വെള്ളത്തില്‍വീണ മാന്‍കുട്ടിയുടെ രക്ഷയ്ക്കായി അലറിവിളിച്ച് ആന: വീഡിയോ വൈറല്‍
ഏതെങ്കിലും തരത്തിലുള്ള സഹായത്തിനായി ചുറ്റുമുള്ളവരെ വിളിക്കേണ്ടി വന്ന അവസ്ഥകള്‍ ഉണ്ടായിട്ടുണ്ടാകാം. ഇനി മൃഗങ്ങളാണെങ്കിലോ അവര്‍ എങ്ങനെയായിരിക്കും ഒരു സഹായത്തിനായി ആരെയെങ്കിലും വിളിക്കുകയെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അതിനുള്ള ഒരുത്തരമാണ് ഇപ്പോള്‍ ഏവരുടെയും ഹൃദയവും മനസും നിറക്കുന്ന ഈ വീഡിയോ. മിണ്ടാപ്രാണികളാണെങ്കിലും ഒരു ജീവന് അവര്‍ എത്രമാത്രം വില നല്‍കുന്നുണ്ടെന്ന് നമുക്ക് ഈ വീഡിയോ കണ്ടാല്‍ ബോധ്യമാകും. മനുഷ്യനേക്കാള്‍ ഉദാത്തമായി ചിന്തിക്കാനും പെരുമാറാനും അവര്‍ക്ക് സാധിക്കുന്നുണ്ട് എന്നതിന്‍റെ ഉത്തമ ഉദാഹരണം.

ഗ്വാട്ടിമാലയിലെ ലാ അറോറ മൃഗശാലയില്‍ നിന്നാണ് ഈ മനോഹരകാഴ്ച പുറത്തു വന്നിരിക്കുന്നത്. മൃഗശാല സന്ദര്‍ശിക്കാനെത്തിയ മരിയ ഡിയാസ് എന്ന യുവതിയാണ് വീഡിയോ പകര്‍ത്തിയത്.

മൃഗശാലയിലെ കുളത്തില്‍ ഒരു മാന്‍കുട്ടി വീഴുന്നു. നീന്തികേറാന്‍ അതിന് സാധിക്കുന്നില്ലെന്നും മുങ്ങി ചാകുമെന്നും കരയില്‍ നിന്ന ആനയ്ക്ക് മനസിലാകുന്നു. തൊട്ടടുത്ത നിമിഷം തന്നെ ആന ചിന്നംവിളിച്ചുകൊണ്ട് മൃഗശാല സൂക്ഷിപ്പുകാരനെ അവസ്ഥ അറിയിക്കുന്നു.

മാന്‍ കിടക്കുന്ന വശത്തേക്ക് നോക്കി അലറി വിളിക്കുന്ന ആനയെ കണ്ടപ്പോള്‍ തന്നെ അയാള്‍ക്ക് കാര്യം മനസിലാകുന്നു. അയാള്‍ പെട്ടെന്ന് തന്നെ വെള്ളത്തിലേക്ക് എടുത്തു ചാടുന്നു.

കുറച്ചു നേരത്തെ പ്രയത്നത്തിന് ശേഷം മാനിനെ കരയിലേക്ക് കയറ്റി വിടുന്നു. തുള്ളിച്ചാടിക്കൊണ്ട് മാന്‍ ഓടിപ്പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. ആനയുടെ കൃത്യസമയത്തെ ഇടപെടലാണ് മാനിന്‍റെ ജീവന്‍ തിരികെ നല്‍കിയത്.

ഇത്ര സമയോചിതമായി ഇടപെട്ട ആനക്ക് പാരിതോഷികം നല്‍കാനും ഉടമകള്‍ മറന്നില്ല. തണ്ണിമത്തനും കാരറ്റും കടലയും നല്‍കി ആനയ്ക്ക് നന്ദി അറിയിച്ചു. വെള്ളത്തിലേക്ക് ചാടി മാന്‍കുട്ടിയെ സുരക്ഷിതനാക്കിയ മൃഗശാല സൂക്ഷിപ്പുകാരനും അവര്‍ സമ്മാനം നല്കുന്നുണ്ട്. ഗ്വാട്ടിമാല ഡോട്ട്കോം എന്ന പ്രാദേശിക ചാനലില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇത്ര സുന്ദരമായ കാഴ്ചകള്‍ കാണാന്‍ നമുക്ക് ഭാഗ്യം ലഭിക്കുന്നു എന്നത് തന്നെ വളരെ വിലയേറിയ കാര്യമാണെന്ന് വീഡിയോ കണ്ടവര്‍ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.