ഇവളാണ് മിടുമിടുക്കി! ചരിത്രത്തിലേക്ക് ലാൻഡ് ചെയ്ത് തീരദേശത്തിന്റെ സ്വന്തം ജെനി; ആശംസയുമായി കേരളം
Monday, May 24, 2021 1:46 PM IST
ജന്മനാടായ കേരളത്തിലേക്ക് വിമാനം പറത്തി കേരളത്തിന്റെ അഭിമാനമായി മാറിയ മലയാളി വനിതാ പൈലറ്റ് ജെനി ജെറോമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്. സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാത്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണ്.
സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അതു സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങൾക്കു പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്. പെണ്‍കുട്ടികൾക്ക് പിന്തുണ നൽകുന്ന ആ മാതൃക ഏറ്റെടുക്കാൻ സമൂഹം ഒന്നാകെ തയാറാകണം- ജെനിയെ അഭിന്ദിച്ചു കൊണ്ടു മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.
ഞായറാഴ്ച രാത്രി 10.25നു ഷാർജയിൽനിന്ന് തിരുവനന്തപുരത്തേക്കു പറന്നിറങ്ങിയ എയർ അറേബ്യ വിമാനത്തിന്റെ സഹപൈലറ്റായി വിമാനം നിയന്ത്രിച്ച ജെനിക്ക് സമൂഹമാധ്യമങ്ങൾ വഴി നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്.
വളരെ ചെറുപ്പത്തിൽതന്നെ പൈലറ്റ് ആകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മകൾക്ക് എല്ലാ പിന്തുണയും നൽകിയത് പിതാവ് ജെറോം ജോറിസ് ആണ്. ചെറുപ്പം മുതൽ ജെനി കുടുംബത്തോടൊപ്പം ഷാർജയിലാണു താമസം. തന്റെ സ്വപ്നങ്ങളിലേക്കു ചിറകുവിരിച്ചു പറക്കാൻ അച്ഛനൊപ്പം അമ്മ ബിയാട്രീസും സഹോദരൻ ജെബിയും ജെനിയെ പിന്തുണച്ചു.
ജന്മനാട്ടിൽ വിമാനവുമായി പറന്നിറങ്ങണമെന്ന ജനിയുടെ ജീവിതമോഹം ഇന്നലെ സഫലമായപ്പോൾ മലയാളികൾക്കൊന്നാകെയും അത് അഭിമാനത്തിന്റെ നിമിഷങ്ങളായി.