വിൽപനയ്ക്കുവച്ച ആഡംബരഭവനം കണ്ട് ആളുകൾ ഭയന്നോടുന്നു; കാരണം എന്ത്?
Sunday, March 26, 2023 4:29 PM IST
അമേരിക്കയിൽ ആഡംബരപൂർവം പണിത ഒരു വീട് വിൽപനയ്ക്കു വച്ചിരിക്കുന്നു. അടിസ്ഥാന വില ഒരു കോടി രൂപ. പരസ്യം കണ്ടു വീട് ആവശ്യമുള്ള നിരവധിപ്പേർ എത്തുന്നുണ്ടെങ്കിലും വരുന്നവർ നിമിഷങ്ങൾക്കുള്ളിൽ സ്ഥലം കാലിയാക്കുകയാണ്. വീടിന്‍റെ വിലയോ, സൗകര്യങ്ങളുടെ കുറവോ ഒന്നുമല്ല പ്രശ്നം. വീടു കണ്ടു ഭയന്നിട്ടാണ് മിക്കവരും സ്ഥലംവിടുന്നത്.

വീടിന്‍റെ പേരും നിർമാണരീതിയുമാണ് ആളുകളെ വിരട്ടുന്നത്. ‘ഹൗസ് ഓഫ് ടെറർസ്’ (ഭീകരതയുടെ ഭവനം) എന്നാണ് വീടിനിട്ടിരിക്കുന്ന പേര്. രണ്ടേക്കർ സ്ഥലത്താണ് വീട് ഒരുക്കിയിരിക്കുന്നത്. പുറത്തുനിന്ന് ഒരാൾ വരുന്പോൾ ആദ്യം കയറിച്ചെല്ലുന്നത് ശവപ്പറമ്പിനെ ഓർമിപ്പിക്കുന്ന ഒരു പൂന്തോട്ടത്തിലേക്കാണ്.

വീടിനകത്തേക്കു കയറിയാൽ ചങ്കിടിക്കുന്ന കാഴ്ചകളാണു മുറികളിൽ. മേൽക്കൂരയിൽനിന്നു തൂങ്ങിയാടുന്ന അസ്ഥികൂടങ്ങളും തലയോട്ടികളും. ശവപ്പെട്ടി വരെ ഇന്‍റീരിയർ ഡെക്കറേഷന്‍റെ ഭാഗമായി വീടിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.


അടുക്കളയുടെ ഭാഗങ്ങൾ അലങ്കരിച്ചിരിക്കുന്നതു തലയോട്ടികൾകൊണ്ടാണ്. ശൂന്യമായ ഒരു സ്കൂൾ ബസും ഒരു ശവശരീരത്തിൽ പരീക്ഷണം നടത്തുന്ന ഗവേഷകന്‍റെ പൂർണകായ പ്രതിമയും വീടിനോടനുബന്ധിച്ചുണ്ട്. ഹോളിവുഡ് ഹൊറർ ഐക്കണുകളായ മൈക്കൽ മിയേഴ്സിന്‍റെയും ജേസൺ വൂർഹീസിന്‍റെയും മുഖംമൂടികൾ ചുവരുകളിൽ ഭംഗിക്കായി തൂക്കിയിരിക്കുന്നു. വീട്ടിൽ മൂന്നു കിടപ്പുമുറികളുണ്ട്. അവിടെയും പേടിപ്പെടുത്തുന്ന കാഴ്ചകളാണ്.

വീട് കാണുന്പോൾ പ്രേതഭവനമായിട്ടാണു തോന്നുന്നതെന്നും പേടിയും നെഗറ്റീവ് ഫീലുമാണുണ്ടാകുന്നതെന്നും വീട് സന്ദർശിച്ചവർ പറയുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ ആരും ഈ വീട് വാങ്ങാൻ തയാറായിട്ടില്ല. അമേരിക്കയിലെ ബിഗ് കൺട്രി റിയൽ എസ്റ്റേറ്റ് ലിസ്റ്റിംഗിലാണ് വീടിന്‍റെ വിൽപന പരസ്യം വന്നതെന്നു ദ മിറർ റിപ്പോർട്ട് ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.