ഒരുമിച്ച് കരുതലാകാൻ..! ഫിൻലൻഡിൽ ഇനി അച്ഛനും പ്രസവാവധി
Tuesday, February 18, 2020 7:38 PM IST
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിൻലൻഡിൽ നിന്നും സന്തോഷമുളള മറ്റൊരു വാർത്ത. ഇനി അച്ഛന്മാർക്കും രാജ്യത്ത് പ്രസവാവധി നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുതിയ നിയമം കൊണ്ടുവരും. കുഞ്ഞിനെ വളർത്തൽ അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല മറിച്ച്, കുട്ടായ ചുമതലയാണെന്ന സന്ദേശമാണ് ഈ നിയമത്തിലൂടെ സർക്കാർ നൽകുന്നത്.
അച്ഛനും അമ്മയ്ക്കും കൂടി 14 മാസം അവധി ലഭിക്കും. ഇത് ഒരുമിച്ച് ഒരേസമയം എടുക്കാം. അല്ലെങ്കിൽ ഏഴുമാസം അമ്മയും അച്ഛനും എന്ന രീതിയിൽ അവധി ലഭിക്കും. ഫലത്തിൽ കുഞ്ഞിന് ഒരു വയസാകുന്നതുവരെ മാതാപിതാക്കളുടെ കരുതൽ ലഭിക്കും. സെപ്റ്റംബറോടെ നിയമം നിലവിൽ വരും. വൻ സ്വീകാര്യതയാണ് ബില്ലിന് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്.
മുപ്പത്തിനാലുകാരിയായ സന്ന മരീൻ ആണ് ഫിൻലൻഡിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രികൂടിയാണ് സന്ന.