അടിച്ചുപൂസായപ്പോൾ ഭാര്യയ്ക്ക് സ്നേഹമുണ്ടോ എന്നറിയണം; റോഡിനു നടുവിൽ നിന്നയാൾക്ക് സംഭവിച്ചത്...
Saturday, March 16, 2019 11:47 AM IST
മദ്യലഹരിയിൽ ഭാര്യയുടെ സ്നേഹം പരിശോധിക്കാൻ തിരക്കേറിയ റോഡിനു നടുവിൽ നിന്നയാളെ വാഹനം ഇടിച്ചു തെറിപ്പിച്ചു. ചൈനയിലെ ഹെൻജിയാംഗ് പ്രവിശ്യയിലെ ജിൻഹുവയിൽ രാത്രിയിലാണ് സംഭവം നടന്നത്.
പരസ്പരം വഴക്കടിച്ച് തിരക്കേറിയ റോഡിലെ നടപ്പാതയിൽ കൂടി നടന്നുവരികയായിരുന്നു ഇരുവരും. വഴക്കു മൂത്തപ്പോൾ ഭർത്താവ് റോഡിനു നടുവിലേക്ക് ഇറങ്ങി. ഇദ്ദേഹത്തെ റോഡിൽ നിന്നു മാറ്റാൻ ഭാര്യ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും വഴങ്ങിയില്ല.
ഇരുവരും തമ്മിൽ പിടിവലി നടക്കുന്ന സമയം പാഞ്ഞെത്തിയ ഒരു വാഹനം ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ നെഞ്ചിലും തലയ്ക്കും പരിക്കേറ്റു. എന്നാൽ ഗുരുതരമല്ല.
എന്നാൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അദ്ദേഹം നൽകിയ മറുപടിയാണ് ഏറെ അമ്പരപ്പുണ്ടാക്കിയത്. ഭാര്യയ്ക്ക് തന്നോട് സ്നേഹമുണ്ടോ എന്നു പരിശോധിക്കാനാണ് താൻ റോഡിനു നടുവിൽ നിന്നതെന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.