വീട് ഉയരുന്നതു കണ്ടോ, മൂന്നടി മുകളിലേക്ക്!
അങ്ങനെ പതിയെ പതിയെ ആ വീട് ഉയരുകയാണ്. മൂന്നടി മുകളിലേക്ക്. ഒരു ട്രക്കിനെ ജാക്കിയിൽ വച്ച് ഉയർത്തുന്നതുപോലെ രണ്ടായിരത്തിയഞ്ഞൂറിലധികം ചതുരശ്രയടി വിസ്തൃതിയുള്ള ഒരു രണ്ടു നില വീട് മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.

പറവൂരിൽ ഉള്ളായംപിള്ളി പ്രീതിനിവാസിൽ മനോജിന്‍റെ വീട് ആണ് തറനിരപ്പിൽനിന്നും മൂന്ന് അടി കൂടി ഉയർത്തുന്നത്. വീട് ഉയർത്തുന്ന ജോലി തകൃതിയായി നടക്കുന്പോൾ മനോജും ഭാര്യയും ഡിഗ്രി വിദ്യാർഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബം മുകൾ നിലയിലെ പതിവുപോലെ താമസം തുടരുകയാണ്. കലൂരിൽ ഒപ്പ്ടുമി ബിൽഡേഴ്സ് എന്ന പേരിൽ വീട് ഉയർത്തി നൽകുന്ന സ്ഥാപനം നടത്തുന്ന ആഷിക് ഇബ്രാഹിമാണ് തൊഴിലാളികളെ എത്തിച്ചു വീട് ഉയർത്തിക്കൊണ്ടിരിക്കുന്നത്.

തറയും ഭിത്തിയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷമാണ് വീട് ഉയർത്തുന്നത്. വീടിന്‍റെ ഭാരം മുഴുവൻ ഇരുമ്പ് പ്ലേറ്റിനു താഴെ നൂറുകണക്കായ ജാക്കികളിൽ വിന്യസിക്കും. തുടർന്ന് അമ്പതോളം തൊഴിലാളികൾനിന്ന് ഒരേ താളത്തിൽ ജാക്കികൾ ഉയർത്തുന്നു. നാലു മണിക്കൂർ സമയമെടുത്താണ് ഒരു സെന്‍റിമീറ്റർ ഉയരം വർധിപ്പിക്കുക.

വീട് ഉയർന്നു മാറിയ അത്രയും തറ ഭാഗം സിമന്‍റ് കട്ടകെട്ടി ഉറപ്പാക്കിയ ശേഷമാണ് വീണ്ടും ജാക്കി ഉപയോഗിച്ചു വീട് ഉയർത്തുക. ആവശ്യമായ ഉയരം ആകുന്നതുവരെ ഈ പ്രക്രിയ തുടരും. മനോജിന്‍റെ വീട് മൂന്ന് അടിയാണ് ഉയർത്തുക. ഇതിന് ഏകദേശം 60 ദിവസം വേണ്ടി വരും.2018ലെ പ്രളയത്തിൽ വീടിന്‍റെ ഉള്ളിൽ ഒരടി വെള്ളം കയറിയതും തുടർന്ന് എല്ലാ മഴക്കാലത്തും ഒരടി എങ്കിലും വെള്ളം മുറ്റത്ത് ഉയരുന്നതുമാണ് വീട് ഉയർത്താൻ എന്ന തീരുമാനത്തിലേക്കു നീങ്ങാൻ കാരണമെന്നു മനോജ് പറയുന്നു.

അക്വോവെൻഞ്ചേഴ്സ് എന്ന പേരിൽ സ്വിമ്മിംഗ് പൂൾ നിർമിച്ചു നൽകുന്ന കരാറുകാരനാണ് മനോജ്. ആഷിക് ഇബ്രാഹിം കഴിഞ്ഞ ഒൻപതു വർഷത്തിനിടയിൽ ഇങ്ങനെ നിരവധി വീടുകൾ ഉയർത്തിക്കഴിഞ്ഞു. വെണ്ണലയിലെ കാവ്യ മാധവന്‍റെ വീട്, മെഡിക്കൽ ട്രസ്റ്റ് ഉടമ
സേവ്യറിന്‍റെ സൗത്തിലെ വീട്, കോട്ടയം കുമരകത്തെ 130 വർഷം പഴക്കമുള്ള വീട് എന്നിവ ആഷിക് സുരക്ഷിതമായി ഉയർത്തി നൽകിയിട്ടുണ്ട്.

ഉയരത്തിന്‍റെ കാര്യത്തിൽ 5 നിലയും വിസ്തൃതിയുടെ കാര്യത്തിൽ 20,000 ചതുരശ്ര അടിയുമാണ് ഉയർത്തിയ വിടുകളിലെ വമ്പൻമാർ. പറവൂരിൽ ആദ്യമായിട്ടാണ് വീട് ഉയർത്തൽ പരിപാടി നടക്കുന്നത്.

റിപ്പോർട്ട്: വർഗീസ് മാണിയാറ, നോർത്ത് പറവൂർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.