ബഹിരാകാശത്ത് ബിസിനസ് പാർക്ക് തുടങ്ങാൻ ജെഫ് ബെസോസ്, ഹോട്ടലും..
Tuesday, October 26, 2021 10:24 AM IST
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിൻ ബഹിരാകാശത്ത് വാണിജ്യ നിലയം തുടങ്ങാനുള്ള പദ്ധതികൾ ആരംഭിച്ചു. പത്തുവർഷത്തിനകം "ഓർബിറ്റൽ റീഫ്' എന്ന് പേരിട്ടിരിക്കുന്ന നിലയത്തിന്റെ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
സ്റ്റേഷൻ ബഹിരാകാശത്ത് ഒരു "മിക്സഡ് യൂസ് ബിസിനസ്' പാർക്ക് ആയിരിക്കുമെന്നും പത്തുപേർക്ക് ഇതിൽ കഴിയാമെന്നും കമ്പനി പുറത്തുവിട്ട വാഗ്ദാനങ്ങളിൽ പറയുന്നു. നിലയത്തിന്റെ നിർമാണത്തിനായി സിയറ സ്പേസ്, ബോയിംഗ് എന്നിവയുമായും ബ്ലൂ ഒറിജിൻ സഹകരിക്കും.
32,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ നിലയം ഉപഭോക്താക്കൾക്ക് സിനിമാ നിർമാണത്തിനും അത്യാധുനിക ഗവേഷണം നടത്തുന്നതിനും ഉപയോഗിക്കാം. സ്പേസ് ഹോട്ടലിനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തും. പദ്ധതിക്കായി ഒരു ബില്യൺ ഡോളർ (726 മില്യൺ പൗണ്ട്) ചിലവഴിക്കാനാണ് ബെസോസിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഒറിജിൻ കമ്പനിയുടെ തീരുമാനം.