തൊട്ടടുത്തുണ്ടായിട്ടും പിതാവിന്റെ ചേതനയറ്റ മുഖം കാണുന്നത് വീഡിയോയിൽ; കുറിപ്പ്
Friday, March 13, 2020 10:28 AM IST
പിതാവിന്റെ ചേതനയറ്റ മുഖം വീഡിയോ കോളിലൂടെ അവസാനമായി കാണേണ്ടിവന്ന യുവാവാണു കൊറോണ കാലത്തെ ദുഖം. ലിനോ ആബേൽ എന്ന യുവാവാണു താൻ നേരിട്ട അനുഭവങ്ങളും കടന്നുപോയ അവസ്ഥകളും ഫേസ്ബുക്ക് കുറിപ്പിൽ ലോകത്തോടു പങ്കുവച്ചത്.
വിദേശത്തുനിന്ന് എത്തി തൊട്ടുപിന്നാലെ കോവിഡ്-19 ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചശേഷം യുവാവ് ഐസൊലേഷനിലേക്കു മാറുകയായിരുന്നു. തൊട്ടടുത്തുണ്ടായിട്ടും അച്ഛൻ മരിച്ചുകിടക്കുന്പോൾ ഒരുനോക്കു കാണാനായില്ലെന്നും ഒടുവിൽ വീഡിയോ കോളിലൂടെയാണ് അച്ഛന്റെ മുഖം അവസാനമായി കണ്ടതെന്നും യുവാവ് പറയുന്നു.
കുടുംബക്കാർക്കും നാട്ടിലുള്ളവർക്കും താനായിട്ടു രോഗം പടർത്തില്ല എന്നുറപ്പിച്ചതുകൊണ്ടു മാത്രമാണു തനിക്കു പിതാവിനെ കാണാൻ കഴിയാതിരുന്നതെന്നും ലിനോ കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളജിലാണ് ലിനോ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്.