"ആ കെട്ട കാലത്ത് എന്തു ചെയ്തു എന്നു ചോദിച്ചാൽ രാജിവച്ചു എന്നു ഞാൻ പറയും’
Sunday, August 25, 2019 1:48 PM IST
എന്റെ അഭിപ്രായസ്വാതന്ത്ര്യം എനിക്കു തിരിച്ചുവേണം. എനിക്ക് എന്നെപ്പോലെ ജീവിക്കണം. അത് ഒരു ദിവസമെങ്കിൽ ഒരു ദിവസം- ഐഎഎസ് പദവി രാജിവച്ച മലയാളി ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന്റെ വാക്കുകളാണിത്.
2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ബുധനാഴ്ചയാണ് ദാദ്ര ആൻഡ് നഗർ ഹവേലി അഡ്മിനിസ്ട്രേഷന് രാജി സമർപ്പിച്ചത്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ കണ്ണൻ ഗോപിനാഥ് ഇപ്പോൾ ദാദ്ര ആൻഡ് നാഗർ ഹവേലി വൈദ്യുത- പാരന്പര്യേതര ഉൗർജ വകുപ്പിൽ സെക്രട്ടറിയാണ്.
ഞാൻ എന്താണു ചെയ്യുന്നതെന്നു നിങ്ങൾ ചോദിച്ചാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഒരു സംസ്ഥാനത്തിനു മുഴുവനായി വിലക്കേർപ്പെടുത്തുകയും, അവരുടെ മൗലികാവകാശങ്ങൾ തകർക്കുകയും ചെയ്തപ്പോൾ, ഞാൻ രാജിച്ചു എന്നെങ്കിലും എനിക്കു പറയാൻ കഴിയണം.
നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാകാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഞാൻ സിവിൽ സർവീസിൽ ചേരുന്നത്. എന്നാൽ ഇവിടെ എനിക്ക് എന്റെ ശബ്ദം പോലും നഷ്ടപ്പെട്ടിരിക്കുന്നു- ഐഇ മലയാളത്തിനു നൽകിയ അഭിമുഖത്തിൽ കണ്ണൻ പറഞ്ഞു.
എന്തുകൊണ്ടു രാജിവച്ചു എന്നതല്ല ചോദ്യം, എങ്ങനെ രാജിവയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല എന്നതാണ്. എന്റെ രാജി എന്തെങ്കിലും അനന്തരഫലം സൃഷ്ടിക്കുമെന്നു ഞാൻ കരുതുന്നില്ല. എന്നാൽ രാജ്യം ഒരു മോശം കാലട്ടത്തിലൂടെ കടന്നുപോയപ്പോൾ ഞാൻ എന്തു ചെയ്തു എന്ന് ആരെങ്കിലും ചോദിച്ചാൽ, അവധിയെടുത്ത് യുഎസിൽ ഉന്നതപഠനത്തിനു പോയി എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജോലി രാജി വയ്ക്കുന്നതു തന്നെയാണു നല്ലത്- കണ്ണൻ പറഞ്ഞു.
സിസ്റ്റത്തിൽനിന്നുകൊണ്ട് സിസ്റ്റത്തിനു മാറ്റം വരുത്തണമെന്നു നാം പറയാറുണ്ട്. താൻ അതിനായി പരമാവധി ശ്രമിച്ചു. ഈ സംവിധാനം ശരിയാക്കാൻ കഴിയുമെന്ന പ്രതീക്ഷ തനിക്കില്ല. താൻ എന്തുചെയ്തു എന്ന് ജനങ്ങൾക്കറിയാം.
എന്നാൽ അതുമാത്രം പോര. തനിക്ക് സന്പാദ്യങ്ങളില്ല. സർക്കാർ കെട്ടിടത്തിലാണ് ഇപ്പോഴും കഴിയുന്നത്. ഇപ്പോൾ പോകാൻ ആവശ്യപ്പെട്ടാൽ എങ്ങോട്ടുപോകണമെന്നുപോലും തനിക്കറിയില്ല. ഭാര്യയ്ക്ക് ജോലിയുണ്ട്. അവർ തന്നെ എല്ലായ്പ്പോഴും പിന്തുണയ്ക്കുന്നു. അതാണ് തന്റെ കരുത്തെന്നും കണ്ണൻ പറയുന്നു.
കണ്ണന്റെ രാജിക്കത്തിൽ ഇനി കേന്ദ്ര പഴ്സണൽ മന്ത്രാലയം തീരുമാനമെടുക്കണം. മൂന്നുമാസമാണ് തീരുമാനമെടുക്കാനുള്ള സമയമായി അഖിലേന്ത്യാ സർവീസ് ചട്ടത്തിൽ പറയുന്നത്. ഇത്രയും കാലം കൂടി കണ്ണൻ ഗോപിനാഥന് സർവീസിൽ തുടരേണ്ടി വരും.
കേന്ദ്രഭരണ പ്രദേശമായ ദാദർ ആൻഡ് നാഗർ ഹവേലിയിലെ ജില്ലാ കളക്ടറായിരുന്ന കണ്ണൻ ഗോപിനാഥ് കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാന്പിൽ എത്തി അവിടെ സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൊച്ചിയിൽ ദുരിതാശ്വാസ ക്യാന്പിൽ ഇദ്ദേഹം ചുമടെടുക്കുന്ന ചിത്രങ്ങളും പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്നുൾപ്പെടെയുള്ള വിവരങ്ങളും പുറത്തുവന്നു.
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയ കണ്ണൻ, ഒരു സ്വകാര്യ കന്പനിയിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്തശേഷമാണ് സിവിൽ സർവീസിലേക്ക് എത്തുന്നത്. 2012 സിവിൽ സർവീസ് പരീക്ഷയിൽ 59-ാം റാങ്ക് നേടിയ കണ്ണൻ ഐഎഎസ് തെരഞ്ഞെടുക്കുകയായിരുന്നു.