കഴുത്തിൽ നിന്നും ടയർ ഊരി മുതലയെ രക്ഷിക്കണം; സാഹസികർക്ക് ആകർഷകമായ സമ്മാനം നൽകാൻ ഇന്തോനേഷ്യ
Friday, January 31, 2020 3:15 PM IST
ടയർ കഴുത്തിൽ കുടുങ്ങി മരണത്തോട് മല്ലിടുന്ന മുതലയെ രക്ഷിക്കുന്നവർക്ക് ആകർഷകമായ സമ്മാനം നൽകാൻ ഇന്തോനേഷ്യ. ഏകദേശം 13 അടി നീളമുണ്ട് ഈ മുതലയ്ക്ക്. വർഷങ്ങളായി ഈ ടയർ മുതലയുടെ കഴുത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇത് മാറ്റുവാൻ അധികൃതർ നാളുകളായി ശ്രമിക്കുന്നുണ്ടെങ്കിലും നിരാശയാണ് ഫലം. ടയർ കഴുത്തിൽ കിടക്കുന്നതിനാൽ മുതല ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുകയാണ്.
മുതല പതിയെ മരണത്തിലേക്ക് നീങ്ങുകയാണെന്നാണ് മൃഗസ്നേഹികൾ പറയുന്നത്. രക്ഷാപ്രവർത്തനത്തിന് തയാറായി വരുന്നവർ മുതലയുടെ ജീവൻ നശിപ്പിക്കുവാനല്ല ശ്രമിക്കേണ്ടതെന്നും യാതൊരു കുഴപ്പവുമില്ലാതെ മുതലയുടെ ജീവൻ സംരക്ഷിക്കണമെന്നും അധികൃതർ പറയുന്നു.
പൊതുജനങ്ങൾ മുതലയിൽ നിന്നും അകലം പാലിക്കണമെന്നും അതിന്റെ ആവാസവ്യവസ്ഥ തകർക്കരുതെന്നും സെൻട്രൽ സുലവേസി നാച്ച്യുറൽ റിസോഴ്സസ് കണ്‍സർവേഷൻ ഏജൻസി തലവൻ ഹസ്മുനി ഹസ്മർ അറിയിച്ചു.