ജി-മെയിലിന് 15 വയസ്
Tuesday, April 2, 2019 9:19 AM IST
ഗൂഗിളിന്റെ ഇ-മെയിൽ സർവീസായ ജി-മെയിലിന് പതിനഞ്ച് വയസ്. പിറന്നാൾ പ്രമാണിച്ച് രണ്ടു പുതിയ ഫീച്ചറുകൾ ഗൂഗിൾ ജിമെയിലിന്റെ ആൻഡ്രോയ്ഡ് വേർഷനിൽ അവതരിപ്പിച്ചു. മെയിലിൽ അനായാസം മറുപടി നല്കാൻ സഹായിക്കുന്ന അസിസ്റ്റീവ് ഫീച്ചറാണ് ഒന്ന്. വന്ന മെയിലിന്റെ സംഗ്രഹം നോക്കി വേർഡ് സജഷനുകൾ നല്കുകയാണ് ഈ ഫീച്ചറിന്റെ പ്രധാന കടമ.
ഇതോടെ ഓരോ വാക്കും ടൈപ്പ് ചെയ്യേണ്ട താമസം മാറിക്കിട്ടും. ജി-മെയിലിന്റെ ഡെസ്ക്ടോപ് വേർഷനിൽ നേരത്തേതന്നെ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഷെഡ്യൂളിംഗ് ഇ-മെയിൽ ആണ് ജി-മെയിൽ അവതരിപ്പിച്ച രണ്ടാമത്തെ ഫീച്ചർ.
മെയിലുകൾ കംപോസ് ചെയ്ത ശേഷം ആ മെയിൽ എന്ന് സെൻഡ് ചെയ്യണം എന്നത് ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചറാണിത്. ഫീച്ചർ പ്രകാരം നല്കിയിരിക്കുന്ന വിലാസത്തിൽ, ഷെഡ്യൂൾ ചെയ്തിരിക്കുന്ന സമയത്ത് ജി-മെയിൽ മെയിൽ തനിയെ അയച്ചുകൊള്ളും.
ഉപയോക്താക്കൾ ഇതുവരെ നല്കിയ സഹകരണത്തിന് നന്ദിയുണ്ടെന്നും സൈബർ ഇടങ്ങളിൽ ഉപയോക്താക്കളുടെ സൗകര്യത്തിനാണ് തങ്ങൾ എക്കാലത്തും മുൻഗണന നല്കിയിട്ടുള്ളതെന്നും പിറന്നാളിനോടനുബന്ധിച്ചിറക്കിയ പ്രസ്താവനയിൽ ജി-മെയിൽ പറഞ്ഞു. പ്രതിമാസം 150 കോടി പേർ ഉപയോഗിക്കുന്ന ജി-മെയിൽ 2004 ഏപ്രിൽ ഒന്നിനാണ് ആരംഭിച്ചത്.
പോൾ ബുച്ചെയിറ്റ് ആണ് ജി-മെയിലിന്റെ ശില്പി. ആരംഭകാലത്ത് ഒരു യൂസറിന് ഒരു ജിഗാബൈറ്റ് (ജിബി) സ്റ്റോറേജ് ആണ് ജി-മെയിൽ അനുവദിച്ചിരുന്നത്. അത് ഇപ്പോൾ 15 ജിബിയാണ്. കൂടാതെ അറ്റാച്ച്മെന്റുകളുൾപ്പെടെ 50 എംബി സൈസുള്ള ഫയലുകൾ സ്വീകരിക്കാനും 25 എംബി സൈസുള്ളവ അയയ്ക്കാനും ജി-മെയിൽ സാധിക്കും.
ഇതിനു പുറമേ വലിയ ഫയലുകൾ സൂക്ഷിക്കുന്നതിനും അയയ്ക്കുന്നതിനും ഗൂഗിൾ ഡ്രൈവ് സംവിധാനവുമുണ്ട്. കഴിഞ്ഞ വർഷമാണ് ഡിസൈനുകളിലുൾപ്പെടെ അടിമുടി മാറ്റവുമായി ജി-മെയിലിന്റെ അപ്ഡേറ്റഡ് വേർഷനെത്തിയത്. ഇ-മെയിൽ സ്നൂസിംഗ് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഈ വേർഷനിൽ ഗൂഗിൾ അവതരിപ്പിച്ചു. ജനുവരിൽ ജിമെയിലിന്റെ മൊബൈൽ വേർഷനിലും ചില്ലറമാറ്റങ്ങൾ കന്പനി കൊണ്ടുവന്നിരുന്നു.