വാഹനാപകടത്തിൽ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവാവിന് പുനർജന്മം
Saturday, July 6, 2019 12:44 PM IST
മരിച്ചെന്ന് ഡോക്ടർ വിധിയെഴുതിയ യുവാവിന് മണിക്കൂറുകൾക്കുള്ളിൽ പുനർജന്മം. ലക്നൗ സ്വദേശിയായ 20 വയസുകാരനായ മുഹമ്മദ് ഫർഹാനെയാണ് വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏറെ നേരത്തെ ചികിത്സയ്ക്കൊടുവിൽ ഈ യുവാവ് മരണമടഞ്ഞെന്ന് ഡോക്ടർമാർ വിധിയെഴുതി. തുടർന്ന് സംസ്ക്കാരിക്കുവാനായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. വീട്ടിലേക്ക് കൊണ്ടുവരാനായി ഫർഹാനെ ആംബുലൻസിൽ കിടത്തിയപ്പോൾ കാലുകൾ ചലിക്കുന്നത് അദ്ദേഹത്തിന്റെ മുതിർന്ന സഹോദരൻ ശ്രദ്ധിച്ചു.
ഉടൻ തന്നെ ഇവർ ഫർഹാനുമായി റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് കുതിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ ഫർഹാന് ജീവനുണ്ടെന്ന് കണ്ടെത്തി. എന്നാൽ അദ്ദേഹം ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയായിരുന്നു. ഉടൻ തന്നെ ഫർഹാനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം ഫർഹാൻ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. സംഭവം വാർത്താ പ്രാധാന്യം നേടിയതിനു പിന്നാലെ ഫർഹാനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു.
ഈ സ്വകാര്യ ആശുപത്രി ഏഴ് ലക്ഷം രൂപ തങ്ങളുടെ പക്കൽ നിന്നും കൈക്കലാക്കിയെന്ന് ഫിറോസിന്റെ ബന്ധുക്കൾ ആരോപിച്ചു. ഈ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.