കോവിഡ് 19 പരിശോധനയ്ക്കിടെ ഇന്ത്യയെ പരിഹസിച്ച് ഇറ്റലിക്കാരി; കുറിക്കുകൊള്ളുന്ന മറുപടി നല്കി ഡോക്ടര്‍
Tuesday, March 10, 2020 12:56 PM IST
ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 വൈറസ് ലോകം മുഴുവന്‍ ഭീതി വിതയ്ക്കുകയാണ്. ചൈനയില്‍ നിന്നും എത്തിയ മലയാളി വിദ്യാര്‍ഥികളിലാണ് ആദ്യം വൈറസ് കണ്ടെത്തിയത്. എന്നാല്‍ ഫലപ്രദമായ മുന്‍കരുതലിലൂടെ ഇത് പ്രതിരോധിക്കുവാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിരുന്നു.
രണ്ടാം ഘട്ടത്തില്‍ ഇറ്റലിയില്‍ നിന്നും കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേരില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ വിമാനത്താവളങ്ങളിലും മറ്റ് പലസ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊറോണ സ്പെഷല്‍ ഡ്യൂട്ടി ചെയ്യുന്ന ലിബിന് എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.
കൊറോണ പരിശോധന നടത്തിക്കൊണ്ടിരുന്നവരെ ഇറ്റലിയില്‍ നിന്നുമെത്തിയ യുവതി പരിഹസിച്ചതും ഇതിന് മറുപടിയുമായി ഇവരുടെ സംഘത്തിലെ ഡോക്ടര്‍ നല്കിയ മറുപടിയുമാണ് ലിബിന് കുറിച്ചത്.
പരിശോധന ഇഷ്ടപ്പെടാതിരുന്ന ഇറ്റലിക്കാരിയായ യുവതി, "യൂറോപ്പ് പോലുള്ള രാജ്യങ്ങളില്‍ പോലും ഇത്തരത്തിലുള്ള ചെക്കിംഗ് നടക്കുന്നില്ലെന്നും പിന്നെയാണ് ഇന്ത്യയില്‍ ഇങ്ങനെയെന്നും' പറഞ്ഞു. ഇതുകേട്ട് നിന്ന സംഘത്തിലെ ലേഡി ഡോക്ടര്‍ "മാഡം, നൂറ് കോടിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ ഇത്തരം ആരോഗ്യ പരിശോധനകള്‍ കര്‍ശനമാക്കിയത് കൊണ്ടാണ് ഇവിടെ ഒരു കൊറോണ മരണം പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്തതും താങ്കളുടെ രാജ്യത്ത് 150ലേറെ കൊറോണ മരണം ഇതിനകം തന്നെ വന്ന് കഴിഞ്ഞതെന്നും' പറഞ്ഞതായി ലിബിന് കുറിക്കുന്നു.
ഇത് കേട്ട ഇറ്റലിക്കാരി ഒന്നും പറയാതെ ബാക്കി പരിശോധനയ്ക്ക് തയാറായിയെന്നും പരിസരം എയര്‍പോര്‍ട്ട് ആയതിനാലും അവിടെ ഡ്യൂട്ടിയില്‍ ആയതിനാലും മനസില്‍ നല്ലൊരു കൈയടി കൊടുത്ത് അവര്‍ക്ക് അഭിനന്ദനം നല്‍കിയെന്ന് പറഞ്ഞാണ് ലിബിന് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്