പാതയോരങ്ങളിൽ വില്ക്കുന്ന ഫ്രൈയിംഗ് പാനുകൾക്കെതിരേ പരാതി
Friday, October 25, 2019 11:50 AM IST
പാതയോരങ്ങളിൽ വില്പനയ്ക്കു വച്ചിരിക്കുന്ന ഫ്രൈയിംഗ് പാനുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പരാതി. ഇതര സംസ്ഥാനക്കാർ റോഡരികുകളിൽ വില്പന നടത്തുന്ന ഫ്രൈയിംഗ് പാനുകൾക്കെതിരെയാണു പരാതി ഉയർന്നിരിക്കുന്നത്.
രാജസ്ഥാൻ മാർബിൾ വേസ്റ്റ് ഉപയോഗിച്ചു നിർമിക്കുന്ന ഫ്രൈയിംഗ് പാനുകളാണെന്നു തെറ്റിദ്ധരിപ്പിച്ചാണു ഇവ വില്പന നടത്തുന്നതെന്നാണ് ആരോപണം. പാനുകൾ ഗ്യാസ് അടുപ്പിൽ പാചകം ചെയ്യാമെന്നാണു വില്പന നടത്തുന്നവരുടെ അവകാശവാദം. ഇത്തരം ഫ്രൈയിംഗ് പാനുകൾ വാങ്ങിയ പലരും കബളിപ്പിക്കപ്പെട്ടതായി കാണിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.
ഗ്യാസ് അടുപ്പിൽ വച്ചു ചൂടാകുന്പോൾ കെമിക്കലിന്റെ മണമാണ് ഉയരുന്നത്. ഇവയിൽ പാകം ചെയ്തു കഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് പറയപ്പെടുന്നു. ഗ്രാനൈറ്റ് വേസ്റ്റിൽ കെമിക്കൽ ചേർത്ത് റെഡ് ഓക്സൈഡ് പെയിന്റ് അടിച്ചാണ് ഫ്രൈയിംഗ് പാനുകൾ ഉണ്ടാക്കിയിരിക്കുന്നതെന്നും ആരോപണമുണ്ട്.
200 രൂപ മുതലാണു പാനുകളുടെ വിലയായി ഈടാക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഫ്രൈയിംഗ് പാനുകളുടെ വില്പനക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിലവിൽ ഇതുസംബന്ധിച്ചു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഇത്തരം കാര്യങ്ങൾ ആരോഗ്യവകുപ്പിന്റെ കീഴിൽ വരുന്നതല്ലെന്നും കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.