കൈയിൽ കിട്ടുന്നതെന്തും എടുത്തു ബാലൻസ് ചെയ്തുകളയും; ഈ ബാലൻസിംഗ് മാൻ ആള് പുപ്പുലിയാണ്..!
Sunday, December 1, 2019 10:14 AM IST
മനുഷ്യർക്കാണെങ്കിലും മൃഗങ്ങൾക്കാണെങ്കിലും ബാലൻസ് ആവശ്യമാണ്. തടിപ്പാലത്തിലൂടെ ബാലൻസ് ചെയ്ത് നടന്നു പോയ അനുഭവം പഴയ തലമുറയ്ക്കുണ്ടാവും. സൈക്കിളും സ്കൂട്ടറും ബാലൻസ് ചെയ്ത് ഓടിക്കുന്നത് പുതിയ തലമുറയ്ക്കും പരിചിതമാണ്.
എന്നാൽ പലസ്തീൻ സ്വദേശിയായ മുഹമ്മദ് അൽ ഷെൻബരി ബാലൻസിംഗിൽ പുലിയാണ്, വെറും പുലിയല്ല പുപ്പുലിയെന്ന് വിശേഷിപ്പിക്കാം മുഹമ്മദിനെ. ഒരു കാലിൽ കസേര നിർത്തുക, ഒരു കന്പിയുടെ മുകളിൽ നിർത്തിയിരിക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ മുകളിൽ മറ്റൊരു സിലിണ്ടർ വയ്ക്കുക, കുപ്പിയുടെ മുകളിൽ ടെലിവിഷൻ ബാലൻസ് ചെയ്തു നിർത്തുക തുടങ്ങിയവയാണ് മുഹമ്മദിന്റെ വിനോദം.

ഒരു വർഷം മുന്പാണ് മുഹമ്മദ് ബാലൻസിംഗ് പരിപാടി തുടങ്ങിയത്. യൂട്യൂബിൽ ഒരു കൊറിയൻ ആർട്ടിസ്റ്റിന്റെ പ്രകടനം കണ്ടിട്ടാണ് മുഹമ്മദ് ഈ രംഗത്ത് എത്തിയത്. ദിവസങ്ങളോളും പരിശീലിച്ച ശേഷമാണ് ബാലൻസിംഗ് സ്വായത്തമാക്കിയത്. ഇപ്പോൾ മിനിറ്റുകൾകൊണ്ട് ഏതൊരു സാധനവും ബാലൻസ് ചെയ്യാൻ മുഹമ്മദിനാവും.

ആർട്സ് ഓഫ് ബാലൻസിംഗിനെക്കുറിച്ചുള്ള ഏതെങ്കിലും റിയാലിറ്റി ഷോയിൽ പങ്കെടുക്കുക, ഏഷ്യയിലൂടെ ചുറ്റി സഞ്ചരിക്കുക എന്നീ ആഗ്രഹങ്ങളാണ് മുഹമ്മദിനുള്ളത്. വാഷിംഗ് മെഷീനും ഫ്രിഡ്ജും ബാലൻ ചെയ്യിക്കാനുള്ള പദ്ധതിയും മുഹമ്മദിനുണ്ട്. അൽപം പരിശീലിച്ചാൽ ആർക്കും ബാലൻസിംഗ് സാധിക്കുമെന്നാണ് മുഹമ്മദിന്റെ പക്ഷം.
എസ്ടി