മദ്യപിച്ചിരുന്നു. മാത്രമല്ല വധുവിന്റെ അമ്മാവൻ പ്രസൂണ്‍ കുമാർ രാജാക്കുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ അതിഥികളോടും ഇവർ മോശമായാണ് പെരുമാറിയിരുന്നത്.
ഇവിടേക്ക് എത്തിയ വധു കാണുന്നത് മദ്യപിച്ച് അഴിഞ്ഞാടുന്ന വരനെയും സംഘത്തെയുമായിരുന്നു. തുടർന്ന് ഇയാളെ വിവാഹം ചെയ്യുന്നതിൽ നിന്നും വധു പിന്മാറുകയായിരുന്നു.
വധു തന്റെ തീരുമാനം ബന്ധുക്കളെയും ചടങ്ങിനെത്തിയവരെയും അറിയിച്ചു. എല്ലാവരും ഈ തീരുമാനത്തോട് പൂർണമായും യോജിക്കുകയും ചെയ്തു. തുടർന്ന് ഗ്രാമവാസികൾ അറിയിച്ചതിനെ തുടർന്ന് ഇവിടെ എത്തിയ പോലീസ് ഉദ്യോഗസ്ഥർ വരനെയും വരന്റെ പിതാവിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.