ഇന്ത്യയുടെ മൂന്ന് സേനകളുടെയും ഭാഗമായ "ഒരേയൊരു വ്യക്തിക്ക്' നൂറ് വയസ്
Saturday, December 12, 2020 12:50 PM IST
ഇന്ത്യയുടെ മൂന്ന് സേനകളുടെയും ഭാഗമായ ഏക വ്യക്തി നൂറിന്റെ നിറവില്‍. പഞ്ചാബ് സ്വദേശിയായ കേണല്‍ പ്രിതിപാല്‍ സിംഗ് ആണ് നൂറാം ജന്മദിനം ആഘോഷിക്കുന്നത്.
കര, നാവിക, വ്യോമ സേനകളില്‍ പ്രിതിപാല്‍ സിംഗ് സേവനമനുഷ്ടിച്ചിട്ടുണ്ട്. ചണ്ഡിഗഡിലെ വസതിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ പൈലറ്റായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് നാവിക സേനയില്‍ ചേര്‍ന്നു. യുദ്ധക്കപ്പലുകളിലെ ആയുധങ്ങളുടെ ചുമതലയുള്ള ഗണ്ണറി വിഭാഗത്തിലാണ് ഇവിടെ അദ്ദേഹം സേവനമനുഷ്ടിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് നാവിക സേന വിട്ടു. പിന്നീട് കരസേനയില്‍ ചേര്‍ന്നു. 1965ലെ ഇന്ത്യ-പാക്കിസ്ഥാന് യുദ്ധത്തില്‍ പ്രിതിപാല്‍ സിംഗ് പങ്കെടുത്തിട്ടുണ്ട്. മണിപ്പൂരില്‍ അസം റൈഫിള്‍സിലെ സെക്ടര്‍ കമാന്‍ഡറായാണ് വിരമിക്കുന്നത്.
പ്രിതിപാല്‍ സിംഗിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ജന്മദിനം ആശംസിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 93 വയസുണ്ട്.