പരിക്കേറ്റ തെരുവ് നായയ്ക്ക് സ്നേഹത്തിന്റെ കരുതൽ
Tuesday, June 25, 2019 1:51 PM IST
പരിക്കേറ്റതിനെ തുടർന്ന് ഫാർമസിയിലേക്ക് കയറി വന്ന തെരുവ് നായയ്ക്ക് ജീവനക്കാരി മരുന്ന് വച്ച് കെട്ടി നൽകുന്നതിന്റെ ദൃശ്യങ്ങൾ കൈയടി നേടുന്നു. തുർക്കിയിലെ ഇസ്താംബുളിലാണ് സംഭവം. മൃഗസ്നേഹിയായ ബാനു എന്ന സ്ത്രീയാണ് ഈ ഫാർമസിയുടെ ഉടമ.
തെരുവ് നായകൾക്ക് കിടക്കാനുള്ള സൗകര്യമെല്ലാം ഇവർ ഈ ഫാർമസിയിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ പതിവായി വരാറുള്ള ഒരു തെരുവ് നായയാണ് പരിക്കേറ്റപ്പോൾ ചികിത്സയ്ക്കായി തനിയെ ഇവിടെ എത്തിയത്.
ഫാർമസിയുടെ വാതിൽക്കൽ വന്ന് നിന്ന നായയെ കണ്ടപ്പോൾ തന്നെ ബാനു അടുക്കലെത്തി നായയുടെ സമീപം ഇരുന്നു. ഉടൻ തന്നെ നായ പരിക്കേറ്റ കാൽ ഇവർക്കു നേരെ നീട്ടി. ഇതു കണ്ട ബാനു നായയുടെ കാലിൽ മരുന്ന് വച്ച് കെട്ടുകയായിരുന്നു.
ഫാർമസിയിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ വൈറലായി മാറുകയാണ്.